ഇന്ത്യ ആദിവാസികളുടേതും ദ്രാവിഡന്മാരുടേതുമാണ്; മോദി-ഷാമാരുടേതല്ല- അസദുദ്ദീൻ ഉവൈസി
ശിവസേന എം.പി സഞ്ജയ് റാവത്തിനു വേണ്ടി പ്രധാനമന്ത്രിയെ കണ്ട ശരത് പവാർ എന്തുകൊണ്ട് മഹാരാഷ്ട്രാ മന്ത്രി നവാബ് മാലിക്കിനു വേണ്ടി മോദിയെ കാണുന്നില്ലെന്നും ഉവൈസി ചോദിച്ചു
മുംബൈ: ഇന്ത്യ മോദി-ഷാമാരുടേതോ താക്കറെയുടേതോ അല്ലെന്നും ആദിവാസികളുടേതും ദ്രാവിഡന്മാരുടേതുമാണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. ബി.ജെ.പിയും ആർ.എസ്.എസും മുഗളന്മാർക്കു പിന്നാലെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ ഭിവണ്ഡിയിൽ പാർട്ടി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ എന്റേതോ താക്കറെയുടേതോ മോദി-ഷാമാരുടേതോ അല്ല. ഇന്ത്യ ആർക്കെങ്കിലും സ്വന്തമാണെങ്കിൽ അത് ആദിവാസികളും ദ്രാവിഡന്മാരുമാണ്. എന്നാൽ, ബി.ജെ.പിയും ആർ.എസ്.എസും മുഗളന്മാർക്കു പിന്നാലെയാണ്. ആഫ്രിക്കയിൽനിന്നും ഇറാനിൽനിന്നും മധ്യേഷ്യയിൽനിന്നും കിഴക്കനേഷ്യയിൽനിന്നുമെല്ലാം ആളുകൾ കുടിയേറിയാണ് ഇന്ത്യ രൂപപ്പട്ടത്-പ്രസംഗത്തിൽ ഉവൈസി വ്യക്തമാക്കി.
എൻ.സി.പി അധ്യക്ഷൻ ശരത് പവാറിനെയും ഉവൈസി വിമർശിച്ചു. ശിവസേനാ എം.പി സഞ്ജയ് റാവത്തിനു വേണ്ടി ചെയ്തതു പോലെ എന്തുകൊണ്ട് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനു വേണ്ടി പവാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നില്ലെന്ന് ഉവൈസി ചോദിച്ചു. ''ബി.ജെ.പിയും എൻ.സി.പിയും കോൺഗ്രസും എസ്.പിയുമെല്ലാം മതേതര പാർട്ടികളാണ്. അവർ ജയിലിൽ പോയ്ക്കൂടാ എന്നാണ് അവർ കരുതുന്നത്. എന്നാൽ, ഏതെങ്കിലും മുസ്‌ലിം പാർട്ടി അംഗങ്ങൾ പോയാൽ അവർക്ക് ഒരു പ്രശ്‌നവുമില്ല. സഞ്ജയ് റാവത്തിനെതിരെ നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയയാളാണ് എൻ.സി.പി തലവൻ ശരത് പവാർ. എന്തുകൊണ്ട് നവാബ് മാലിക്കിനു വേണ്ടി അദ്ദേഹം അങ്ങനെ ചെയ്യുന്നില്ലെന്ന് ഞാൻ എൻ.സി.പി പ്രവർത്തകരോട് ചോദിക്കുകയാണ്.'' ഉവൈസി കൂട്ടിച്ചേർത്തു.
സഞ്ജയ് റാവത്തിലും താഴ്ന്നയാളാണോ നവാബ് മാലിക്? എന്തുകൊണ്ട് താങ്കൾ നവാബ് മാലിക്കിനു വേണ്ടി സംസാരിക്കുന്നില്ല, പവാർ? അദ്ദേഹമൊരു മുസ്‌ലിമായതുകൊണ്ടാണോ അത്? റാവത്തും മാലിക്കും തുല്യരല്ലേ?-ഉവൈസി തുടർന്നു.
Summary: ''If India belongs to anyone, it's Dravidians, Adivasis'', says AIMIM chief Asaduddin Owaisi