'135 സീറ്റിൽ ഞാൻ സന്തുഷ്ടനല്ല, ഒരു കാരണവശാലും എന്റെയോ സിദ്ധരാമയ്യയുടെയോ വീട്ടിൽ ഒത്തുകൂടരുത്'; കോൺഗ്രസ് പ്രവർത്തകരോട് ഡി.കെ ശിവകുമാർ

'ഏത് നേതാവിന് എന്ത് സംഭവിച്ചാലും പാർട്ടിക്ക് പ്രഥമ പരിഗണന നൽകണം'

Update: 2023-05-21 11:09 GMT
Editor : Lissy P | By : Web Desk
Advertising

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വൻ വിജയത്തിൽ സന്തുഷ്ടനല്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ബംഗൂരുവിൽ നടന്ന രാജീവ് ഗാന്ധി അനുസ്മര ചടങ്ങിൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

'നിയമസഭാ തെരഞ്ഞെടുപ്പിൽ നമുക്ക് 135 സീറ്റുകൾ ലഭിച്ചു, പക്ഷേ ഞാൻ അതിൽ സന്തുഷ്ടനല്ല. കോൺഗ്രസ് പ്രവർത്തകർ ഒരുകാരണവശാലും എന്റെയോ സിദ്ധരാമയ്യയുടെയോ വീട്ടിൽ ഒത്തുകൂടരുത്. നമ്മുടെ അടുത്ത ലക്ഷ്യം ലോക്സഭാ തെരഞ്ഞെടുപ്പാണ്. അതിൽ നമുക്ക് നന്നായി പോരാടണം.. ' ശിവകുമാർ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം നടന്ന രാജീവ് ഗാന്ധിയുടെ 32-ാം ചരമവാർഷികത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ശിവകുമാറും ബെംഗളൂരുവിലെ കെപിസിസി ഓഫീസിലായിരുന്നു ആദരാഞ്ജലികൾ അർപ്പിച്ചത്.

2024 ലെ പൊതുതെരഞ്ഞെടുപ്പിൽ അച്ചടക്കം പാലിക്കാനും പ്രവർത്തിക്കാനും കോൺഗ്രസ് പ്രവർത്തകരോട് ഡി.കെ അഭ്യർത്ഥിച്ചു. 'പാർട്ടിയിലെ അംഗങ്ങൾ അച്ചടക്കം പാലിക്കണം. നിർണായക സമയത്ത് ശരിയായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇനി മുതൽ എല്ലാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് പാർട്ടി മികച്ച പ്രകടനം നടത്തണം, നമ്മൾ എല്ലാവരും കഠിനാധ്വാനം ചെയ്യണം. ഇതൊരു തുടക്കം മാത്രമാണ്, ഒരു ജയം കൊണ്ട് മടിയനാകരുത്. ' ഡി.കെ പറഞ്ഞു.

'ഒരു കാരണവശാലും എന്റെ വീട്ടിലോ സിദ്ധരാമയ്യയുടെ വീട്ടിലോ ഒത്തുകൂടരുത്. സംസ്ഥാനത്ത് സമാധാനം നിലനിർത്തുകയും അടുത്ത അഞ്ച് വർഷത്തേക്ക് ശക്തമായ ഭരണം ജനങ്ങൾക്ക് നൽകണം. ഏത് നേതാവിനും എന്ത് സംഭവിച്ചാലും പാർട്ടിക്ക് പ്രഥമ പരിഗണന നൽകണം, പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നതിന് മാത്രമേ ഫലം ലഭിക്കൂ,' അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടക മുഖ്യമന്ത്രിയാരാകും എന്നതിനെ ചൊല്ലി ചർച്ചകൾ നടന്നുകൊണ്ടിരിക്കെ സിദ്ധരാമയ്യയുടെയും ഡി.കെ ശിവകുമാറിന്റെയും അനുയായികൾ ഇരുനേതാക്കൾക്കും വേണ്ടി മുറവിളി കൂട്ടിയിരുന്നു. ഈ കാര്യത്തെ കുറിച്ചാണ് ഡി.കെ പരോക്ഷമായി സൂചിപ്പിച്ചത്.

ശനിയാഴ്ചയാണ് കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മേയ് 10ന് നടന്ന തെരഞ്ഞെടുപ്പിലാണ് 135 സീറ്റുകൾ നേടി കോൺഗ്രസ് വൻവിജയം നേടിയത്.  ബിജെപിക്ക് 66 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News