തന്നെ ഭയക്കുന്നത് കൊണ്ടാണ് ബിജെപി വേട്ടയാടുന്നതെന്ന് സിദ്ധരാമയ്യ

കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ രാജിവെക്കില്ലെന്നും കേസിൽ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Update: 2024-09-27 11:20 GMT
Advertising

ബെം​ഗളൂരു: ബെം​ഗളൂരു: തന്നെ ഭയക്കുന്നത് കൊണ്ടാണ് പ്രതിപക്ഷമായ ബിജെപി വേട്ടയാടുന്നതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മു‍‍ഡ ഭൂമിയിടപാട് കേസ് തനിക്കെതിരായ ആദ്യ രാഷ്ട്രീയ കേസ് ആണെന്നും സിദ്ധരാമയ്യ പറഞ്ഞു. മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസിൽ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാമെന്ന ക‍ർണാടക കോടതി ഉത്തരവിട്ടതിനു പിന്നാലെ രാജിയാവശ്യം ശക്തമാക്കി പ്രതിപക്ഷമായ ബിജെപി രം​ഗത്തെത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ രാജിവെക്കില്ലെന്നും കേസിൽ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര ഏജൻസികളെയും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവർണർ ഓഫീസിനെയും കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച അദ്ദേഹം, ഭരണത്തിൽ ഗവർണർമാരുടെ ഇടപെടലിനെക്കുറിച്ച് ദേശീയ ചർച്ച ആവശ്യമാണെന്നും ആവശ്യപ്പെട്ടു.

'ഞാനൊരു തെറ്റും ചെയ്തിട്ടില്ല. എനിക്കെതിരെ ഇതാദ്യമായാണ് ഒരു രാഷ്ട്രീയ കേസ് രജിസ്റ്റർ ചെയ്യുന്നത്. ഇതൊരു രാഷ്ട്രീയ കേസാണ്. അത് അടിവരയിടണം'- സിദ്ധരാമയ്യ മൈസൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്തുകൊണ്ടാണ് നിങ്ങൾ വേട്ടയാടപ്പെടുന്നത് എന്ന ചോദ്യത്തിന്, അവർ തന്നെ ഭയപ്പെടുന്നത് കൊണ്ടാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

കേസുമായി ബന്ധപ്പെട്ട് പ്രത്യേക കോടതി ഉത്തരവിനെ തുടർന്ന് ലോകായുക്ത പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാനിരിക്കെ, പാർട്ടി പ്രവർത്തകരുടെയും അനുയായികളുടെയും സ്വീകരണം ഏറ്റുവാങ്ങാൻ മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് സിദ്ധരാമയ്യ മൈസൂരിലെത്തിയത്.

ബുധനാഴ്ചയാണ്, മുഡ ഭൂമിയിടപാട് കേസിൽ സിദ്ധരാമയ്യയ്‌ക്കെതിരെ ലോകായുക്ത പൊലീസ് അന്വേഷണത്തിന് ബെംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടത്. മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ ഭൂമി അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന കേസിലാണ് വിധി. സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാമെന്ന ​ഗവർണരുടെ നിർദേശം ചോദ്യംചെയ്തുള്ള അദ്ദേഹത്തിന്റെ ഹരജി തള്ളിയായിരുന്നു കോടതി ഉത്തരവ്.

താൻ പ്രതിയോ പങ്കാളിയോ അല്ലാത്ത ഭൂമി ഇടപാടിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ നടപടി ചട്ടവിരുദ്ധമെന്ന് കാണിച്ചായിരുന്നു സിദ്ധരാമയ്യയുടെ ഹരജി. എന്നാൽ അസാധാരണ സാഹചര്യത്തിൽ ഗവർണർക്ക് സ്വന്തം നിലയിൽ തീരുമാനമെടുക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്. സിദ്ധരാമയ്യയുടെ ഭാര്യ ബി.എം പാർവതിക്ക് മൈസൂരുവിൽ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 50 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നുമായിരുന്നു കേസ്. 



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News