ഒരു മുഴം മുന്നേ ഇന്‍ഡ്യ സഖ്യം; ജൂൺ ഒന്നിന് യോഗം വിളിച്ചതായി റിപ്പോർട്ട്

അരവിന്ദ് കെജ്‌രിവാളിനോട് തിഹാർ ജയിലിൽ തിരിച്ചെത്താൻ സുപ്രിംകോടതി ആവശ്യപ്പെട്ട ജൂണ്‍ രണ്ടിനു തലേ ദിവസമാണ് ഇൻഡ്യ സഖ്യം യോഗം ചേരുന്നതെന്നതും ശ്രദ്ധേയമാണ്

Update: 2024-05-27 10:46 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുംമുൻപ് സുപ്രധാന നീക്കവുമായി പ്രതിപക്ഷ സഖ്യം. അവസാനഘട്ട പോളിങ് നടക്കുന്ന ജൂൺ ഒന്നിന് ഇൻഡ്യ സഖ്യം ഡൽഹിയിൽ യോഗം ചേരുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതിപക്ഷ നേതാക്കളെല്ലാം വിജയപ്രതീക്ഷ പങ്കുവയ്ക്കുന്നതിനിടെയാണ് ഫലസാധ്യതകൾ വിലയിരുത്താനും സർക്കാർ രൂപീകരണ ചർച്ചകൾ നടത്താനുമായി യോഗം ചേരുന്നതെന്നാണ് അറിയുന്നത്.

ഇൻഡ്യ സഖ്യത്തിലെ നേതാക്കൾക്കെല്ലാം ജൂൺ ഒന്നിലെ യോഗത്തിലേക്ക് ക്ഷണം ലഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സഖ്യത്തിന്റെ ഭാഗമായ എല്ലാ പാർട്ടികളുടെയും തലവന്മാർ യോഗത്തിൽ സംബന്ധിക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ബിഹാർ മുൻ മുഖ്യമന്ത്രി തേജസ്വി യാദവ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് തുടങ്ങിയവരെല്ലാം യോഗത്തിനെത്തും. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇടക്കാല ജാമ്യത്തിലുള്ള കെജ്‌രിവാളിനോട് തിഹാർ ജയിലിൽ തിരിച്ചെത്താൻ കോടതി ആവശ്യപ്പെട്ടത് ജൂൺ രണ്ടിനാണ്. ഇതിനു തൊട്ടുതലേ ദിവസമാണു പ്രതിപക്ഷ നേതാക്കൾ ചർച്ചയ്ക്കിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ബി.ജെ.പിക്ക് ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന തരത്തിൽ തെരഞ്ഞെടുപ്പ് വിശകലനങ്ങളെല്ലാം പുറത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിദഗ്ധന്മാർ തന്നെ സമാനമായ പ്രവചനങ്ങൾ നടത്തിക്കഴിഞ്ഞിട്ടുണ്ട്. എൻ.ഡി.എ ക്യാംപിൽ പരാജയഭീതി ഉടലെടുത്തിട്ടുണ്ടെന്നും അതിന്റെ പരിഭ്രമമാണു നേതാക്കളുടെ പ്രസ്താവനകളിൽ നിഴലിക്കുന്നതെന്നുമെന്നുമാണു പ്രതിപക്ഷ നേതാക്കളുടെ വാദം. ഇത്തരമൊരു സാഹചര്യത്തിൽ ഇൻഡ്യ യോഗത്തിന്റെ യോഗത്തിന്റെ വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

മുന്നണിയുടെ വിജയസാധ്യതകൾ യോഗത്തിൽ ചർച്ചയാകും. ഇതോടൊപ്പം ബി.ജെ.പിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ സർക്കാർ രൂപീകരണത്തിനു വേണ്ടി സ്വീകരിക്കേണ്ട തന്ത്രങ്ങളും നടപടികളും നേതാക്കളുടെ ആലോചനയിൽ വന്നേക്കും. സഖ്യം അധികാരത്തിലെത്തിയാലുള്ള ഭാവിപരിപാടികളും പ്രധാനമന്ത്രി, മന്ത്രിസഭാ ചർച്ചകളും യോഗത്തിൽ നടന്നേക്കുമെന്നാണു സൂചന.

