കോൺഗ്രസ് എന്റെ നിർദേശം മാനിച്ചാൽ ബി.ജെ.പിയുടെ സീറ്റുകൾ നൂറിൽ താഴെയാകും: നിതീഷ് കുമാർ
സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലാത്തവർ ഇപ്പോൾ ചരിത്രം മാറ്റിയെഴുതാൻ ശ്രമിക്കുകയാണെന്ന് നിതീഷ് കുമാർ പറഞ്ഞു.
പട്‌ന: കോൺഗ്രസ് നേതൃത്വം തന്റെ നിർദേശങ്ങൾ മാനിച്ചാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സീറ്റുകൾ നൂറിൽ താഴെയാകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സി.പി.ഐ (എം.എൽ) ദേശീയ കൺവൻഷനിലായിരുന്നു നിതീഷിന്റെ പ്രഖ്യാപനം.
കോൺഗ്രസ് മുൻകയ്യെടുത്ത് പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചുകൂട്ടി പ്രതിപക്ഷ ഐക്യ പ്രഖ്യാപനം നടത്തണം. ഏതൊക്കെ സംസ്ഥാനത്തിൽ ആരുമായെല്ലാം സഖ്യത്തിൽ മത്സരിക്കണമെന്ന കാര്യം കോൺഗ്രസ് എത്രയും വേഗം തീരുമാനിക്കണം. ഇക്കാര്യത്തിൽ താൻ കോൺഗ്രസിന്റെ പ്രതികരണം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ആർജിച്ച ശക്തി നഷ്ടപ്പെടാതെ നോക്കണമെന്നും നിതീഷ് പറഞ്ഞു. യാത്ര വലിയ മുന്നേറ്റമാണ് സൃഷ്ടിച്ചതെന്നും കോൺഗ്രസ് സൃഷ്ടിച്ചത്. താൻ എൻ.ഡി.എ വിട്ടതോടെ ബിഹാറിൽ കൂടുതൽ ശക്തിനേടാനുള്ള ബി.ജെ.പിയുടെ പ്രതീക്ഷകൾ തകർന്നെന്നും നിതീഷ് കുമാർ പറഞ്ഞു.
സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലാത്തവർ ഇപ്പോൾ ചരിത്രം മാറ്റിയെഴുതാൻ ശ്രമിക്കുകയാണെന്ന് ആർ.എസ്.എസിനെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് നിതീഷ് കുമാർ പറഞ്ഞു. വിയോജിപ്പിന്റെ സ്വരങ്ങളെ ദേശീയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിതീഷ് കുമാറിന്റെ അതേ നിലപാടാണ് പ്രതിപക്ഷ ഐക്യത്തിൽ തങ്ങൾക്കുള്ളതെന്ന് കൺവൻഷനിൽ സംസാരിച്ച കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് പറഞ്ഞു. പ്രണയത്തിലെപ്പോലെ ആരാദ്യം പറയുമെന്ന പ്രശ്‌നം മാത്രമാണുള്ളത്. പ്രതിപക്ഷ ഐക്യ പ്രഖ്യാപനമുണ്ടായാൽ രാജ്യത്തെ രാഷ്ട്രീയ ചിത്രം മാറും. നിതീഷ് കുമാറിന്റെ നിർദേശം താൻ കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിക്കുമെന്നും സൽമാൻ ഖുർഷിദ് അറിയിച്ചു.