'നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയത്തിൽ തെറ്റൊന്നും ചെയ്തിട്ടില്ല': മൂഡ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
മൈസൂരു നഗരവികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണ കേസിൽ മുഖ്യമന്ത്രിയുടെ രാജ്യ ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തുണ്ട്
ബംഗളൂരു: നാല് പതിറ്റാണ്ട് നീണ്ട തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
മൈസൂരു നഗരവികസന അതോറിറ്റി(മൂഡ)യുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണ കേസില്‍ മുഖ്യമന്ത്രിയുടെ രാജ്യ ആവശ്യപ്പെട്ട് ബി.ജെ.പി ഇന്ന് പ്രക്ഷോഭം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം.
തൻ്റെ രാഷ്ട്രീയ കരിയറിൽ മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ ആയിരുന്നുവെങ്കിലും വ്യക്തിപരമായ നേട്ടങ്ങൾക്കായി ഒരിക്കലും അധികാരം ദുരുപയോഗം ചെയ്തിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. രാഷ്ട്രീയത്തിൽ പാർട്ടികൾ പ്രതിഷേധിക്കുന്നത് സ്വാഭാവികമാണെന്നും അതിനാൽ അവർ പ്രതിഷേധിക്കട്ടെയെന്നും ബി.ജെ.പിയുടെ പ്രതിഷേധത്തെ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പറഞ്ഞു.
"എനിക്ക് ജുഡീഷ്യൽ സംവിധാനത്തിൽ പൂർണ്ണ വിശ്വാസമുണ്ട്. ഒരു ഹരജി സമർപ്പിച്ചിട്ടുണ്ട്, അതില്‍ വാദം കേൾക്കാൻ പോകുകയാണ്. ഗവർണർ അനുവദിച്ച പ്രോസിക്യൂഷൻ നടപടിയില്‍, ഇടക്കാല ആശ്വാസവും അതോടൊപ്പം നടപടി റദ്ദാക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗവർണറുടെ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി ഇന്ന് രാവിലെയാണ് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. ഗവർണറുടെ തീരുമാനം നിയമ വിരുദ്ധമാണെന്ന് കഴിഞ്ഞ ശനിയാഴ്ച സിദ്ധരാമയ്യ ട്വീറ്റ് ചെയ്തിരുന്നു. അത് കോടതിയിൽ ചോദ്യം ചെയ്യുമെന്നും രാജിവെക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു.
മൈസൂരു നഗരവികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണ കേസിൽ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ താവർ ചന്ദ് ഗെലോട്ട് അനുമതി നൽകിയതാണ് വന്‍ രാഷ്ട്രീയ വിവാദമായത്. അതേസമം ഗവര്‍ണര്‍ക്കെതിരെ മൈസൂരു ഉൾപ്പെടെയുള്ള ജില്ലാ ആസ്ഥാനങ്ങളിൽ കോണ്‍ഗ്രസിന്റെ നേതൃത്വത്തിന്റെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.