'ഞാൻ ഇന്ദിരയുടെ മരുമകൾ, ആരെയും ഭയമില്ല'; പ്രതികരിച്ച് സോണിയ
ഇ.ഡി അന്വേഷണത്തിനെതിരെ പ്രതിപക്ഷത്തെ ഒന്നിച്ചു നിർത്തിയുള്ള പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്
ന്യൂഡൽഹി: താൻ ഇന്ദിരാഗാന്ധിയുടെ മരുമകളാണെന്നും ആരെയും ഭയക്കുന്നില്ലെന്നും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്യാനിരിക്കെ, ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസാണ് സോണിയയുടെ പ്രതികരണം ട്വിറ്ററിൽ പങ്കുവച്ചത്. വനിതാ ഉദ്യോഗസ്ഥ അടങ്ങുന്ന അഞ്ചംഗ സംഘമാണ് കേസിൽ കോൺഗ്രസ് അധ്യക്ഷയെ ചോദ്യം ചെയ്യുക.
'ഞാൻ ഇന്ദിരാജിയുടെ മരുമകളാണ്. ആരെയും ഭയക്കുന്നില്ല' എന്നാണ് അവര്‍ വീഡിയോയില്‍ പറയുന്നത്. വിഷയത്തിൽ പ്രതിപക്ഷത്തെ ഒന്നിച്ചു നിർത്തിയുള്ള പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന യോഗത്തിൽ 13 പ്രതിപക്ഷ കക്ഷികൾ പങ്കെടുത്തു. സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ് എന്നാണ് പ്രതിപക്ഷ ആരോപണം.
കേസിൽ നേരത്തെ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഇ.ഡി അമ്പത് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് മുമ്പോടിയായി വൻ സുരക്ഷയാണ് ഡൽഹി പൊലീസ് ഒരുക്കിയിട്ടുള്ളത്. നഗരത്തിലെ എല്ലാ റോഡുകളും പൊലീസ് നിയന്ത്രണത്തിലാണ്. കോൺഗ്രസ് ആസ്ഥാനത്തിനു മുമ്പിലും ഇഡി ഓഫീസിന് മുമ്പിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
കോവിഡിനെ തുടർന്നുള്ള ശാരീരിക പ്രശ്‌നങ്ങൾ ഉള്ളതിനാൽ വീട്ടിലെത്തി മൊഴി എടുക്കാമെന്ന് ഇ.ഡി അറിയിച്ചിരുന്നെങ്കിലും ഓഫിസിൽ ഹാജരാകാമെന്ന് സോണിയ മറുപടി നൽകുകയായിരുന്നു. എഐസിസി ആസ്ഥാനത്തേക്ക് എത്തുന്ന എംപിമാർ, പ്രവർത്തക സമിതി അംഗങ്ങൾ, സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കൾ, മുഖ്യമന്ത്രിമാർ എന്നിവർ സോണിയയെ അനുഗമിക്കുന്നുണ്ട്. ഡൽഹി പൊലീസ് മുമ്പിൽവച്ച ബാരിക്കേഡുകൾ തകർത്താണ് കോൺഗ്രസ് പ്രവർത്തകർ സോണിയയെ അനുഗമിച്ചത്.