'ആരാണ് റാണി മാ? ഇവിടെ രാജയും റാണിയുമൊന്നുമില്ല: ബിജെപി സ്ഥാനാർത്ഥിക്കെതിരെ മഹുവ മൊയ്ത്ര
"കൃഷ്ണനഗറിലെ ബിജെപി സ്ഥാനാർത്ഥിയുടെ പേര് അമൃത റോയ് എന്നാണ്"
കൊൽക്കത്ത: കൃഷ്ണനഗറിലെ ബിജെപി സ്ഥാനാർത്ഥി അമൃത റോയിയെ റാണി മാ എന്ന് അഭിസംബോധന ചെയ്യുന്നതിനെതിരെ തൃണമൂൽ സ്ഥാനാർത്ഥി മഹുവ മൊയ്ത്ര. ഇന്ത്യ ജനാധിപത്യ രാഷ്ട്രമായതോടെ രാജയും റാണിയും ഇല്ലാതായെന്ന് മഹുവ പ്രതികരിച്ചു.
'ആരാണ് റാണി മാ എന്നനിക്കിറിയില്ല. കൃഷ്ണനഗറിലെ ബിജെപി സ്ഥാനാർത്ഥിയുടെ പേര് അമൃത റോയ് എന്നാണ്. ഇന്ത്യ ജനാധിപത്യ രാഷ്ട്രമാണെന്ന് ഭരണഘടന നിർവചിച്ചിട്ടുണ്ട്. ബംഗാളികൾക്ക് അറിയുന്ന ഒരേയൊരു രാജ, രാജാ റാം മോഹൻ റോയ് ആണ്. നമ്മളറിയുന്ന ഏക റാണി, റാണി റാഷ്‌മോണിയും.' - മഹുവ പറഞ്ഞു.
സ്വാതന്ത്ര്യത്തിന് മുമ്പ് ബംഗാളിലെ രാജകുടുംബമായ കൃഷ്ണനഗർ രാജ്ബരിയിലെ മുതിർന്ന അംഗമാണ് അമൃത റോയ്. രാജ്മാതാ (റാണി മാ) അമൃത റോയ് എന്നാണ് ബിജെപി നേതാക്കൾ ഇവരെ വിശേഷിപ്പിക്കുന്നത്. ഇതിനെ വിമർശിച്ചാണ് മഹുവയുടെ അഭിപ്രായ പ്രകടനം.
2019 ലെ തെരഞ്ഞെടുപ്പിൽ 63,218 വോട്ടിന്റെ ഭൂരിപക്ഷത്തിന് മഹുവ ജയിച്ച മണ്ഡലമാണിത്. ബിജെപിയുടെ കല്യാൺ ചൗബേയെ ആണ് ഇവർ പരാജയപ്പെടുത്തിയിരുന്നത്. കടുത്ത ബിജെപി വിമർശകയായ മഹുവയെ പാർലമെന്റിൽ നിന്ന് ഇടക്കാലത്തു വച്ച് പുറത്താക്കിയത് വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. ഇതിനെതിരെ ഇവർ നൽകിയ ഹരജി സുപ്രിം കോടതിയുടെ പരിഗണനയിലാണ്.