പഞ്ചാബിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും

അഭിപ്രായ വോട്ടെടുപ്പിൽ ചരൺജിത്ത് സിംഗ് ചന്നിക്കാണ് മുൻ തൂക്കമങ്കിലും, ചന്നിയുടെ മരുമകൻറെ അറസ്റ്റോടെ പാർട്ടി പ്രതിരോധത്തിലായി

Update: 2022-02-05 01:28 GMT
Advertising

കോൺഗ്രസിൻറെ അഭിമാന പോരാട്ടം നടക്കുന്ന പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിക്കായുള്ള കാത്തിരിപ്പിന് വിരാമമാവുകയാണ്. പഞ്ചാബിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും. അഭിപ്രായ വോട്ടെടുപ്പിൽ ചരൺജിത്ത് സിംഗ് ചന്നിക്കാണ് മുൻ തൂക്കമങ്കിലും, ചന്നിയുടെ മരുമകൻറെ അറസ്റ്റോടെ പാർട്ടി പ്രതിരോധത്തിലായി. അതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ രാഹുൽ ഗാന്ധി നാളെ പഞ്ചാബിലെത്തും.

ഹൈക്കമാൻറ് നിർദേശ പ്രകാരം ജനഹിതം തേടിയാണ് കോൺഗ്രസ്, മുഖ്യമന്ത്രി സ്ഥാനാർഥിയെ കണ്ടെത്തുന്നത്. നിലവിലെ മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നിയാണ് ജന പിന്തുണയിൽ ഒന്നാമനായത്. എന്നാൽ കഴിഞ്ഞ ദിവസം ചന്നിയുടെ മരുമകൻ ഭൂപീന്ദർ സിംഗ് ഹണിയെ ഇ ഡി അറസ്റ്റ് ചെയ്തതോടെ ചന്നിക്ക് മേൽ കരിനിഴൽ വീണു. ഇതിനിടയിലാണ് ഹൈക്കമാൻറിനെ ലക്ഷ്യമിട്ട് പി സി സി അധ്യക്ഷൻ സിദ്ദു പരോക്ഷ വിമർശനമുന്നയിച്ചത്. ദുർബലനായ മുഖ്യമന്ത്രിയെയാണ് മേലെയുള്ളവർക്കാവശ്യം എന്നായിരുന്നു സിദ്ദുവിൻറെ ഒളിയമ്പ്.

ഈ സാഹചര്യത്തിൽ ആദ്യം ചന്നിയെയും പിന്നീട് നവ്ജേത് സിംഗ് സിദ്ദുവിനെയും പരിഗണിക്കാനും സാധ്യതയുണ്ട്. ചന്നിയുടെ മരുമകനെ ഇ ഡി അറസ്റ്റ് ചെയ്തതിനെ തുടർന്ന് അകാലിദളും ആം ആദ്മി പാർട്ടിയും ചന്നിയെ വ്യക്തിപരമായി കടന്നാക്രമിക്കാനും തുടങ്ങി ഇതാണ് പുതിയ ഫോർമുലയെ കുറിച്ച് ആലോചിക്കാൻ ഹൈക്കമാൻറിനെ പ്രേരിപ്പിക്കുന്നത്.

അനധികൃത മണൽക്കടത്ത് കേസിലാണ്  ഭൂപീന്ദർ സിംഗ് ഹണിയെ ഇ ഡി അറസ്റ്റ് ചെയ്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. രണ്ടാഴ്ച മുമ്പ് നടന്ന റെയ്ഡിൽ ഇയാളുടെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥലത്ത് നിന്ന് എട്ട് കോടി രൂപയും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെടുത്തിരുന്നു. ഇതിനെക്കുറിച്ച് ചോദ്യം ചെയ്യുന്നതിനാണ് അദ്ദേഹത്തെ ഇ.ഡി വിളിപ്പിച്ചത്.  2018 മാർച്ച് ഏഴിനാണ് ഹണിയുടെ പേരിൽ പഞ്ചാബ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. 

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News