കള്ളപ്പണക്കേസ്: ജാർഖണ്ഡ് ഖനന സെക്രട്ടറി പൂജ സിംഗാളിനെ സര്‍വീസില്‍ നിന്ന് സസ്‌പെൻറ് ചെയ്തു

ഇഡിയുടെ അറസ്റ്റിന് പിന്നാലെയാണ് സർക്കാർ നടപടി

Update: 2022-05-12 09:59 GMT
Editor : Lissy P | By : Web Desk
Advertising

ഡൽഹി: കള്ളപ്പണക്കേസിൽ അറസ്റ്റിലായ  ഖനന വകുപ്പ് സെക്രട്ടറി പൂജ സിംഗാളിനെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസസിൽ (ഐഎഎസ്) നിന്ന് സസ്‌പെൻഡ് ചെയ്തതായി സംസ്ഥാന സർക്കാർ അറിയിച്ചു. ഈ കേസിൽ പൂജ സിംഗാളിനെ കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സർക്കാർ നടപടി.

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 18 കോടി രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. രണ്ടുദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ വൈകിട്ടാണ് പൂജയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച പൂജാ സിംഗാളിന്റെ അടുത്ത വ്യക്തികളുടെ ഓഫീസുകളിലും വീടുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. 19.31 കോടി രൂപയാണ് റെയ്ഡിൽ നിന്ന് ഇഡി പിടിച്ചെടുത്തത്. പൂജയുടെ ചാർട്ടേഡ് അക്കൗണ്ടൻറിന്റെ വീട്ടിൽ നിന്ന് 17.51 കോടി രൂപയും പിടിച്ചെടുത്തിരുന്നു. നഗരത്തിലെ മറ്റൊരിടത്ത് നിന്ന് 1.8 കോടിയോളം രൂപ കണ്ടെടുത്തിരുന്നു.

വൻ സാമ്പത്തിക തട്ടിപ്പിൽ ഖനന വകുപ്പ് സെക്രട്ടറിയെ അറസ്റ്റ് ചെയ്തിട്ടും മുഖ്യമന്ത്രി ഹേമന്ദ് സോറ ഇവർക്കെതിരെ നടപടിയെടുക്കാൻ തയ്യാറായില്ലെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തതയാണ് പൂജ സിംഗാളെന്നും ഇതുകൊണ്ടാണ് നടപടിയെടുക്കാത്തതെന്നുമായിരുന്നു വിമർശനം. ഇതിന് പിന്നാലെയാണ് സർവീസിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്യാൻ തീരുമാനിച്ചത്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News