'റഷ്യ വൻ ആക്രമണത്തിന് പദ്ധതിയിടുന്നു'; ഇന്ത്യക്കാർ കാൽനടയായെങ്കിലും ഖാർകീവ് വിടണമെന്ന് വിദേശകാര്യ വക്താവ്
രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് റഷ്യയുമായി ചർച്ച നടത്തുന്നുണ്ടെന്നും സുരക്ഷിത പാത ഒരുക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും അരിന്ദം ബാഗ്ചി പറഞ്ഞു
ഖാര്‍കീവില്‍ വൻ ആക്രമണത്തിന് റഷ്യ പദ്ധതിയിടുന്നതായി സൂചന. റഷ്യ തന്നെയാണ് വിവരം കൈമാറിയതെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. ഈ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ ഉടൻ ഖാര്‍കീവില്‍ നിന്ന് ഒഴിയണമെന്നും ട്രെയിനിന് വേണ്ടി കാത്തിരിക്കാതെ കാല്‍നടയായി പരമാവധി ദൂരത്തേക്കു മാറണമെന്നും അദ്ദേഹം വ്യക്തമാക്കി.
കിഴക്കൻ യുക്രൈന്‍ നിലവിൽ പ്രശ്നബാധിത മേഖലയാണ്. സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും ആളുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. പെസോചിന്‍, ബബയെ, ബെസിഡോല്‍ക എന്നിവിടങ്ങളിലേക്കു മാറണമെന്നാണ് നിര്‍ദേശം. പെസോചിനിലേക്ക് 11 കി.മി, ബബായിലേക്ക് 12 കി.മി, ബെസിഡോല്‍കയിലേക്ക്16 കി.മി. എന്നിങ്ങനെയാണ് ദൂരം.
രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് റഷ്യയുമായി ചർച്ച നടത്തുന്നുണ്ട്. സുരക്ഷിത പാത ഒരുക്കണമെന്നാണ് ആവശ്യപ്പെട്ടത്. യുക്രൈനുമായി സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിയവിൽ നിന്നും ഇന്ത്യക്കാരെ പൂർണമായും ഒഴിപ്പിച്ചിട്ടുണ്ട്. പാസ്പോർട്ട് നഷ്ടപ്പെട്ട വിദ്യാർഥികള്‍ക്കായി ബദൽ സംവിധാനമൊരുക്കുമെന്നും വിദ്യാർഥികളുടെ പ്രയാസങ്ങൾ മനസിലാകുന്നുണ്ടെന്നും ബാഗ്ചി കൂട്ടിച്ചേര്‍ത്തു.
20000 ഇന്ത്യക്കാരാണ് യുക്രൈനില്‍ ഉണ്ടായിരുന്നത്. എല്ലാവരെയും തിരികെയെത്തിക്കും. 17000 ഇന്ത്യക്കാര്‍ ഇതുവരെ യുക്രൈൻ വിട്ടു. 3,352 പേരാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. ബുക്കാറസ്റ്റിൽനിന്നുള്ള ആദ്യ വിമാനം സി-17 ഇന്നു രാത്രിയോടെ ഡൽഹിയിലെത്തും. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു വിമാനങ്ങൾ ഇന്ത്യക്കാരുമായി എത്തി. ഇതുവരെ 15 വിമാനങ്ങളാണ് യുക്രൈനില്‍ നിന്ന് എത്തിയതെന്നും ബാഗ്ചി പറഞ്ഞു.