'ശക്തനായ സ്ഥാനാർഥി'; പ്രധാനമന്ത്രി സ്ഥാനാർഥിയായി നിതീഷ് കുമാറിന്റെ പേര് നിർദേശിച്ച് തേജസ്വി യാദവ്
പ്രതിപക്ഷ പാർട്ടികൾ അനുവദിച്ചാൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ശക്തനായ സ്ഥാനാർഥിയായിരിക്കും നിതീഷ് കുമാറെന്ന് വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ തേജസ്വി യാദവ് പറഞ്ഞു.
പട്‌ന: പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പേര് നിർദേശിച്ച് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. 2024ൽ പ്രതിപക്ഷത്തിന്റെ സംയുക്ത പ്രധാനമന്ത്രി സ്ഥാനാർഥിയായി നിതീഷ് കുമാർ വരുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ശരിവെച്ചുകൊണ്ട് തേജസ്വി യാദവ് നിതീഷിന്റെ പേര് നിർദേശിച്ചിരിക്കുന്നത്.
പ്രതിപക്ഷ പാർട്ടികൾ അനുവദിച്ചാൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ശക്തനായ സ്ഥാനാർഥിയായിരിക്കും നിതീഷ് കുമാറെന്ന് വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ തേജസ്വി യാദവ് പറഞ്ഞു. ജെഡിയു-ആർജെഡി സഖ്യത്തിൽ ബിഹാർ ജംഗിൾ രാജായെന്ന ബിജെപി വിമർശനത്തെ ദുർബലമായ വാദമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
എൻഡിഎ സഖ്യം വിട്ട നിതീഷ് കുമാർ ആഗസ്റ്റ് 10നാണ് വീണ്ടും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മഹാരാഷ്ട്രയിൽ മഹാ വികാസ് അഖാഡി സഖ്യസർക്കാറിനെ അട്ടിമറിച്ച ബിജെപിക്ക് കിട്ടിയ തിരിച്ചടിയായാണ് ബിഹാറിലെ രാഷ്ട്രീയ മാറ്റത്തെ പ്രതിപക്ഷം വിശേഷിപ്പിക്കുന്നത്. 2024ൽ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയാവുകയെന്ന ലക്ഷ്യം നിതീഷിന്റെ ചുവടുമാറ്റത്തിന് പിന്നിലുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.