പാർലമെന്റിൽ 'റീ നീറ്റ്' ടി-ഷർട്ട് ധരിച്ച് പപ്പു യാദവ്; സത്യപ്രതിജ്ഞയ്ക്കൊപ്പം 'ഭീം സിന്ദാബാദ്', 'ഭരണഘടന സിന്ദാബാദ്' മുദ്രാവാക്യങ്ങളും

പുർനിയ നിവാസികൾക്കും ബിഹാരികൾക്കും സലാം പറഞ്ഞാണ് അദ്ദേഹം സത്യപ്രതിജ്ഞ ആരംഭിച്ചത്.

Update: 2024-06-25 14:08 GMT
Advertising

ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദങ്ങൾക്കിടെ റീ നീറ്റ് ഹാഷ്ടാ​ഗ് പതിച്ച ടി-ഷർട്ട് ധരിച്ചെത്തി ബിഹാറിലെ പുർനിയയിൽ നിന്നുള്ള സ്വതന്ത്ര എം.പി പപ്പു യാദവ്. പുർനിയ നിവാസികൾക്കും ബിഹാരികൾക്കും സലാം പറഞ്ഞാണ് അദ്ദേഹം സത്യപ്രതിജ്ഞ ആരംഭിച്ചത്. നീറ്റ് ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു ഇത്.

സത്യപ്രതിജ്ഞയ്ക്കു ശേഷം 'ബീഹാറിന് പ്രത്യേക പദവി, സീമാഞ്ചൽ സിന്ദാബാദ്, മാനവ്താബാദ് (മാനവികത) സിന്ദാബാദ്, ഭീം സിന്ദാബാദ്, ഭരണഘടന സിന്ദാബാദ്' എന്നീ മുദ്രാവാക്യവും വിളിച്ചു. ഇതോടെ ഭരണപക്ഷ അം​ഗങ്ങളിൽ നിന്നും എതിർപ്പുയരുകയും പ്രോടേം സ്പീക്കർ ഇടപെടുകയും ചെയ്തു. എന്നാൽ താൻ ആദ്യമായിട്ടല്ല ലോക്സഭയിൽ വരുന്നതെന്നും നാല് തവണ സ്വതന്ത്ര എം.പിയായ വ്യക്തിയാണെന്നും അദ്ദേഹം എൻഡിഎ അം​ഗങ്ങൾക്ക് മറുപടി നൽകി.

ഈ മാസം പത്തിന് പപ്പു യാദവ് കോൺ​ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിഹാറിലെ പുർനിയയിൽ നിന്ന് ജെഡിയുവിൻ്റെ സന്തോഷ് കുമാറിനെയും ആർജെഡിയുടെ ഭീമാ ഭാരതിയേയും പരാജയപ്പെടുത്തിയാണ് പപ്പു യാദവ് ലോക്സഭയിലെത്തിയത്. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പപ്പു യാദവ് കോൺഗ്രസിൽ ചേർന്നിരുന്നു. എന്നാൽ, സഖ്യധാരണയുടെ അടിസ്ഥാനത്തിൽ സീറ്റ് ആർജെഡിക്കു നൽകേണ്ടി വന്നതോടെ കോൺഗ്രസ് ടിക്കറ്റിൽ പപ്പുവിനു മത്സരിക്കാനായില്ല. ഇതോടെയാണ് അദ്ദേഹം സ്വതന്ത്രനായി കളത്തിലിറങ്ങിയത്.

തമിഴ്നാട്ടിലെ സെൻട്രൽ ചെന്നൈയിൽ നിന്നുള്ള ഡിഎംകെ എം.പി ദയാനിധി മാരനും ലോക്സഭയിൽ നീറ്റിനെതിരെ പ്രതിഷേധിച്ചിരുന്നു. 'വേണ്ടാം നീറ്റ്', 'നീറ്റ് ബാൻ' എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് ദയാനിധി മാരൻ തന്റെ സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. ആർപ്പുവിളികളോടെയാണ് അദ്ദേഹത്തെ ഇൻഡ്യ സഖ്യ അംഗങ്ങൾ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചത്.

ഭരണഘടന ഉയർത്തിപ്പിടിച്ച് ജയ് വിളിച്ചായിരുന്നു കോൺ​ഗ്രസ് നേതാവും രാഹുൽ ​ഗാന്ധി സത്യപ്രതി‍ജ്ഞ ചെയ്തത്. വയനാട്ടിലും റായ്ബറേലിയിലും വിജയിച്ച രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഉപേക്ഷിച്ചിരുന്നു. റായ്ബറേലി എംപിയായിട്ടായിരുന്നു സത്യപ്രതിജ്ഞ. പേര് വിളിച്ചപ്പോൾ തന്നെ വൻ കരഘോഷങ്ങളുമായാണ് രാഹുലിനെ ഇൻഡ്യാ മുന്നണി നേതാക്കൾ വരവേറ്റത്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News