'കങ്കണയുടെ വിടുവായത്തങ്ങൾ ന്യായീകരിക്കേണ്ടത് സംഘികൾ'; തന്‍റെ പണി അതല്ലെന്ന് മഹുവ മൊയ്ത്ര

യുക്തിയോടെ ചിന്തിക്കുന്ന ഓരോ ഇന്ത്യക്കാർക്കും വേണ്ടി സംസാരിക്കാനാണ് തന്നെ തെരഞ്ഞെടുത്തതെന്നും മഹുവ പറഞ്ഞു

Update: 2021-11-18 04:17 GMT
Advertising

നടി കങ്കണ റണാവത്തിന്‍റെ വിടുവായത്തങ്ങള്‍ ന്യായീകരിക്കേണ്ടത് സംഘികളുടെ ബാധ്യതയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. യുക്തിയോടെ ചിന്തിക്കുന്ന ഓരോ ഇന്ത്യക്കാര്‍ക്കും വേണ്ടി സംസാരിക്കാനാണ് തന്നെ തെരഞ്ഞെടുത്തതെന്നും മഹുവ എന്‍.ഡി.ടി.വിക്ക് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി. കൊമേഡിയന്‍ വീര്‍ ദാസിന്‍റെ 'രണ്ടു തരം ഇന്ത്യ' പരാമര്‍ശം വിവാദമായപ്പോള്‍ വീര്‍ ദാസിനെ പിന്തുണച്ച് മഹുവ രംഗത്തെത്തിയിരുന്നു. എന്നാല്‍, കങ്കണയുടെ വിഷയത്തില്‍ എന്തുതരം പ്രതികരണമാണ് നടത്തുകയെന്ന ചോദ്യത്തിനാണ് മഹുവ നിലപാട് വ്യക്തമാക്കിയത്. 

ബോളിവുഡ് നടനും കൊമേഡിയനുമായ വീര്‍ ദാസ് വാഷിംഗ്ടണിലെ ജോണ്‍ എഫ് കെന്നഡി സെന്ററില്‍ നടത്തിയ സ്റ്റാന്‍ഡ് അപ്പ് കോമഡി പരിപാടി ഇന്ത്യയെ അപമാനിക്കുന്നതാണെന്നായിരുന്നു ബി.ജെ.പിയുടെ പരാതി. 'ഞാന്‍ രണ്ട് തരം ഇന്ത്യയില്‍ നിന്നാണ് വരുന്നത്' എന്ന തലക്കെട്ടിലായിരുന്നു പരിപാടിയുടെ വീഡിയോ പ്രചരിച്ചത്. കോവിഡ്, ബലാത്സംഗ കേസുകള്‍, കൊമേഡിയന്മാര്‍ക്കെതിരെയുള്ള കേസുകളും നടപടികളും, കര്‍ഷക സമരം എന്നിവയൊക്കെ പരാമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു വീഡിയോ.

രാജ്യത്തെ അപമാനിച്ച് പണം കണ്ടെത്തുകയാണ് വീര്‍ ദാസെന്നായിരുന്നു സംഘ്പരിവാര്‍ വൃത്തങ്ങള്‍ പ്രധാനമായും ആരോപിച്ചത്. അതേസമയം, തന്റെ ഉദ്ദേശം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുക മാത്രമായിരുന്നു. തന്റെ രാജ്യം മഹത്തരമാണെന്നും വീര്‍ ദാസ് പ്രതികരിച്ചു. ആ വീഡിയോ ഒരു ആക്ഷേപ ഹാസ്യമാണ്. ഒരേ ഇന്ത്യയില്‍ തന്നെ രണ്ട് വ്യത്യസ്ത കാര്യങ്ങള്‍ ചെയ്യുന്നതിനെ പരിഹസിച്ചതാണെന്നും വീര്‍ ദാസ് വ്യക്തമാക്കിയിരുന്നു. 

കങ്കണയുടെ, '1947ൽ ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല. ഭിക്ഷയായിരുന്നു. രാജ്യത്തിന് യഥാർഥത്തിൽ സ്വാതന്ത്ര്യം കിട്ടിയത് 2014ലാണ്' എന്ന പരാമര്‍ശമായിരുന്നു അടുത്തിടെ വിവാദമായത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റിൽ സംസാരിക്കവെയായിരുന്നു പരാമര്‍ശം. ഇതിനു പിന്നാലെ കങ്കണയുടെ പത്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടി നേതാക്കളും സാംസ്‌കാരിക പ്രവർത്തകരുമടക്കം പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

'I can't stand up for every nutter': Mahua Moitra on backlash against Kangana 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News