പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് പൊലീസ് വേട്ടയാടൽ; കാൺപൂരിലെത്തിയ ഇ.ടിയെയും സംഘത്തെയും തടഞ്ഞു
തടഞ്ഞതിനെ തുടർന്ന് റോഡിലിരുന്ന് പ്രതിഷേധിച്ചെങ്കിലും യുപി പൊലീസ് വഴങ്ങിയില്ലെന്നും ഇപ്പോൾ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന മാനിച്ച് തൽക്കാലം ഡൽഹിയിലേക്ക് മടങ്ങുകയാണെന്നും ഇ.ടി മുഹമ്മദ് ബഷീർ
കാൺപൂർ:പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് പൊലീസ് വേട്ടയാടൽ നേരിടുന്നവരെ കാണാൻ കാൺപൂരിലെത്തിയ മുസ്‌ലിം ലീഗ് നേതാവും എംപിയുമായ ഇ.ടി മുഹമ്മദ് ബഷീറിനെയും സംഘത്തെയും അർദ്ധരാത്രി യു.പി പൊലീസ് തടഞ്ഞു. പല ന്യായങ്ങൾ പറഞ്ഞ് പൊലീസ് തടഞ്ഞ കാര്യം ഇ.ടി മുഹമ്മദ് ബഷീർ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
പൊലീസ് തടഞ്ഞതിനെ തുടർന്ന് റോഡിലിരുന്ന് പ്രതിഷേധിച്ചെങ്കിലും യുപി പൊലീസ് വഴങ്ങിയില്ലെന്നും ഇപ്പോൾ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന മാനിച്ച് തൽക്കാലം ഡൽഹിയിലേക്ക് മടങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചു. യുപി പൊലീസിന്റെ ജനാധിപത്യ വിരുദ്ധമായ നടപടിക്കെതിരെ പ്രതിഷേധം തുടരുമെന്നും ഇ.ടി വ്യക്തമാക്കി.
യുപിയിൽ 800 പ്രതിഷേധകർക്കെതിരെ രാജ്യസുരക്ഷാ നിയമപ്രകാരം കേസ്
മുഹമ്മദ് നബിക്കെതിരെ ബിജെപി വക്താക്കൾ വിവാദ പരാമർശം നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച 800 ലേറെ പേർക്കെതിരെ രാജ്യസുരക്ഷാ നിയമപ്രകാരം കേസെടുത്ത് ഉത്തർപ്രദേശ് പൊലീസ്. മാധ്യമപ്രവർത്തകയായ റാണാ അയ്യൂബാണ് ട്വിറ്ററിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അറബ് ലോകത്ത് സാമ്പത്തിക ബഹിഷ്‌കരണമുയർന്നതോടെയാണ് വിവാദ പ്രസ്താവന നടത്തിയ വക്താക്കളെ ബിജെപി പുറത്താക്കിയതെന്നും അവർ കുറിച്ചു. ചാനൽ ചർച്ചയിൽ വിവാദ പരാമർശം നടത്തിയ പാർട്ടി വക്താവ് നുപുർ ശർമയെയും ട്വിറ്ററിൽ കുറിപ്പിട്ട ഡൽഹി ഘടകം മീഡിയ തലവൻ നവീൻ കുമാർ ജിൻഡലിനെയും ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ വാർത്തയുടെ സ്‌ക്രീൻ ഷോട്ട് സഹിതമായിരുന്നു വിമർശനം.
