ഇന്‍ഡ്യ മുന്നണി രാജ്യത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ല: എന്‍ഡിഎ യോഗത്തില്‍ നിതീഷ് കുമാര്‍
മോദിക്കൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും ഉടന്‍ സത്യപ്രതിജ്ഞ വേണമെന്നും നിതീഷ് പറഞ്ഞു
ഡല്‍ഹി: നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലേക്ക് പിന്തുണച്ച് ജെ.ഡി.യു അധ്യക്ഷന്‍ നിതീഷ് കുമാര്‍. എന്‍ഡിഎയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ലോക്‌സഭാ എംപിമാരുടെ യോഗത്തിലാണ് നിതീഷ് മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത്. മോദിക്കൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും ഉടന്‍ സത്യപ്രതിജ്ഞ വേണമെന്നും നിതീഷ് പറഞ്ഞു.
നേരത്തെ ഇന്‍ഡ്യാ മുന്നണി രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച നിതീഷ് തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്ക് മുന്‍പാണ് പ്രതിപക്ഷ ഗ്രൂപ്പില്‍ നിന്നും മാറി ബി.ജെ.പിക്കൊപ്പം സഖ്യം ചേര്‍ന്നത്. വെള്ളിയാഴ്ച ചേര്‍ന്ന എന്‍ഡിഎ യോഗത്തില്‍ നിതീഷ് ഇന്‍ഡ്യാ മുന്നണിയെ പരിഹസിക്കുകയും ചെയ്തു. ഇന്‍ഡ്യാ മുന്നണി രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും താനെപ്പോഴും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാലുമാറ്റത്തിന് പേരുകേട്ട നേതാവാണ് നിതീഷ് കുമാര്‍. തെരഞ്ഞെടുപ്പിന് മുമ്പു വരെ ഇന്‍ഡ്യാ മുന്നണിക്കൊപ്പം നിന്ന് വിജയതന്ത്രങ്ങള്‍ മെനഞ്ഞ നിതീഷ് പെട്ടെന്ന് മറുകണ്ടം ചാടിയതാണ് ഇതില്‍ അവസാനത്തേത്. നിതീഷിന്‍റെ അടുത്ത നീക്കം എന്താണെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.
2014ല്‍ 282 സീറ്റുകളും 2019ല്‍ 303 സീറ്റുകളുമായി മൃഗീയ ഭൂരിപക്ഷത്തില്‍ ഒറ്റയ്ക്ക് അധികാരത്തിലെത്തിയ മോദിയുടെ ബി.ജെ.പിക്ക് ഇത്തവണ 240 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കേവല ഭൂരിപക്ഷമായ 272 എന്ന മാജിക് നമ്പര്‍ കടക്കാന്‍ 32 സീറ്റുകള്‍ കുറവ്. എന്‍.ഡി.എയുടെ 53 സീറ്റുകളെ ആശ്രയിച്ചാണ് അധികാരത്തിലേറുന്നത്. ഇതോടെ ശ്രദ്ധ നേടുന്നത് രാഷ്ട്രീയ ചാണക്യന്‍മാരായ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവുമാണ്.