2021ല്‍ കശ്മീരില്‍ കൊല്ലപ്പെട്ടത് 189 ഭീകരര്‍, 41 സാധാരണക്കാര്‍; 44 സുരക്ഷാ സൈനികര്‍ക്കും വീരമൃത്യൂ
തുടര്‍ച്ചയായ ഏറ്റുമുട്ടലുകളും മരണങ്ങളും പ്രദേശവാസികളല്ലാത്തവരെയും കൂടിയേറിയ പണ്ഡിറ്റുകളെയും താഴ്വര വിടാന്‍ പ്രേരിപ്പിച്ചതായും ദ ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കശ്മീര്‍ താഴ്വര രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകള്‍ക്കും ആക്രമണങ്ങള്‍ക്കുമാണ് കഴിഞ്ഞ വര്‍ഷം സാക്ഷ്യം വഹിച്ചത്. 274 സംഭവങ്ങളിലായി നിരവധി സാധാരണക്കാര്‍ക്കും സുരക്ഷാ സൈനികര്‍ക്കും ഭീകരര്‍ക്കും താഴ്വരയില്‍ ജീവന്‍ നഷ്ടമായതായി ദ ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 189 ഭീകരരാണ് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടത്. താഴ്വരയില്‍ കൊല്ലപ്പെട്ട മിക്ക ഭീകരരും താഴ്വരാ നിവാസികളാണെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ഭീകരരില്‍ 15 ശതമാനം പുറമേ നിന്നുള്ളവരാണെന്നും കശ്മീര്‍ പൊലീസിനെ ഉദ്ധരിച്ച് ദ ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊല്ലപ്പെട്ട ഭീകരരെയെല്ലാം തന്നെ കശ്മീരിലെ ഒറ്റപ്പെട്ട പ്രദേശങ്ങളായ ബാരാമുള്ള, കുപ്‍വാര, ഗന്തര്‍ബാല്‍ എന്നിവിടങ്ങളിലാണ് അടക്കം ചെയ്തത്. 2020ല്‍ കോവിഡ് ആരംഭിച്ചതിന് ശേഷമാണ് കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് മൃതദേഹം കൈമാറാതെ സര്‍ക്കാര്‍ തലത്തില്‍ ഇത്തരത്തില്‍ അടക്കം ചെയ്യാന്‍ തീരുമാനിക്കുന്നത്.
2020ല്‍ 203ഉം 2019ല്‍ 160 ഉം 2018ല്‍ 257 ഭീകരരാണ് താഴ്വരയില്‍ കൊല്ലപ്പെട്ടത്. 2017ല്‍ 213 ഭീകരരും 2016ല്‍ 150 ഭീകരരുമാണ് സുരക്ഷാ സേനകളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട സാധാരണക്കാരായ 41 പേര്‍ സുരക്ഷാ സേനയുടെയും ഭീകരരുടെയും ഏറ്റുമുട്ടലുകള്‍ക്കിടയിലാണ് കൊല ചെയ്യപ്പെട്ടത്. 2019ല്‍ 42 ഉം 2020ല്‍ 33 ഉം സാധാരണക്കാരുമാണ് താഴ്വരയില്‍ കൊല്ലപ്പെട്ടിരുന്നത്. ഏറ്റുമുട്ടലുകള്‍ക്കിടെ 44 സുരക്ഷാ സൈനികര്‍ക്കും താഴ്വരയില്‍ ജീവന്‍ നഷ്ടമായി. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കശ്മീരില്‍ ഏറ്റവും കൂടുതല്‍ രക്തം പരന്നത്. 20 ഭീകരരും 12 സുരക്ഷാ സൈനികരും ഒക്ടോബറില്‍ മാത്രം ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടു. ഇതേ മാസം 13 സാധാരണക്കാരായ ആളുകള്‍ക്കും കശ്മീരില്‍ ജീവന്‍ നഷ്ടമായി. തുടര്‍ച്ചയായ ഏറ്റുമുട്ടലുകളും മരണങ്ങളും പ്രദേശവാസികളല്ലാത്തവരെയും കൂടിയേറിയ പണ്ഡിറ്റുകളെയും താഴ്വര വിടാന്‍ പ്രേരിപ്പിച്ചതായും ദ ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
താഴ്വരയിലെ സുരക്ഷാ സേനയുമായുള്ള മിക്ക ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെയും ഉത്തരവാദിത്തം ലഷ്കര്‍ ഇ ത്വയ്ബയുമായി ബന്ധമുള്ള ദ റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ഭീകരസംഘടനക്കാണെന്നും ദ ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കശ്മീര്‍ വിരുദ്ധരെയും സര്‍ക്കാരിന് വേണ്ടിയും ജോലി ചെയ്യുന്നവരെയാണ് ഈ ഭീകര സംഘടന ഉന്നമിട്ടതെന്നും റിപ്പോര്‍ട്ട് സൂചിപ്പിച്ചു.
അതെ സമയം ഭീകരസംഘടനയായ ദ റെസിസ്റ്റന്‍സ് ഫ്രണ്ടിന് ജൂലൈയില്‍ ഏറ്റവും വലിയ നഷ്ടവും സംഭവിച്ചു. 37 ഭീകരരാണ് ഈ ഒരൊറ്റ മാസം കശ്മീരില്‍ കൊല്ലപ്പെട്ടത്. ഇതേ മാസം 2 സുരക്ഷാ സൈനികരും ഒരു പ്രദേശവാസിയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയുണ്ടായി.
20 പൊലീസുകാര്‍ക്കും 2021ല്‍ കശ്മീരില്‍ ജീവന്‍ നഷ്ടമായി. 2019ല്‍ 11 പൊലീസുകാരായിരുന്നു കൊല്ലപ്പെട്ടത്. 2018ല്‍ ആണ് താഴ്വരയില്‍ ഏറ്റവും കൂടുതല്‍ പൊലീസുകാര്‍ക്ക് ജീവന്‍ നഷ്ടമായത്. 46 പേരാണ് ആ ഒരൊറ്റ വര്‍ഷം കൊല്ലപ്പെട്ടത്.
അതെ സമയം ദ ക്വിന്‍റ് പുറത്തുവിട്ട കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ സര്‍ക്കാര്‍ കണക്കുകള്‍ക്ക് വിരുദ്ധമാണ്. 2019 ആഗസ്റ്റ് 5 മുതല്‍ നവംബര്‍ 22 വരെ 496 ഏറ്റുമുട്ടല്‍ സംഭവങ്ങള്‍ നടന്നതായി കഴിഞ്ഞമാസം രാജ്യസഭയില്‍ സര്‍ക്കാര്‍ അറിയിച്ചു. ഇതേ കാലയളവില്‍ 96 സാധാരണക്കാരും 366 ഭീകരരും 81 സുരക്ഷാ സൈനികരും കശ്മീരില്‍ കൊല്ലപ്പെട്ടു.