മഹാരാഷ്ട്രയില്‍ എന്‍ഡിഎയെ കരയിച്ചത് ഉള്ളി; ചുവടുറപ്പിച്ച് ഇന്‍ഡ്യ മുന്നണി

ഉള്ളിക്കയറ്റുമതിയുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്‍റെ നയത്തിനെതിരെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു

Update: 2024-06-05 08:40 GMT
Editor : Jaisy Thomas | By : Web Desk
Advertising

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യത്തെ അടിതെറ്റിച്ചത് ഉള്ളി കര്‍ഷകര്‍. കര്‍ഷകരുടെ രോഷം ഇന്‍ഡ്യ മുന്നണിക്കുള്ള വോട്ടായി മാറുകയായിരുന്നു. ഉള്ളിക്കയറ്റുമതിയുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്‍റെ നയത്തിനെതിരെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

2023 ഡിസംബർ എട്ടിനാണ് സർക്കാർ ഉള്ളി കയറ്റുമതി നിരോധിച്ചത്. പിന്നീട് അനിശ്ചിതകാലത്തേക്ക് നിരോധനം നീട്ടുകയായിരുന്നു. എന്നാല്‍ നാഷണൽ കോഓപ്പറേറ്റീവ് എക്‌സ്‌പോർട്ട് ലിമിറ്റഡ് (എൻസിഇഎൽ) വഴി യു.എ.ഇയിലേക്കും ബംഗ്ലാദേശിലേക്കും 64,400 ടൺ ഉള്ളി കയറ്റുമതി ചെയ്യാൻ കേന്ദ്രം അനുമതി നൽകിയിരുന്നു.2023 ഡിസംബർ 31 വരെ ഇന്ത്യ ഉള്ളിക്ക് 40 ശതമാനം കയറ്റുമതി തീരുവ ചുമത്തിയിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പിനിടെ മേയ് 4ന് കയറ്റുമതി നിരോധിച്ച നടപടി സര്‍ക്കാര്‍ പിന്‍വലിച്ചു. മഹാരാഷ്ട്രയിലുണ്ടായേക്കാവുന്ന തിരിച്ചടി കണക്കിലെടുത്തായിരുന്നു തിരക്കിട്ടുള്ള നീക്കം. എന്നാല്‍ ഈ നടപടികളൊന്നും കര്‍ഷകരെ തണുപ്പിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ ഉള്ളി ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ആകെ ഉത്പാദനത്തിന്‍റെ 40 ശതമാനം വരുമിത്.ഉള്ളി കയറ്റുമതി നിരോധിച്ചതോടെ ഉള്ളി വില്‍പനയില്‍ ക്വിന്റലിന് 1500 മുതല്‍ 1800 രൂപ വരെ കര്‍ഷകര്‍ക്ക് നഷ്ടമുണ്ടായെന്നായിരുന്നു കര്‍ഷക സംഘടനകള്‍ പറഞ്ഞത്. നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിച്ചെങ്കിലും അക്കാര്യത്തിലും നടപടികളൊന്നുമുണ്ടായിട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. നിരോധനത്തെ തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ക്കാണ് മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ മേയില്‍ മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രിക്കെതിരെ പരസ്യമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. നാസിക്കിലെ പൊതുയോഗത്തില്‍ മോദി സംസാരിക്കുന്നതിനിടെയായിരുന്നു സദസില്‍ നിന്ന് പ്രതിഷേധശബ്ദം ഉയര്‍ന്നത്. തുടര്‍ന്ന് കുറച്ചുനേരത്തേക്ക് മോദി പ്രസംഗം നിര്‍ത്തുകയും ചെയ്തിരുന്നു. മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നീക്കിയ ശേഷമാണ് മോദി പ്രസംഗം തുടര്‍ന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ടത്തിലാണ് മഹാരാഷ്ട്രയില്‍ വോട്ടെടുപ്പ് നടന്നത്. ബി.ജെ.പി 28 സീറ്റിലും ഏക്നാഥ് ഷിന്‍ഡെ ശിവസേന 15 സീറ്റിലും അജിത് പവാറിന്റെ എന്‍.സി.പി നാലുസീറ്റിലും രാഷ്ട്രീയ സമാജ് പക്ഷ് ഒരു സീറ്റിലുമാണ് മത്സരിച്ചത്. പ്രതിപക്ഷനിരയായ ഉദ്ധവ് ശിവസേന, കോണ്‍ഗ്രസ്, ശരദ് പവാറിന്‍റെ എന്‍.സി.പി എന്നീ പാര്‍ട്ടികള്‍ മൊത്തമുള്ള 48 സീറ്റില്‍ ശിവസേന 21, കോണ്‍ഗ്രസ് 17, എന്‍.സി.പി- പത്തുസീറ്റ് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോണ്‍ഗ്രസ്-13, ഉദ്ധവ് ശിവസേന-9, എന്‍സിപി- 8 സീറ്റുകള്‍ നേടി തകര്‍പ്പന്‍ വിജയമാണ് സഖ്യം നേടിയത്.

