'മോദിക്ക് റഷ്യ- യുക്രൈൻ യുദ്ധം തടയാനാവുമെങ്കിൽ എന്തുകൊണ്ട് കർഷകരോട് സംസാരിച്ചുകൂടാ?'; പഞ്ചാബ് മുഖ്യമന്ത്രി

വിളകൾക്ക് മിനിമം താങ്ങുവിലയ്ക്കുള്ള നിയമപരമായ പരിരക്ഷ ഉൾപ്പെടെയാണ് കർഷകർ ആവശ്യപ്പെടുന്നത്.

Update: 2024-12-24 12:27 GMT
Advertising

ചണ്ഡീ​ഗഢ്: ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരുടെ ആവശ്യങ്ങൾ പരി​ഹരിക്കാത്തതിൽ പ്രധാനമന്ത്രിക്കും കേന്ദ്രത്തിനുമെതിരെ രൂക്ഷവിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മൻ. കേന്ദ്രം പിടിവാശി ഉപേക്ഷിക്കണമെന്നും കർഷകരുമായി ചർച്ചയ്ക്ക് തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിളകൾക്ക് മിനിമം താങ്ങുവിലയ്ക്കുള്ള നിയമപരമായ പരിരക്ഷ ഉൾപ്പെടെയാണ് കർഷകർ ആവശ്യപ്പെടുന്നത്.

'കേന്ദ്ര സർക്കാർ പഴയ പിടിവാശി ഉപേക്ഷിച്ച് കർഷക സംഘടനകളുമായി ചർച്ചയ്ക്ക് വഴി തുറക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റഷ്യ- യുക്രൈൻ യുദ്ധം തടയാനാവുമെങ്കിൽ ഡൽഹിയിൽനിന്ന് വെറും 200 കി.മീ അകലെ സമരം ചെയ്യുന്ന കർഷകരോട് സംസാരിക്കാൻ കഴിയില്ലേ?. നിങ്ങൾ ഏത് സമയത്തിനാണ് കാത്തിരിക്കുന്നത്?'- പഞ്ചാബ് മുഖ്യമന്ത്രി എക്സ് പോസ്റ്റിലൂടെ ചോദിച്ചു. 

സംയുക്ത കിസാൻ മോർച്ചയുടെയും കിസാൻ മസ്ദൂർ മോർച്ചയുടേയും നേതൃത്വത്തിൽ ഡൽഹിയിലേക്കുള്ള മാർച്ച് സുരക്ഷാ സേന തടഞ്ഞതിനെത്തുടർന്ന് ഫെബ്രുവരി 13 മുതൽ പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു, ഖനൗരി അതിർത്തികളിൽ സമരം തുടരുകയാണ് കർഷകർ. ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചാബിൽ നിന്നുള്ള കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാൾ നവംബർ 26 മുതൽ ഖനൗരി അതിർത്തിയിൽ നിരാഹാര സമരം നടത്തിവരികയാണ്.

ഇതിനിടെ, കർഷകർ ഡൽഹി ചലോ മാർച്ച് കർഷകർ പുനരാരംഭിച്ചെങ്കിലും സുരക്ഷാ സേന തടഞ്ഞിരുന്നു. 101 കർഷകരുടെ സംഘമാണ് ഡൽഹിയിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ചത്. എന്നാൽ ഹരിയാനയിൽ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. പ്രതിഷേധിക്കുന്ന കർഷകരുമായി ചർച്ച നടത്തണമെന്ന് നേരത്തെയും ഭ​ഗവന്ത് മൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് കേന്ദ്രത്തിൻ്റെ കടമയാണെന്നും ഏത് പ്രശ്‌നവും ചർച്ചയിലൂടെ പരിഹരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

താങ്ങുവിലയ്ക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കുക, കർഷകർക്കും കർഷക തൊഴിലാളികൾക്കും പെൻഷൻ അനുവദിക്കുക, വൈദ്യുതി നിരക്ക് വർധിപ്പിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ സമരം തുടരുന്നത്. വിഷയത്തിൽ ചർച്ച നടത്താൻ സർക്കാരിൽ നിന്ന് യാതൊരു നീക്കവും ഉണ്ടായിട്ടില്ലെന്നും അത്തരത്തിൽ യാതൊരു സന്ദേശങ്ങളും കേന്ദ്രത്തിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും നേതാക്കൾ പ്രതികരിച്ചിരുന്നു.


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News