നഗ്ന ഫോട്ടോഷൂട്ട് സ്വാതന്ത്ര്യമെങ്കില്‍ സ്വന്തം ഇഷ്ടപ്രകാരം ഹിജാബ് ധരിക്കുന്നതില്‍ എന്താണ് പ്രശ്നം? എസ്.പി എം.എല്‍.എ

നടന്‍ രണ്‍വീര്‍ സിങ്ങിന്‍റെ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് എം.എല്‍.എയുടെ പ്രതികരണം

Update: 2022-07-25 08:30 GMT
Advertising

നടന്‍റെ നഗ്ന ഫോട്ടോഷൂട്ട് ആവിഷ്കാര സ്വാതന്ത്ര്യമാണെന്നും ഹിജാബ് ധരിക്കുന്നത് സങ്കുചിത്വമാണെന്നും പറയുന്നതിലെ വൈരുധ്യം ചോദ്യംചെയ്ത് സമാജ്‌വാദി പാര്‍ട്ടി എം.എല്‍.എ അബു ആസ്മി. നടന്‍ രണ്‍വീര്‍ സിങ്ങിന്‍റെ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അബു ആസ്മിയുടെ പ്രതികരണം.

"നഗ്നമായ ശരീരം പ്രദർശിപ്പിക്കുന്നതിനെ കലയെന്നും സ്വാതന്ത്ര്യമെന്നും വിളിക്കുന്നുവെങ്കിൽ, എന്തിനാണ് ഒരു പെൺകുട്ടി അവളുടെ ഇഷ്ടപ്രകാരം ഹിജാബ് കൊണ്ട് ശരീരം മറയ്ക്കാൻ ആഗ്രഹിക്കുന്നത് വിലക്കുന്നത്? ഹിജാബ് ധരിക്കുന്നതിനെ അടിച്ചമർത്തലും മതപരമായ വിവേചനവുമെന്ന് വിളിക്കുന്നത് എന്തിനാണ്? നഗ്നചിത്രങ്ങൾ പരസ്യമാക്കുന്നത് സ്വാതന്ത്ര്യമാണെങ്കില്‍ എന്തുകൊണ്ട് ഹിജാബ് ധരിച്ചുകൂടാ?"- എന്നാണ് എം.എല്‍.എയുടെ ചോദ്യം. എസ്.പിയുടെ മഹാരാഷ്ട്ര യൂണിറ്റിന്‍റെ പ്രസിഡന്‍റ് കൂടിയാണ് അബു ആസ്മി.

ഈ വർഷം ആദ്യം കർണാടകയിലുണ്ടായ ഹിജാബ് വിവാദമാണ് അബു ആസ്മി ചൂണ്ടിക്കാട്ടിയത്. കര്‍ണാടകയിലെ ചില കോളജുകളില്‍ ഹിജാബിന് വിലക്ക് ഏര്‍പ്പെടുത്തിയത് വലിയ പ്രതിഷേധത്തിന് കാരണമായി. കോളജിന്‍റെ യൂണിഫോം നയം ചൂണ്ടിക്കാട്ടിയാണ് ഹിജാബ് വിലക്കിയത്. 2022 മാർച്ച് 15 ന് കർണാടക ഹൈക്കോടതി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ചു. ഹിജാബ് അത്യന്താപേക്ഷിതമായ മതപരമായ ആചാരമല്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഹൈക്കോടതി ഉത്തരവിനെതിരായ ഹരജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്.

പേപ്പർ മാസികയ്‌ക്കായി നടത്തിയ ഫോട്ടോഷൂട്ടിലാണ് 37കാരനായ രണ്‍വീര്‍ സിങ് ക്യാമറയ്‌ക്ക് മുന്നിൽ നഗ്നനായത്. 1972ല്‍ കോസ്മോപൊളിറ്റന്‍ മാസികയ്ക്കായി ബര്‍ട്ട് റെയ്നോള്‍ഡ് നടത്തിയ ഫോട്ടോഷൂട്ടിനുള്ള ആദരമെന്ന നിലയിലായിരുന്നു ഇത്. ഫോട്ടോകള്‍ രണ്‍വീര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ അഭിനന്ദിച്ചും വിമര്‍ശിച്ചും പ്രതികരണങ്ങളുണ്ടായി. ആവിഷ്കാര സ്വാതന്ത്ര്യമെന്ന് ഒരു വിഭാഗം പ്രശംസിച്ചപ്പോള്‍, നമ്മുടെ സംസ്കാരത്തിന് ചേര്‍ന്നതല്ലെന്ന വിമര്‍ശനം മറുപക്ഷത്ത് ഉയര്‍ന്നു.



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News