‘ഇൻഡ്യാ സഖ്യം നിതീഷ് കുമാറിന് പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്തു’; വെളിപ്പെടുത്തലുമായി ജെ.ഡി.യു നേതാവ്

നിഷേധിച്ച് കോൺഗ്രസ്

Update: 2024-06-08 10:50 GMT
Advertising

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാറിനെ തിരികെയെത്തിക്കാനായി ഇൻഡ്യാ സഖ്യം പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തൽ. എന്നാൽ, അദ്ദേഹം അത് നിരസിച്ചുവെന്നും പാർട്ടി നേതാവ് കെ.സി. ത്യാഗി പറഞ്ഞു. വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

‘നിതീഷ് കുമാറിന് പ്രധാനമന്ത്രിയാകാനുള്ള വാഗ്ദാനം ഇൻഡ്യാ സഖ്യത്തിൽനിന്ന് ലഭിച്ചു. ഇൻഡ്യാ സഖ്യത്തിന്റെ കൺവീനറാക്കാൻ പോലും സമ്മതിക്കാത്തവരിൽനിന്നാണ് ഓഫർ വരുന്നത്. അദ്ദേഹം അത് നിരസിച്ചു. തങ്ങൾ എൻ.ഡി.എയുടെ കൂടെ ഉറച്ചുനിൽക്കുക തന്നെ ചെയ്യും’ -ത്യാഗി പറഞ്ഞു. അതേസമയം, ഏത് നേതാവാണ് പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്തതെന്ന് പറയാൻ അദ്ദേഹം വിസമ്മതിച്ചു.

‘വാഗ്ദാനവുമായി നിതീഷ് കുമാറിനെ നേരിട്ട് സമീപിക്കാൻ ചില നേതാക്കൾ ആഗ്രഹിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിനോടും മറ്റു പാർട്ടി നേതാക്കളോടുമുള്ള മോശം ​പെരുമാറ്റം കാരണം ഞങ്ങൾ ഇൻഡ്യാ സഖ്യം വിട്ടതാണ്. ഞങ്ങൾ എൻ.ഡി.എയോടൊപ്പമാണ്. ഇനി പിന്നിലേക്ക് തിരിഞ്ഞുനോക്കുന്ന പ്രശ്നമില്ല’ -ത്യാഗി കൂട്ടിച്ചേർത്തു.

കഴിഞ്ഞവർഷം നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഇൻഡ്യാ സഖ്യത്തിന്റെ ആദ്യ യോഗം ചേരുന്നത്. എന്നാൽ, ഈ വർഷം ജനുവരിയിൽ അദ്ദേഹം എൻ.ഡി.എയോടൊപ്പം ചേരാൻ തീരുമാനിക്കുകയായിരുന്നു. ബി.ജെ.പിയോടൊപ്പം ചേർന്ന് മത്സരിച്ച ജെ.ഡി.യുവിന് ഇത്തവണ 12 സീറ്റാണ് ലഭിച്ചത്.

അതേസമയം, പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തൽ നിഷേധിച്ച് കോൺഗ്രസ് രംഗത്തുവന്നു. ഇതുസംബന്ധിച്ച് യാതൊരു വിവരവും തങ്ങളുടെ പക്കലില്ലെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News