ഇന്ത്യാ ഗേറ്റിന്റെ പേര് 'ഭാരത് മാതാ ദ്വാർ' എന്നാക്കണം; പ്രധാനമന്ത്രിക്ക് ബിജെപി നേതാവിന്റെ കത്ത്

ബിജെപി ന്യൂനപക്ഷ മോർച്ച ചെയർമാൻ ജമാൽ സിദ്ദീഖിയാണ് കത്തയച്ചത്.

Update: 2025-01-06 18:28 GMT
Advertising

ന്യൂഡൽഹി: ഇന്ത്യാ ഗേറ്റിന്റെ പേര് 'ഭാരത് മാതാ ദ്വാർ' എന്നാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബിജെപി നേതാവിന്റെ കത്ത്. ബിജെപി ന്യൂനപക്ഷ മോർച്ച ചെയർമാൻ ജമാൽ സിദ്ദീഖിയാണ് കത്തയച്ചത്.

താങ്കളുടെ നേതൃത്വത്തിൽ 140 കോടി ഇന്ത്യൻ സഹോദരീ സഹോദരന്മാരുടെ ഹൃദയങ്ങളിൽ ദേശസ്നേഹത്തിന്റെയും ഇന്ത്യൻ സംസ്‌കാരത്തോടുള്ള അർപ്പണബോധത്തിന്റെയും വികാരം വളർന്നു. മുഗൾ ആക്രമണകാരികളും കൊള്ളക്കാരായ ബ്രിട്ടീഷുകാരും ഏൽപ്പിച്ച മുറിവുകൾ ഉണങ്ങുകയും നിങ്ങളുടെ ഭരണകാലത്ത് അടിമത്തത്തിന്റെ മുറിവുകൾ കഴുകുകയും ചെയ്ത രീതി ഇന്ത്യയെ മുഴുവൻ സന്തോഷിപ്പിക്കുന്നു.

ക്രൂരനായ മുഗൾ ഔറംഗസേബിന്റെ പേരിലുള്ള റോഡിന് എപിജെ കലാം റോഡ് എന്ന് നിങ്ങൾ പുനർനാമകരണം ചെയ്തു, ഇന്ത്യാ ഗേറ്റിൽ നിന്ന് ജോർജ് അഞ്ചാമൻ രാജാവിന്റെ പ്രതിമ മാറ്റി പകരം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിച്ചു, രാജ്പഥിനെ കർത്തവ്യ പാത എന്ന് പുനർനാമകരണം ചെയ്ത് ഇന്ത്യയുടെ സംസ്‌കാരത്തെ ബന്ധിപ്പിച്ചു. അതുപോലെ, ഇന്ത്യാ ഗേറ്റിന്റെ പേര് 'ഭാരത് മാതാ ദ്വാർ' എന്നാക്കി മാറ്റണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു-ജമാൽ സിദ്ദീഖി കത്തിൽ പറഞ്ഞു.

ഇന്ത്യാ ഗേറ്റിനെ 'ഭാരത് മാതാ ദ്വാർ' എന്ന് പുനർനാമകരണം ചെയ്യുന്നത് സ്തംഭത്തിൽ പേരുകൾ ആലേഖനം ചെയ്ത ആയിരക്കണക്കിന് രക്തസാക്ഷികൾക്കുള്ള യഥാർഥ ആദരാഞ്ജലിയാകുമെന്നും ജമാൽ സിദ്ദീഖി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News