വിവാദ പ്രസ്താവനക്കെതിരെ ആദ്യം പ്രതിഷേധമുയർന്ന കാൺപൂരിൽ 1000 ത്തിലേറെ പേരടക്കം സംസ്ഥാനത്ത് നിരവധി പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കാൺപൂരിൽ പ്രതിഷേധിച്ചവരുടെ ഫോട്ടോയും പൊലീസ് സ്റ്റേഷൻ നമ്പറുമടക്കം ഹോർഡിങുകൾ സ്ഥാപിക്കാനൊരുങ്ങുകയാണ് പൊലീസ്. സിസി ടിവി ദൃശ്യങ്ങൾ വഴി പ്രതിഷേധിച്ചവരെ കുടുക്കുകയാണ് പൊലീസ് ചെയ്യുന്നത്. 100ലേറെ പേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നുണ്ട്. ഇരുകൂട്ടർക്കിടയിൽ നടന്ന സംഘർഷത്തിൽ പൊലീസ് തിരിച്ചറിഞ്ഞ 55 പ്രതികളിൽ എല്ലാവരും മുസ്ലിംകളാണ്. 38പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവാദ പരാമർശം നടത്തിയ നുപുർ ശർമക്കെതിരെ ഭീഷണി മുഴക്കിയതിന് തിരിച്ചറിയപ്പെടാത്ത ആളുകൾക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രവാചകനിന്ദയിൽ പ്രതികരിച്ച് ഐക്യരാഷ്ട്ര സഭബി.ജെ.പി നേതാക്കൾ നടത്തിയ പ്രവാചകനിന്ദയിൽ പ്രതികരിച്ച് ഐക്യരാഷ്ട്ര സഭയടക്കം രംഗത്ത് വന്നിരുന്നു. പ്രവാചകനിന്ദ സംബന്ധിച്ച റിപ്പോർട്ടുകൾ ശ്രദ്ധയിൽപെട്ടുവെന്നും എല്ലാ മതങ്ങളോടും ആദരവും സഹിഷ്ണുതയും കാട്ടുന്നതിനെ യു.എൻ ശക്തമായി പ്രോത്സാഹിപ്പിക്കുന്നുവെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫൻ ദുജാറിക് പറഞ്ഞു. പ്രവാചകനിന്ദയെ ഇതിനകം നിരവധി രാജ്യങ്ങളാണ് അപലപിച്ചത്. സൗദി അറേബ്യ, യു.എ.ഇ, ജോർഡൻ, ബഹ്‌റൈൻ, അഫ്ഗാനിസ്താൻ, പാകിസ്താൻ, മാലദ്വീപ്, ഇന്തോനേഷ്യ, കുവൈത്ത്, ഖത്തർ, ഇറാൻ, ഒമാൻ, ഇറാഖ്, ലിബിയ എന്നിവ ഇക്കൂട്ടത്തിൽപെടുന്നു. ഇസ്‌ലാമിക രാജ്യങ്ങളുടെ സഹകരണ കൂട്ടായ്മയായ ഒ.ഐ.സിയും ഈജിപ്ത് കേന്ദ്രമായുള്ള അറബ് പാർലമെന്റും പ്രവാചകനിന്ദയെ അപലപിക്കുകയും ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ, മോദിസർക്കാറിന്റെ ഭാഗത്തുനിന്ന് കുറ്റക്കാർക്കെതിരെ നടപടിയൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. നുപൂർ ശർമ, നവീൻകുമാർ ജിൻഡാൽ എന്നിവർക്കെതിരെ പാർട്ടിതല അച്ചടക്ക നടപടി സ്വീകരിച്ചത് മാത്രമാണ് ബി.ജെ.പി ചെയ്തിരിക്കുന്നത്. പ്രതിപക്ഷ സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയിൽ നുപൂർ ശർമക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഡൽഹി പൊലീസ് നിയമനടപടി സ്വീകരിച്ചിട്ടില്ല. വധഭീഷണിയുണ്ടെന്ന നുപൂർ ശർമയുടെ പരാതി മുൻനിർത്തി ഡൽഹി പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. മേയ് 28ന് നൽകിയ പരാതി പ്രകാരം ക്രിമിനൽ പീഡനം, ഭീഷണി തുടങ്ങിയ കുറ്റങ്ങൾ മുൻനിർത്തിയാണ് 'അജ്ഞാതർ'ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സമൂഹ ഇടങ്ങളിലെ ഭീഷണി മുൻനിർത്തി ട്വിറ്ററിനും നോട്ടീസ് നൽകിയിട്ടുണ്ട്.
In Kanpur, UP police Stopped Muslim League leader and MP ET Mohammad Basheer