വിവാഹത്തിന് നിര്‍ബന്ധിച്ചു; കാമുകിയായ യുവനടിയെ കൊന്ന് മാൻഹോളിൽ തള്ളി കോൺക്രീറ്റ് ചെയ്തു, പൂജാരിക്ക് ജീവപര്യന്തം
കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി 10 ലക്ഷം രൂപ പിഴയും വിധിച്ചു


ഹൈദരാബാദ്: ടെലിവിഷൻ താരത്തെ കൊലപ്പെടുത്തിയ കേസിൽ പൂജാരിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈദരാബാദ് കോടതി. വെങ്കിട്ട് സൂര്യ സായ് കൃഷ്ണ എന്ന സായ് കൃഷ്ണ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി 10 ലക്ഷം രൂപ പിഴയും വിധിച്ചു. 2023 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം.
സായ് കൃഷ്ണ നേരത്തെ വിവാഹിതനായിരുന്നു. കൊലപ്പെട്ട കുരുഗന്തി അപ്സരയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി സായ് കൃഷ്ണയോട് ആവശ്യപ്പെടുകയും വിവാഹം കഴിച്ചില്ലെങ്കിൽ പീഡനവിവരം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ സായ് അപ്സരയെ കൊലപ്പെടുത്താൻ തീരുമാനിച്ചു. വിവാഹത്തിനായി അപ്‌സര സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് സായ് കൃഷ്ണ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പ്രതി പൂജാരിയായിരുന്ന ക്ഷേത്രത്തിൽ അപ്‌സരയുടെ അമ്മ പതിവായി പോകാറുണ്ടായിരുന്നു. ഇങ്ങനെയാണ് സായ് കൃഷ്ണയും അപ്സരയും തമ്മിൽ പരിചയപ്പെടുന്നത്. 2023ലാണ് ഇരുവരും അടുപ്പത്തിലാകുന്നത്. 2023 ജൂൺ 3 ന്, പ്രതി നടിയെ വീട്ടിൽ നിന്ന് ഒരു കാറിൽ കൂട്ടിക്കൊണ്ടുപോയി, ഒരു കവർ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും തലയിൽ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സരൂർനഗറിലെ വീട്ടിലേക്ക് മടങ്ങിയ ശേഷം രണ്ട് ദിവസം മൃതദേഹം കാറിന്‍റെ ഡിക്കിക്കുള്ളിൽ സൂക്ഷിക്കുകയും കാര്‍ പാര്‍ക്കിംഗ് സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തു. ദുര്‍ഗന്ധം തടയാനായി എല്ലാ ദിവസവും കാറിൽ റൂം ഫ്രഷ്നര്‍ തളിക്കുകയും ചെയ്തു. പിന്നീട്, വീടിനടുത്തുള്ള ഒരു സർക്കാർ ഓഫീസ് സമുച്ചയത്തിലെ ഒരു മാൻഹോളിൽ മൃതദേഹം തള്ളി, തുടര്‍ന്ന് മണൽ നിറച്ച് സിമന്‍റ് ഉപയോഗിച്ച് അടച്ചതായി പൊലീസ് പറഞ്ഞു. തുടർന്ന് സായ് കൃഷ്ണ രണ്ട് ടിപ്പർ ലോഡ് ചുവന്ന മണ്ണ് കൊണ്ടുവന്ന് മാൻഹോൾ മൂടി. അപ്സരയുടെ ഹാന്‍ഡ് ബാഗും മറ്റ് വസ്തുക്കളും കത്തിക്കുകയും ചെയ്തു. അതിനുശേഷം കാർ കഴുകി അപ്പാർട്ട്മെന്‍റിൽ പാർക്ക് ചെയ്തു. പിറ്റേന്ന് അദ്ദേഹം സ്ഥലം സന്ദർശിച്ചപ്പോൾ ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, മാൻഹോൾ കോൺക്രീറ്റ് ഉപയോഗിച്ച് മൂടാൻ അദ്ദേഹം കുറച്ച് തൊഴിലാളികളെ ഏര്‍പ്പാടാക്കിയെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
തുടർന്ന് സായ് കൃഷ്ണ യുവതിയുടെ അമ്മയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി മകളെ കാണാനില്ലെന്ന് പരാതി നൽകി. സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.