'2011ൽ മോദിജി പ്രധാനമന്ത്രി ആയിരുന്നെങ്കിൽ'; ക്രിക്കറ്റ് ലോകകപ്പ് ട്രോൾ വീഡിയോ വൈറൽ
'ധോണിയുടെ ഐക്കണിക് സിക്സര്‍ മുഹൂര്‍ത്തത്തിനിടെയാണ് മോദിയുടെ രംഗപ്രവേശം'
ചന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങുന്ന ലൈവ് സംപ്രേക്ഷണത്തിനിടെ ഐസ്ആർഒ ശാസ്ത്രജ്ഞരെ അഭിമുഖീകരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തെ ട്രോൾ ചെയ്ത് വീഡിയോ. 2011ൽ ഇന്ത്യയുടെ ക്രിക്കറ്റ് ലോകകപ്പ് കിരീട നേട്ടത്തിന്റെ വീഡിയോയിൽ മോദിയെ വച്ചാണ് ട്രോളന്മാർ ആഘോഷമാക്കിയത്. '2011ൽ മോദിജി പ്രധാനമന്ത്രി ആയിരുന്നെങ്കിൽ' എന്ന തലക്കെട്ടോടെ സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ വൈറലാണ്.
മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരെയുള്ള ഫൈനലിൽ ധോണി സിക്‌സറടിച്ചു വിജയിപ്പിക്കുന്ന വീഡിയോയ്ക്ക് ഇടയിലാണ് മോദിയെ എഡിറ്റു ചെയ്ത് കയറ്റിയത്. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഐക്കണിക് മുഹൂർത്തമായി അറിയപ്പെടുന്നതാണ് ധോണിയുടെ ഈ സിക്‌സർ.
ലങ്കൻ പേസർ നുവാൻ കുലശേഖരയുടെ പന്തിലാണ് ധോണി സിക്‌സറടിച്ച് കളിയും കിരീടവും നേടിയത്. ധോണി ബാറ്റുവീശുന്നതു മാത്രമേ ട്രോള്‍ വീഡിയോയിൽ ഉള്ളൂ. അതിനു ശേഷം കാണിക്കുന്നത് മോദിയെയാണ്. പശ്ചാത്തലത്തിൽ ധോണി ഫിനിഷസ് ഓഫ് ഇൻ സ്റ്റൈൽ എന്ന രവിശാസ്ത്രിയുടെ വിഖ്യാതമായ കമന്ററി കേള്‍ക്കാം. അതു വഴി മാത്രമാണ് പന്ത് ഗ്യാലറിയിലെത്തി എന്ന് കാണിക്കള്‍ക്ക് അറിയാന്‍ കഴിയുന്നത്. ഡ്രസിങ് റൂമിലെ ടീമിന്റെ ആഘോഷത്തിനൊപ്പം മറുഭാഗത്ത് ത്രിവർണ പതാക വീശുന്ന മോദിയുടെ വീഡിയോയും ട്രോളിലുണ്ട്.
നേരത്തെ, ഐഎസ്ആർഒ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട മോദിയുടെ തീരുമാനം വിമർശിക്കപ്പെട്ടിരുന്നു. ശാസ്ത്രനേട്ടത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്നായിരുന്നു വിമർശം. രാജ്യം വിജയത്തിന്റെ ചാന്ദ്രപാതയിൽ സഞ്ചരിക്കുന്ന നിമിഷമാണ് ഇതെന്നും ഭൂമിയിലെ ദൃഢനിശ്ചയം ചന്ദ്രനിൽ സാക്ഷാത്കരിച്ചെന്നും മോദി പറഞ്ഞിരുന്നു.
'സ്വന്തം ചരിത്രം രചിക്കുന്നത് കൺമുമ്പിൽ കാണുമ്പോൾ ജീവിതം ധന്യമായിത്തീരുന്നു. ഇതുപോലുള്ള ചരിത്രസംഭവങ്ങൾ രാഷ്ട്രം ഉള്ള കാലത്തോളം സാഭിമാനം ഓർക്കപ്പെടും. ഈ നിമിഷം അവിസ്മരണീയവും അഭൂതപൂർവവുമാണ്. വികസിത ഭാരതത്തിന്റെ ശംഖനാദമാണിത്. പുതിയ ഭാരതത്തിന്റെ ജയാഘോഷവും. 140 കോടി ഹൃദയങ്ങളുടെ സാമർഥ്യം തിരിച്ചറിയുന്ന വേള കൂടിയാണിത്. നമ്മൾ ഭൂമിയിൽ ദൃഢനിശ്ചയമെടുത്തു. ചന്ദ്രനിൽ അത് സാക്ഷാത്കരിച്ചു' - മോദി പറഞ്ഞു.
ശിവശക്തി പോയിന്റ്
അതിനിടെ, വിദേശ സന്ദർശനം കഴിഞ്ഞ് തിരികെയെത്തിയ പ്രധാനമന്ത്രി ബംഗളൂരുവിലെത്തി ഐഎസ്ആർഒ ശാസ്ത്രജ്ഞരെ കണ്ടു. ചന്ദ്രയാന്റെ ചരിത്ര വിജയത്തിൽ അദ്ദേഹം ശാസ്ത്രജ്ഞരെ നേരിട്ടഭിനന്ദിച്ചു. ഐഎസ്ആർഒ ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിനിടെ ചന്ദ്രയാൻ 3 ഇറങ്ങിയ സ്ഥലത്തിന് അദ്ദേഹം ശിവശക്തി എന്ന പേരുമിട്ടു.
'ശിവശക്തി പോയിന്റ് വരും തലമുറകളെ പ്രചോദിപ്പിക്കും. എല്ലാ ഹൃദയത്തിലും വീട്ടിലുമെല്ലാം ത്രിവർണ പതാകയുണ്ടായിരുന്നു. ഇനിയിതാ ചന്ദ്രനിലും തിരംഗ. ശാസ്ത്രത്തെ മനുഷ്യകുലത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കണമെന്ന സന്ദേശമാണ് ഇതു നൽകുന്നത്. ചാന്ദ്രയാൻ 3 ദൗത്യം വിജയിപ്പിക്കുന്നതിൽ വനിതകളും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യയുടെ നേട്ടത്തിൽ ലോകത്തുടനീളമുള്ള ജനം വലിയ ആവേശത്തിലാണ്' - മോദി പറഞ്ഞു.
ചന്ദ്രയാൻ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുമ്പോൾ ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിലായിരുന്നു മോദി.