ഉത്തരാഖണ്ഡിൽ തന്ത്രങ്ങളെല്ലാം പാളി കോൺഗ്രസ്
മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് തോൽവിയിലേക്ക്....
ബി.ജെ.പി സർക്കാറിന്റെ സ്ഥിരതയില്ലാത്ത ഭരണത്തെ പ്രചാരണ ആയുധമാക്കിയാണ് കോൺഗ്രസ് ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. മുഖ്യമന്ത്രിമാരെ ഇടക്കിടക്ക് മാറ്റുന്ന ബി.ജെ.പിക്ക് തുടർഭരണം കിട്ടില്ലെന്ന പ്രതീക്ഷയാണ് ആദ്യം മുതൽ കോൺഗ്രസിനുണ്ടായിരുന്നത്. മികച്ച സ്ഥാനാർഥികളെ തെരഞ്ഞുപിടിച്ച് പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം മത്സരിക്കാനിറക്കി. വ്യക്തിപ്രഭാവം കൂടി പരിഗണിച്ചാണ് ഇത്തവണ കോൺഗ്രസ് മത്സരത്തിനിറങ്ങിയത്. ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ ഭരണം മാറിമാറിയാണ് വന്നിരുന്നത്. ആ രീതി തുടരുകയാണെങ്കിൽ ഇത്തവണ ഉത്തരാഖണ്ഡിൽ വീണ്ടും അധികാരത്തിലേറാൻ സാധിക്കുമെന്ന ആത്മവിശ്വാസവും കോൺഗ്രസിനുണ്ടായിരുന്നു.
എന്നാൽ വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ആ പ്രതീക്ഷകളെയെല്ലാം പൂർണമായും അസ്മിച്ച അവസ്ഥയാണ്. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറിൽ മാത്രമാണ് ബി.ജെ.പിക്കൊപ്പം കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം നടന്നത്. എന്നാൽ പത്തുമണിയോടെ ബി.ജെ.പിയുടെ സർവാധിപത്യമാണ് കാണാനായത്. ഉച്ചക്ക് ഒരുമണിയോടെ കേവല ഭൂരിപക്ഷവും കടന്ന് 41 സീറ്റുകളിൽ ബി.ജെ.പി തേരോട്ടം നടത്തിയപ്പോൾ വെറും 25 സീറ്റിലാണ് കോൺഗ്രസ് മുന്നിട്ട് നിന്നത്. സ്വന്തം പാർട്ടിക്കുള്ളിലെ ചെറിയ ചെറിയ പടലപിണക്കങ്ങൾ അവിടെ വെച്ച് തന്നെ തീർക്കുന്ന നയമാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിന് മുമ്പ് സ്വീകരിച്ചത്. എന്നാൽ അതിന്റെ ഗുണം തെരഞ്ഞെടുപ്പിൽ കാണാൻ സാധിച്ചില്ലെന്നതാണ് സത്യം.
അഞ്ച് വർഷത്തിനുള്ളിൽ ബി.ജെ.പി മാറ്റിയ മൂന്ന് മുഖ്യമന്ത്രിമാരെ സൂചിപ്പിക്കുന്ന രീതിയിലാണ് കോൺഗ്രസ് പാർട്ടി തീം സോങ് പുറത്തിറക്കിയത്. 'തീൻ തിഗാര, കാം ബിഗാഡ എന്നാണ് കോൺഗ്രസിന്റെ തീം സോങ്. പരസ്യ പ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന പ്രസ്താവനയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി രംഗത്തിയിരുന്നു. ഇതും കോണ്‍ഗ്രസ് വലിയ രീതിയില്‍ ചര്‍ച്ചയാക്കിയിരുന്നു.കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് കോൺഗ്രസ് 45 സീറ്റുകൾ നേടി ഭരണത്തിലെത്തുമെന്ന ആത്മവിശ്വാസം മാധ്യമങ്ങളുമായി പങ്കുവെച്ചിരുന്നു. എന്നാൽ അതെല്ലാം വെറും വാക്കായി മാറുക മാത്രമല്ല, സ്വയം തോൽവിയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ലാൽകുവ നിയമസഭാ സീറ്റിൽ നിന്ന് ജനവിധി തേടിയ ഹരീഷ് റാവത്ത് 10,000 വോട്ടുകൾക്ക് ബഹുദൂരം പിന്നിലാണ്. ഏതാണ്ട് തോൽവി ഉറപ്പിച്ച നിലയിലാണ് റാവത്ത്.
ഹരിദ്വാറിലെ മത്സരത്തിനിറങ്ങിയ സത്പാൽ ബ്രഹ്‌മചാരിയും ജയം കാണാതെ പിറകോട്ട് പോകുന്ന കാഴ്ചയാണ് കാണാനാവുന്നത്. ഹരിദ്വാറിലെ റൂറൽ അസംബ്ലി മണ്ഡലത്തിൽ ജനവിധി തേടുന്ന ഹരിഷ് റാവത്തിന്റെ മകൾ അനുപമ റാവത്തും പിറകിലാണ്. ഏറെ ജനപിന്തുണയുള്ള സ്ഥാനാർഥിയായിരുന്നു അനുപമ. അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെല്ലാം വലിയ ആൾക്കൂട്ടമെല്ലാമുണ്ടായിരുന്നു. എന്നാൽ അത് വോട്ടിൽ പ്രതിഫലിച്ചോ എന്ന് കുറച്ച് സമയത്തിനുള്ളിൽ അറിയാനാകും.
അതേ സമയം മുഖ്യമന്ത്രിയും ബി.ജെ.പി സ്ഥാനാർഥിയുമായ പുഷ്‌കർ സിങ് ധാമിയും ഏറെ പിന്നിലാണ്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലും രണ്ടായിരത്തിലേറെ വോട്ടുകൾക്കാണ് ധാമി ജയിച്ചുകയറിയത്. ഇത്തവണയും കുറഞ്ഞ ഭൂരിപക്ഷത്തിന് ധാമി വീണ്ടും അധികാര കസേരയിലെത്തുമോ എന്നതും കാത്തിരുന്ന് കാണേണ്ടതാണ്.