സത്യേന്ദർ ജെയിനിന് 10 കോടി ഉൾപ്പടെ ആം ആദ്മി പാർട്ടിക്ക് 60 കോടി നൽകി; ഗുരുതര ആരോപണങ്ങളുമായി സുകേഷ് ചന്ദ്രശേഖർ
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ നിന്നും മോർബി പാലം ദുരന്തത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ലക്ഷ്യമാണെന്ന് അരവിന്ദ് കെജ്‍രിവാള്‍
ന്യൂഡൽഹി: ഡൽഹി മന്ത്രി സത്യേന്ദർ ജെയിന് 10 കോടി രൂപ ഉൾപ്പെടെ ആം ആദ്മി പാർട്ടിക്ക് കോടികൾ കൈക്കൂലി നൽകിയെന്ന് 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ സുകേഷ് ചന്ദ്രശേഖറിന്റെ വെളിപ്പെടുത്തൽ. ഡൽഹി ലഫ്റ്റണന്റ് ഗവർണർ വി.കെ സക്‌സേനയ്ക്ക് സുകേഷ് എഴുതിയ കത്തിലാണ് വിവാദവെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
സത്യേന്ദർ ജെയിനെ 2015 മുതൽ തനിക്കറിയാമെന്നും വികെ സക്‌സേനയ്ക്ക് എഴുതിയ കത്തിൽ പറയുന്നു. ദക്ഷിണേന്ത്യയിലെ സുപ്രധാന പദവി നൽകാമെന്ന് ആംആദ്മി പാർട്ടി വാഗ്ദാനം ചെയ്തുവെന്നും അതിനായി 50 കോടി രൂപ പാർട്ടിക്ക് നൽകിയെന്നും കത്തിലുണ്ട്. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാമെന്നും വാഗ്ദാനം ലഭിച്ചിരുന്നതായി സുകേഷ് പരാതിയില്‍ പറയുന്നു.
ഉന്നത വ്യക്തികളിൽ നിന്ന് പണം തട്ടിയ കേസിൽ 2017 മുതൽ സുകേഷ് ചന്ദ്രശേഖർ ജയിലിലാണ്. 2017-ൽ അറസ്റ്റിനുശേഷം തിഹാർ ജയിലിൽ അടച്ചെന്നും അന്ന് ജയിൽ മന്ത്രിയായിരുന്ന സത്യേന്ദർ ജെയിൻ ഒന്നിലധികം തവണ സന്ദർശിച്ചെന്നും സുകേഷ് പറയുന്നു. 2019 ൽ വീണ്ടും ജെയിൻ എന്നെ സന്ദർശിച്ചു. അദ്ദേഹത്തിന്റെ സെക്രട്ടറി 500 രൂപ നൽകാൻ ആവശ്യപ്പെട്ടു. ജയിലിനുള്ളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും സംരക്ഷണ തുകയായും പ്രതിമാസം 2 കോടി രൂപ നൽകുന്നുണ്ട്,'' അഭിഭാഷകൻ മുഖേന അയച്ച കത്തിൽ സുകേഷ് പറയുന്നു. സത്യേന്ദര്‍ ജെയിന്റെ സഹായിയായ ചതുര്‍വേദി എന്നയാളിലൂടെ കൊല്‍ക്കത്ത വഴിയാണ് പണമിടപാട് നടന്നതെന്നും 10 കോടി രൂപ സത്യേന്ദര്‍ ജെയിനും ജയില്‍ ഡി.ജി. സന്ദീപ് ഗോയലിന് 12.50 കോടിരൂപയും നല്‍കിയെന്നാണ് സുകേഷ് പരാതിയില്‍ പറയുന്നു.
എന്നാൽ ഈ വാദങ്ങൾ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‍രിവാള്‍ തള്ളി. ആരോപണങ്ങൾ തെറ്റാണെന്നും ഗുജറാത്ത് തെരഞ്ഞെടുപ്പിൽ നിന്നും മോർബി പാലം ദുരന്തത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ ലക്ഷ്യമിട്ട് ബി.ജെ.പി മനപ്പൂർവം കെട്ടിച്ചമച്ച ആരോപണങ്ങളാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി അവർ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ വർഷങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് സമയത്ത് അവർക്ക് ഒന്നും ചെയ്യേണ്ടിവന്നില്ല. ബിജെപിയും കോൺഗ്രസും ഒത്തുചേർന്ന് പ്രവർത്തിച്ചു. ഇത്തവണ ആം ആദ്മി പാർട്ടി കാരണം അവർ ബുദ്ധിമുട്ടുകയാണ്. സത്യേന്ദർ ജെയിനിനെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ ഒരു തട്ടിപ്പുകാരനെ ബി.ജെ.പി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിൽ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങളാണ് ബി.ജെ.പിയും ആം ആദ്മി പാർട്ടിയും നടത്തുന്നത്. അതിനിടയിലേക്കാണ് പുതിയ ആരോപണമെത്തുന്നത്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ സത്യേന്ദർ ജെയിൻ മെയ് മുതൽ ജയിലിലാണ്.