'ബിജെപിയിൽ ചേരാൻ നിർബന്ധിച്ചു, ഞാനൊരിക്കലും കുനിയില്ല'; പ്രതികരിച്ച് അരവിന്ദ് കെജ്‌രിവാൾ

'നല്ല സ്‌കൂളുകൾ പണിതതാണ് മനീഷ് സിസോദിയ ചെയ്ത തെറ്റ്. സത്യേന്ദർ ജെയ്‌നാകട്ടെ നല്ല ആശുപത്രികളും മൊഹല്ല ക്ലിനിക്കുകളും നിർമിച്ചു'

Update: 2024-02-04 10:49 GMT
Advertising

ന്യൂഡൽഹി: തന്നോട് ബിജെപിയിൽ ചേരാൻ ആവശ്യപ്പെട്ടെന്ന് ഡൽഹി മുഖ്യമന്ത്രി ആംആദ്മി പാർട്ടി തലവനുമായ അരവിന്ദ് കെജ്‌രിവാൾ. ആംആദ്മി എംഎൽഎമാരെ പണം നൽകി കൂടെക്കൂട്ടാൻ ബിജെപി ശ്രമം നടത്തുന്നതായുള്ള ആരോപണം ഉയർന്നിരിക്കെയാണ് കെജ്‌രിവാളിന്റെ പ്രതികരണം.

'ഞങ്ങൾക്കെതിരെ അവർക്ക് എന്ത് ഗൂഢാലോചനയും നടത്താം. ഞാൻ ഉറച്ചുനിൽക്കുന്നു, ഞാനൊരിക്കലും കുനിയില്ല. ബിജെപിയിൽ ചേരാൻ അവർ എന്നോട് പറയുന്നു, അങ്ങനെയാണെങ്കിൽ എന്നെ വെറുതെ വിടുമെന്നും പറയുന്നു. ഞാൻ പറഞ്ഞു; ഞാനൊരിക്കലും ബിജെപിയിലേക്ക് പോകില്ല. ഒരിക്കലും ബിജെപിയിൽ ചേരില്ല' കെജ്‌രിവാൾ ഡൽഹിയിലെ രോഹിണിയിലുള്ള ഒരു സ്‌കൂളിൽ നടന്ന തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കവേ വ്യക്തമാക്കി.

'നിങ്ങൾ ബിജെപിയിൽ ചേർന്നാൽ എല്ലാ കുറ്റങ്ങൾക്കും മാപ്പ് കിട്ടും. ഞങ്ങൾ എന്ത് തെറ്റാണ് ചെയ്തത്. സ്‌കൂളുകളും ആശുപത്രികളും റോഡുകളും നിർമിച്ചതും അഴുക്കുചാൽ നവീകരിച്ചതുമാണോ തെറ്റ്? അത് കുറ്റമാണോ' കെജ്‌രിവാൾ ചോദിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തങ്ങളുടെ ബജറ്റിന്റെ നാല് ശതമാനം മാത്രമാണ് വർഷത്തിൽ സ്‌കൂളിനും ആശുപത്രിക്കും നൽകുന്നതെന്നും എന്നാൽ ഡൽഹി സർക്കാർ 40 ശതമാനം അനുവദിക്കുന്നുവെന്നും കെജ്‌രിവാൾ അവകാശപ്പെട്ടു.

'ഇന്ന് എല്ലാ ഏജൻസികളും ഞങ്ങൾക്ക് പിറകെയാണ്. നല്ല സ്‌കൂളുകൾ പണിതതാണ് മനീഷ് സിസോദിയ ചെയ്ത തെറ്റ്. സത്യേന്ദർ ജെയ്‌നാകട്ടെ നല്ല ആശുപത്രികളും മൊഹല്ല ക്ലിനിക്കുകളും നിർമിച്ചു. നല്ല സ്‌കൂളുണ്ടാക്കാൻ ശ്രമിച്ചില്ലായിരുന്നുവെങ്കിൽ സിസോദിയ അറസ്റ്റിലാകുമായിരുന്നില്ല. അവർ എല്ലാ ഗൂഢാലോചനയും നടത്തി. പക്ഷേ ഞങ്ങളെ പിന്തിരിപ്പിക്കാനായില്ല' കെജ്‌രിവാൾ പറഞ്ഞു. ജനങ്ങളുടെ ഇഷ്ടവും ആശീർവാദവും തങ്ങൾക്കുണ്ടെന്നും മറ്റൊന്നും വേണ്ടെന്നും കെജ്‌രിവാൾ പറഞ്ഞു.

എംഎൽഎമാരെ ബിജെപി വശത്താക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് കെജ്‌രിവാളിനും എഎപി മന്ത്രി അതിഷിക്കും ഡൽഹി പൊലീസ് നോട്ടീസയച്ചിരുന്നു. ഇതിന് ശേഷമാണ് കെജ്‌രിവാളിന്റെ പ്രതികരണം. 25 കോടി വാഗ്ദാനം ചെയ്ത് ഏഴ് എഎപി എംഎൽഎമാരെ വശത്താക്കാൻ ബിജെപി ശ്രമിച്ചെന്ന് നേരത്തെ കെജ്‌രിവാൾ ആരോപിച്ചിരുന്നു.

I will never join BJP: Delhi Chief Minister and Aam Aadmi Party President Arvind Kejriwal

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News