സി.പി.ഐക്ക് ആദായനികുതി വകുപ്പ് നോട്ടീസ്; 11 കോടി രൂപ പിഴ
പാന്‍ കാര്‍ഡ് തെറ്റായി രേഖപ്പെടുത്തിയതിനാണ് പിഴ ഈടാക്കിയത്
ഡല്‍ഹി: സി.പി.ഐക്കും ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കി. 11 കോടി രൂപ തിരിച്ചടയ്ക്കണമെന്നാണ് നോട്ടീസ്. പാന്‍ കാര്‍ഡ് തെറ്റായി രേഖപ്പെടുത്തിയതിനാണ് പിഴ ഈടാക്കിയത്. ആദയ നികുതി തിരിച്ചടയ്ക്കുന്ന സമയത്ത് പഴയ വിവരങ്ങള്‍ സി.പി.ഐ ഉപയോഗിച്ചുവെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട നിയനടപടികളുമായി സി.പി.ഐ മുന്നോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ട്.
മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തിയതായും ഉടന്‍ കോടതിയെ സമീപിക്കുമെന്നും സി.പി.ഐ നേതാക്കള്‍ അറിയിച്ചു. പഴയ പാന്‍ കാര്‍ഡ് ഉപയോഗിച്ചതിലെ പൊരുത്തക്കേടിനുള്ള തുകയും, ഐ.ടി വകുപ്പിന് നല്‍കാനുള്ള കുടിശ്ശികയും ചേര്‍ത്താണ് 11 കോടി രൂപ പിഴ ഈടാക്കിയത്.
കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചതിന് തൊട്ട് പിന്നാലെയാണ് സി.പി.ഐക്കും നോട്ടീസ് അയച്ചത്.
ആദായ നികുതി പുനര്‍നിര്‍ണയ പ്രകാരം 2018-21 കാലയളവിലെ 1700 കോടി രൂപ അടയ്ക്കണമെന്നായിരുന്നു കോണ്‍ഗ്രസിന് അയച്ച നോട്ടീസ്. 017-21 കാലയളവിലെ ആദായ നികുതി പുനര്‍നിര്‍ണയ നീക്കത്തിനെതിരായ കോണ്‍ഗ്രസിന്റെ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് നോട്ടീസ് അയച്ചത്. പിഴയും പലിശയുമായി 1700 കോടി രൂപ അടയ്ക്കണം. നേരത്തെ 2014- 17 കാലയളവിലെ 100 കോടി രൂപ അടയ്ക്കണമെന്ന നോട്ടീസ് കോണ്‍ഗ്രസിന് ലഭിച്ചിരുന്നു.
ഇതിനെതിരെ നല്‍കിയ ഹരജി ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലും ഹൈക്കോടതിയും തള്ളിയിരുന്നു. തെരഞ്ഞെടുപ്പ് കാലത്തെ ഇന്‍കം ടാക്‌സ് നടപടി കോണ്‍ഗ്രസിനെ വലിയ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനെ പാപ്പരാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആരോപിച്ചു. നാളെയും മറ്റന്നാളുമായി രാജ്യവ്യപക പ്രതിഷേധം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. ഞായറാഴ്ച രാംലീല മൈതാനിയില്‍ ഇന്‍ഡ്യാ മുന്നണിയുടെ മഹാറാലി നടക്കും.