നാസിക്, ദിൻഡോരി, ധൂലെ തുടങ്ങി മഹാരാഷ്ട്രയിലെ ഉള്ളി കർഷകരും വ്യാപാരികളും കേന്ദ്രീകരിച്ചിരിക്കുന്ന 12 മണ്ഡലങ്ങളിൽ എന്‍ഡിഎ 2019നെ അപേക്ഷിച്ച് നാല് സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്തത്.വോട്ട് വിഹിതം 2019ലെ 41.2 ശതമാനത്തില്‍ നിന്നും 25.4 ആയി കുറയുകയും ചെയ്തു. മറുവശത്ത് ഇന്‍ഡ്യ സഖ്യത്തിന്‍റെ ഭാഗമായ പാര്‍ട്ടികളുടെ വോട്ട് വിഹിതം 39.3 ശതമാനമായി ഉയര്‍ന്നു. 2019ൽ സംപൂജ്യരായിരുന്ന ഇന്‍ഡ്യ സഖ്യം ഇത്തവണ എട്ടിടങ്ങളിൽ വിജയികളായി. സർക്കാരിൻ്റെ കയറ്റുമതി നയത്തിലെ ആവർത്തിച്ചുള്ള മാറ്റങ്ങൾ മഹാരാഷ്ട്രയിലെ ഉള്ളി കർഷകർക്കിടയിൽ ഉണ്ടാക്കിയ ആശങ്കകൾ വോട്ടായി മാറിയതായാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മഹാരാഷ്ട്രയുടെ വടക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലെ പ്രധാന ഉള്ളി വ്യാപാര കേന്ദ്രങ്ങളായ നാസികും ദിന്‍ഡോരിയും ഇത്തവണ എന്‍ഡിഎയോട് മുഖം തിരിച്ചു. ദിന്‍ഡോരിയില്‍ പവാറിന്‍റെ എന്‍സിപിയും നാസികില്‍ ശിവസനേ (യുബിടി)വിഭാഗവുമാണ് വിജയിച്ചത്. 2019-ൽ ബി.ജെ.പിയുടെ കൈപ്പിടിയിലായിരുന്ന ധൂലെയില്‍ കോണ്‍ഗ്രസിനാണ് ജയം.

