ഹരിയാനയിൽ കർഷകരുടെ ചൂടറിഞ്ഞ് ബിജെപി: സ്ഥാനാർഥിയെ ഓടിച്ചുവിട്ടു, ഒരിടത്ത് ചെരിപ്പേറ്‌

റാതിയ നിയമസഭാ മണ്ഡലത്തിലെ ബിജെപി വനിതാ സ്ഥാനാർഥി സുനിത ദുഗ്ഗലിനെയാണ് കർഷകർ ഓടിച്ചത്

Update: 2024-10-02 12:54 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഹരിയാനയിൽ ബിജെപിക്കെതിരെ കർഷക രോഷം. പ്രചാരണത്തിനെത്തിയ ബിജെപി സ്ഥാനാർഥികളെ കർഷകർ ഓടിച്ചുവിട്ടതും ചെരുപ്പ് എറിഞ്ഞതുമാണ് ഏറ്റവും പുതിയ സംഭവങ്ങള്‍. കര്‍ഷക പ്രതിഷേധങ്ങളെ അവഗണിച്ച് മുന്നോട്ടുപോയതാണ് ബിജെപിക്ക് വിനയായത്.

റാതിയ, ഹിസാർ എന്നീ നിയമസഭാ മണ്ഡലങ്ങളിൽ നിന്നാണ് ബിജെപി കർഷകരുടെയും പൊതുജനങ്ങളുടെയും ചൂട് കാര്യമയും അനുഭവിക്കുന്നത്. റാതിയയിലെ ബിജെപി വനിതാ സ്ഥാനാർഥി സുനിത ദുഗ്ഗലിനെയാണ് കര്‍ഷകര്‍ ഓടിച്ചത്.  ലാംബ ഗ്രാമത്തിലെ ഒരു തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മുന്‍ എംപി കൂടിയായ സുനിത ദുഗ്ഗലിനെതിരെ നാട്ടുകാര്‍ തിരിഞ്ഞത്.

ശംഭു, ഖനൗരി അതിർത്തികളിൽ കർഷകർ നടത്തുന്ന സമരം യാഥാർഥ്യമാണെന്ന് സമ്മതിക്കാൻ നിർബന്ധിക്കുകയും ഖനൗരി അതിർത്തിയിൽ വെടിയേറ്റ് മരിച്ച പഞ്ചാബിൽ നിന്നുള്ള കർഷകൻ ശുഭ്‌കരൺ സിങിന്റെ മരണത്തിൽ സമ​ഗ്ര അന്വേഷണം വേണമെന്നും ഭാരതീയ കിസാൻ യൂണിയൻ(ബി.കെ.യു.) പ്രവർത്തകർ സുനിത ദുഗ്ഗലിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി പറയാന്‍ ദുഗ്ഗലിന് കഴിഞ്ഞില്ല. ഇതോടെയാണ് കര്‍ഷകര്‍ സ്ഥാനാര്‍ഥിക്ക് നേരെ തിരിഞ്ഞത്.

പ്രതിഷേധത്തെ തുടർന്ന് ദുഗ്ഗലിനെ സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും സമീപത്തെ ധാനി ഗ്രാമത്തിൽ വെച്ച് പ്രതിഷേധക്കാർ ഓടിച്ചു വിടുകയായിരുന്നു. സമരം നടത്തുന്ന കർഷകരെ തടഞ്ഞ ഹരിയാന സർക്കാരിന്റെ നിലപാട് തെറ്റാണെന്ന് സമ്മതിക്കുവാനും സമരക്കാർ ദുഗ്ഗലിനെ നിർബന്ധിച്ചു. പ്രതിഷേധക്കാര്‍ക്ക് പ്രതിപക്ഷ പാർട്ടികളുമായി ബന്ധമുണ്ടെന്ന് പറഞ്ഞതിന് ദുഗ്ഗലിന് നേരത്തെ മാപ്പ് പറയേണ്ടി വന്നിരുന്നു. 

ഹിസാർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി ഡോ. കമൽ ഗുപ്തയ്‌ക്കും കർഷകരിൽ നിന്നും സമാന അനുഭവം നേരിട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനത്തിൽ സംസാരിക്കുന്നതിനിടയിൽ സ്ഥാനാർഥിക്ക് നേരെ പ്രക്ഷോഭകർ ചെരുപ്പെറിഞ്ഞു. എന്നാല്‍, പ്രതിഷേധത്തിനിടയിലും ഗുപ്ത പ്രസം​ഗം തുടര്‍ന്നു. സംഭവം എതിരാളികളുടെ ഗൂഢാലോചനയാണെന്നാണ് ഗുപ്ത പറയുന്നത്.

അതേസമയം ബിജെപിയുടെ പ്രാദേശിക പ്രവര്‍ത്തകരില്‍ നിന്നും ദുഗ്ഗല്‍ എതിര്‍പ്പ് നേരിടുന്നുണ്ട്. മുന്‍ എംഎല്‍എ ലക്ഷ്മണ്‍ ദാസിന്റെ അനുനായികളാണ് ദുഗ്ഗലിനെതിരെ രംഗത്തുള്ളത്. റാതിയയില്‍ ലക്ഷ്മണ്‍ ദാസിനെ തഴഞ്ഞാണ് ദുഗ്ഗലിന് സീറ്റ് നല്‍കിയത്. ഇതാണ് പ്രവര്‍ത്തകരുടെ രോഷത്തിന് കാരണം. ലക്ഷ്മണ്‍ ദാസ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. ഇതിനിടെയിലാണ് കര്‍ഷകരായ നാട്ടുകാരും ദുഗ്ഗലിനെതിരെ രംഗത്ത് എത്തുന്നത്.

തങ്ങളെ അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഹരിയാനയിൽ കർഷകർ പ്രതിഷേധത്തിലാണ്. ഒക്ടോബർ അഞ്ചിനാണ് ഹരിയാനയിലെ 90 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി കനത്ത സുരക്ഷയാണ് ഹരിയാനയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 225 അർദ്ധസൈനിക വിഭാഗങ്ങളെയും 60,000 സുരക്ഷാ ഉദ്യോഗസ്ഥരെയുമാണ് തെരഞ്ഞെടുപ്പിനായി വിന്യസിച്ചിരിക്കുന്നത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News