ഗുജറാത്തിൽ കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനവും നഷ്ടപ്പെട്ടേക്കും
ആകെ സീറ്റുകളുടെ 10 ശതമാനം പോലും ജയിക്കാൻ കഴിയാതെ വന്നതോടെയാണ് കോൺഗ്രസ് പ്രതിസന്ധിയിൽ ആയിരിക്കുന്നത്
ഗാന്ധിനഗര്‍: ഗുജറാത്തിൽ കോൺഗ്രസിന് പ്രതിപക്ഷ നേതൃ സ്ഥാനവും നഷ്ടപ്പെട്ടേക്കും. ആകെ സീറ്റുകളുടെ 10 ശതമാനം പോലും ജയിക്കാൻ കഴിയാതെ വന്നതോടെയാണ് കോൺഗ്രസ് പ്രതിസന്ധിയിൽ ആയിരിക്കുന്നത്. പുതിയ മന്ത്രിസഭയിലേക്ക് അല്പേഷ് ഠാക്കൂർ ഉൾപ്പടെയുള്ളവരെ പരിഗണിക്കുന്ന കാര്യം ബി.ജെ.പി കേന്ദ്ര നേതൃത്വം തീരുമാനിക്കും. ബി.ജെ.പി ഇന്ന് നിയമസഭാ കക്ഷി യോഗം ചേരും.
1985ൽ മാധവ് സിംഗ് സോളങ്കിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഗുജറാത്തിൽ ചരിത്ര വിജയം നേടിയപ്പോൾ ജനതാ പാർട്ടി ആയിരുന്നു ഈ പ്രതിസന്ധി അഭിമുഖീകരിച്ചിരുന്നത്. അന്ന് മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി ആണ് ഇന്ന് കോൺഗ്രസിനെ സമാന അവസ്ഥയിൽ എത്തിച്ചത്. ഒരൊറ്റ സീറ്റിൻ്റെ കുറവ് ഉള്ളതിനാൽ പ്രതിപക്ഷ നേതൃ സ്ഥാനത്ത് ആര് വേണമെന്ന് ഭരണകക്ഷിക്ക് തീരുമാനിക്കാം എന്ന് മുൻ ഗുജറാത്ത് പിസിസി അധ്യക്ഷൻ അമിത് ചാവ്ഡ വ്യക്തമാക്കി. പ്രതിപക്ഷ നേതൃ സ്ഥാനത്തിന് പ്രത്യേക മാനദണ്ഡങ്ങൾ ഇല്ലാത്തതിനാൽ മുൻപ് പ്രതിപക്ഷ നേതൃത്വം വഹിച്ചിരുന്ന പാർട്ടിയെ തുടരാൻ അനുവദിക്കാനും ഭരണ കക്ഷിക്ക് കഴിയും.
20 മുതൽ 22 എം.എൽ.എമാരെ വരെയാകും ബി.ജെ.പി നിയുക്ത മന്ത്രിസഭയുടെ ഭാഗമാക്കുക. ഇതിൽ 11 വരെ മന്ത്രിമാരും 14 വരെ സഹമന്ത്രിമാരും ഉണ്ടായേക്കും എന്നാണ് സൂചന. രമൺ ഭായ് വോറയെ ആണ് സ്പീക്കർ സ്ഥാനത്തേക്ക് ബി.ജെ.പി പരിഗണിക്കുന്നത്. ഹാർദിക് പട്ടേൽ, അല്പേഷ് താക്കൂർ എന്നിവരെ മന്ത്രിസഭയിൽ പരിഗണിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിൻ്റെതാണ് അന്തിമ തീരുമാനം. പുതിയ സഭാ കക്ഷി നേതാവിനെ കണ്ടെത്താൻ ആണ് ബി.ജെ.പി ഇന്ന് ഗുജറാത്തിൽ നിയമസഭാ കക്ഷി യോഗം വിളിച്ച് ചേർത്തിരിക്കുന്നത്.