ഉള്ളി വിലയുമായി ബന്ധപ്പെട്ട വിഷയം കേന്ദ്രം വളരെ നിസ്സാരമായി എടുത്തുവെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. മഹാരാഷ്ടയിലെ ആറ് ലോക്സഭാ മണ്ഡലങ്ങള്‍ ഉള്ളി കൃഷിയുടെ പ്രധാന കേന്ദ്രങ്ങളാണ്. കയറ്റുമതി നിരോധനം മൂലം കഷ്‌ടപ്പെടുന്ന മഹാരാഷ്‌ട്രയിലെ ഉള്ളി കർഷകരെ മോദി സർക്കാർ നിർദയം അവഗണിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. കർഷകരുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഇത്തരം നയങ്ങൾ തടയുന്ന ഇറക്കുമതി-കയറ്റുമതി നയമാണ് തങ്ങളുടെ പ്രകടന പത്രികയിൽ ഉള്ളതെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലും ഉള്ളിക്ക് നിര്‍ണായക സ്വാധീനമുണ്ട്. വിവിധ സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മാത്രമല്ല, രാജ്യത്തിന്‍റെ പൊതുതിരഞ്ഞെടുപ്പില്‍ പോലും ഉള്ളി വില പലപ്പോഴും നിര്‍ണായകമായിട്ടുണ്ട്. 1980-ലെ പൊതുതെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഉള്ളിയുടെ പ്രാധാന്യം വ്യക്തമായി അടിവരയിടുന്നതായിരുന്നു .1975 മുതല്‍ 1977 വരെ നീണ്ട അടിയന്തരാവസ്ഥ, ജനവികാരം എതിരാക്കിയതോടെ 77-ലെ തിരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധി കടുത്ത പരാജയം ഏറ്റുവാങ്ങി. എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ കോണ്‍ഗ്രസ് ഇതര സര്‍ക്കാരിനെ പരാജയപ്പെടുത്തി അധികാരത്തിലെത്താന്‍ ഇന്ദിര ഗാന്ധിയെ സഹായിച്ചത് ഉള്ളിയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഉള്ളി വിലയെ ജനകീയ സമരമുറയാക്കിയാണ് ഇന്ദിര അധികാരത്തില്‍ തിരിച്ചെത്തിയത്. ആ പൊതുതിരഞ്ഞെടുപ്പ് പിന്നീട് 'ഉള്ളി തെരഞ്ഞെടുപ്പ്' എന്നാണ് അറിയപ്പെട്ടത്. പക്ഷേ, ഒരു വര്‍ഷത്തിനുള്ളില്‍ വില ആറ് രൂപയായി ഉയര്‍ന്നു. അന്നത്തെ സാഹചര്യത്തില്‍ ഇത് വലിയ തുകയായിരുന്നു. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിനിടെ പ്രതിപക്ഷ എംപി ഉള്ളി കൊണ്ടുള്ള മാല ധരിച്ച് രാജ്യസഭയിലെത്തിയാണ് പ്രതിഷേധിച്ചത്.

1998-ല്‍ ഉള്ളിവില കുത്തനെ ഉയര്‍ന്ന് കിലോയ്ക്ക് 40 മുതല്‍ 50 രൂപ വരെയായി. അന്നത്തെ ദീപാവലി സീസണില്‍, കോണ്‍ഗ്രസ് നേതാവ് ഛഗന്‍ ഭുജ്ബല്‍ , അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി മനോഹര്‍ ജോഷിക്ക് ഒരു പെട്ടി ഉള്ളി അയച്ചുകൊടുത്ത് പ്രതിഷേധിച്ചു. ഇതോടെ മുംബൈയില്‍ 45 രൂപയ്ക്ക് വിറ്റിരുന്ന ഉള്ളി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 15 രൂപയ്ക്ക് ലഭ്യമാക്കാന്‍ ജോഷി നിര്‍ബന്ധിതനായി. 1998-ല്‍ ഡല്‍ഹി, രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഉള്ളി വില നിര്‍ണായക ഘടകമായിരുന്നു. കുതിച്ചുയര്‍ന്ന ഉള്ളിവില ഇരുസംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ പരാജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന സുഷമ സ്വരാജിന് അധികാരം നഷ്ടപ്പെട്ടു. പിന്നീട് അധികാരത്തില്‍ തിരിച്ചെത്താന്‍ സുഷമക്ക് കഴിഞ്ഞില്ല. അതുപോലെ, രാജസ്ഥാനില്‍, ബി.ജെ.പിയുടെ മുഖ്യമന്ത്രി ഭൈരോണ്‍ സിങ് ശെഖാവത്തിനും ഉള്ളി വില പ്രതിസന്ധി വിനയായി. 2010-ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ വിലക്കയറ്റം നേരിടാന്‍ ഉള്ളിയുടെ കയറ്റുമതി നിരോധിച്ചിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News