നിങ്ങളെന്തിനാണ് ഇടക്കിടെ പോയി വരുന്നത്, സ്ഥിരമായി എന്റെ വീട്ടിൽ താമസിക്കൂ...; കേന്ദ്ര ഏജൻസികളെ പരിഹസിച്ച് തേജസ്വി യാദവ്
റെയിൽവേ മന്ത്രിയായിരിക്കെ സ്വകാര്യ കമ്പനിയെ വഴിവിട്ടു സഹായിച്ചെന്ന് ആരോപിച്ച് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി, തേജസ്വി യാദവ് എന്നിവർക്കെതിരെ സിബിഐ കേസെടുത്തിരുന്നു.
ന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസികളെ ഭയമില്ലെന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ഇ.ഡി അടക്കമുള്ള അന്വേഷണ ഏജൻസികളെ ബിഹാറിൽ വന്ന് താമസിക്കാൻ താൻ ക്ഷണിക്കുകയാണെന്നും എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
''എന്റെ വീട്ടിൽ ഒരു ഓഫീസ് തുറക്കാൻ അന്വേഷണ ഏജൻസികളെ ഞാൻ ക്ഷണിക്കുകയാണ്. നിങ്ങളുടെ ചാനലിലൂടെ ഞാൻ അവരെ ക്ഷണിക്കുന്നു. ഇ.ഡി, സിബിഐ, ഇൻകം ടാക്‌സ് ദയവായി കടന്നുവരണം, എത്രകാലം വേണമെങ്കിലും ഇവിടെ താമസിക്കാം. എന്തിനാണ് തിരിച്ചുപോയി രണ്ടു മാസത്തിന് ശേഷം റെയ്ഡിന് വരുന്നത്? ഇവിടെ താമസിക്കൂ, അതാണ് എളുപ്പം''- തേജസ്വി യാദവ് പറഞ്ഞു. ബിജെപിയുടെ പോഷക സംഘടനപോലെയാണ് ദേശീയ അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്നതെന്നും തേജസ്വി കുറ്റപ്പെടുത്തി.
ബുധനാഴ്ചയാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തേജസ്വി യാദവാണ് പുതിയ ഉപമുഖ്യമന്ത്രി. റെയിൽവേ മന്ത്രിയായിരിക്കെ സ്വകാര്യ കമ്പനിയെ വഴിവിട്ടു സഹായിച്ചെന്ന് ആരോപിച്ച് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി, തേജസ്വി യാദവ് എന്നിവർക്കെതിരെ സിബിഐ കേസെടുത്തിരുന്നു.
നിതീഷ് കുമാറിന്റെ മുന്നണി മാറ്റം സ്വാഭാവികമായി സംഭവിച്ചതാണെന്നും അതിൽ ആസൂത്രിതമായി ഒന്നുമില്ലെന്നും തേജസ്വി യാദവ് പറഞ്ഞു. എൻഡിഎ സഖ്യത്തിൽ നിതീഷ് കുമാർ അസ്വസ്ഥനായിരുന്നു. ഒടുവിൽ അനിവാര്യമായത് സംഭവിച്ചു, മുഴുവൻ പ്രതിപക്ഷ പാർട്ടികളും ഒരുമിക്കണം. ഇപ്പോൾ തന്നെ വളരെ വൈകിപ്പോയെന്നും തേജസ്വി യാദവ് പറഞ്ഞു.