'മോദിയെ എംഎയ്ക്ക് പഠിക്കുന്ന കാലത്ത് ഞാൻ കണ്ടിട്ടുണ്ട്': ജേണലിസ്റ്റ് ഷീലാ ഭട്ട്
"പിന്നീട് അഭിഭാഷകനായി മാറിയ മോദിയുടെ ഒരു സഹപാഠിയെ കുറിച്ചും എനിക്കറിയാം"
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന കാലത്ത് താൻ അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്ന് വെറ്ററൻ ജേണലിസ്റ്റ് ഷീലാ ഭട്ട്. 1981ലായിരുന്നു അതെന്നും എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
'1981ൽ എംഎയ്ക്ക് പഠിക്കുന്ന സമയത്താണ് ഞാൻ മോദിയെ ആദ്യം കാണുന്നത്. പ്രൊഫസർ പ്രവീൺ സേഠ് ആയിരുന്നു ഞങ്ങളുടെ മെന്റർ. നന്നായി പഠിക്കുന്നയാളായിരുന്നു അദ്ദേഹം. അക്കാര്യത്തെ കുറിച്ച് എനിക്ക് ധാരാളം പറയാനുണ്ട്. എന്നാൽ സമയമില്ല. പിന്നീട് അഭിഭാഷകനായി മാറിയ മോദിയുടെ ഒരു സഹപാഠിയെ കുറിച്ചും എനിക്കറിയാം. മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് അരവിന്ദ് കെജ്‌രിവാളും കോൺഗ്രസ് നേതാക്കളും ട്വിറ്ററിൽ ചിലത് എഴുതിയപ്പോൾ ഞാൻ അദ്ദേഹത്തെ ഫോൺ വിളിച്ച് ഇതേക്കുറിച്ച് ചോദിച്ചിരുന്നു. എന്നാൽ അദ്ദേഹം മൗനം പാലിക്കുകയായിരുന്നു.' - ഷീലാ ഭട്ട് പറഞ്ഞു.
ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളാണ് മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ വ്യാജമാണ് എന്നാരോപിച്ചിരുന്നത്. ഡൽഹി യൂണിവേഴ്‌സിറ്റിലെ പൊളിറ്റിക്കൽ സയൻസ് കോഴ്‌സിന് മോദി പഠിച്ച തെളിവില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഇന്ത്യൻ എക്‌സ്പ്രസ്, ദൈനിക് ഭാസ്‌കർ തുടങ്ങിയ മാധ്യമങ്ങളിൽ ജോലി ചെയ്ത മാധ്യമപ്രവർത്തകയാണ് ഷീലാ ഭട്ട്. ഇല്ലസ്ട്രേറ്റഡ് വീക്കിലിക്ക് വേണ്ടി അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ ഷീല ഇന്റർവ്യൂ ചെയ്തത് നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.