മേയ് 25നാണ് ആറാംഘട്ട വോട്ടെടുപ്പ് സമാപിച്ചത്. ഇൻഡ്യ സഖ്യം 272 എന്ന മാന്ത്രികസംഖ്യ പിന്നിട്ടു കഴിഞ്ഞെന്നാണ് ഇതിനുശേഷം കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്. സഖ്യം ആകെ 350 സീറ്റ് സ്വന്തമാക്കുമെന്നും അവകാശവാദമുണ്ട്. ആദ്യ രണ്ടുഘട്ടത്തിനുശേഷം തന്നെ ഇത്തവണ മോദി തരംഗമില്ലെന്ന് എൻ.ഡി.എ അനുകൂല മാധ്യമങ്ങൾ ഉൾപ്പെടെ വിലയിരുത്തിയതാണ്. ഇക്കാര്യം കൂടി പ്രതിപക്ഷത്തിന്റെ പ്രതീക്ഷ ഇരട്ടിയാക്കുന്നുണ്ട്.

വോട്ടെടുപ്പിൽ ഇൻഡ്യയ്ക്ക് അനുകൂലമായ അടിയൊഴുക്ക് ശക്തമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളും വെളിപ്പെടുത്തിയിരുന്നു. ഡി.എം.കെ മന്ത്രിസ്ഥാനങ്ങളെ കുറിച്ചുള്ള ചർച്ച വരെ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. യു.പി.എ സർക്കാരുകളിൽ ലഭിച്ചതിനു സമാനമായ സുപ്രധാന വകുപ്പുകൾ തന്നെ ചോദിക്കാനാണ് ഡി.എം.കെ നീക്കം.

അതേസമയം, ഇൻഡ്യ സഖ്യ രൂപീകരണത്തിന്റെ മുൻനിരയിലുണ്ടായിരുന്ന രണ്ടു പ്രമുഖ നേതാക്കളുടെ അഭാവം തെരഞ്ഞെടുപ്പ് അനന്തര ചർച്ചകളിൽ ശ്രദ്ധിക്കപ്പെടും. സഖ്യം രൂപീകരിക്കാൻ ചുക്കാൻ പിടിച്ച നിതീഷ് കുമാറാണ് ഒന്നാമത്തെയാൾ. തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് നിതീഷ് എൻ.ഡി.എ പാളയത്തിലേക്കു ചാടിയത് പ്രതിപക്ഷ സഖ്യത്തിൽ പരിഭ്രമം സൃഷ്ടിച്ചിരുന്നു. എന്നാൽ, വോട്ടെടുപ്പ് പുരോഗമിക്കവെ ആ പരിഭ്രമങ്ങളെല്ലാം അസാധാരണമായ പ്രതീക്ഷയ്ക്കു വഴിമാറുന്നതാണു കണ്ടത്.

എന്നാൽ, ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിയുടെ നിലപാട് ഒരുപക്ഷെ സർക്കാർ രൂപീകരണ ചർച്ചകളിൽ തന്നെ നിർണായകമായേക്കും. ബംഗാളിൽ കോൺഗ്രസുമായുള്ള തെരഞ്ഞെടുപ്പ് ചർച്ചകൾ തമ്മിൽതല്ലി പിരിഞ്ഞതോടെ ഒറ്റയ്ക്കു മത്സരിക്കാൻ തീരുമാനിച്ച മമത പ്രതിപക്ഷ നിരയ്ക്കു ദുസ്സൂചനകളും നൽകിക്കഴിഞ്ഞിട്ടുണ്ട്. ഇൻഡ്യ അധികാരത്തിലെത്തിയാൽ പുറത്തുനിന്നു പിന്തുണയ്ക്കുമെന്നായിരുന്നു മമത അടുത്തിടെ വ്യക്തമാക്കിയത്. മുൻപ് ബി.ജെ.പിക്കൊപ്പം ചേർന്നുനിന്ന ചരിത്രമുള്ളതിനാൽ അത്തരമൊരു നീക്കം ഫലപ്രഖ്യാപനത്തിനുശേഷം ആവർത്തിച്ചുകൂടെന്നാണു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അതിന്റെ സൂചനയായാണു പ്രതിപക്ഷ നേതാക്കൾ പോലും മമതയുടെ പ്രസ്താവനയെ നോക്കിക്കണ്ടത്.

Summary: INDIA bloc leaders to hold meeting on June 1 ahead of Lok Sabha polls results: Report

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News