യു.പിയിൽ ഇൻഡ്യാ സഖ്യം വിപുലീകരിക്കാൻ നീക്കം; ചന്ദ്രശേഖർ ആസാദുമായി ചർച്ച നടത്തും
2027ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനപിന്തുണയുള്ള കൂടുതൽ നേതാക്കളെ സഖ്യത്തിലെത്തിക്കാനാണ് നീക്കം.
ലഖ്‌നോ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയതിന് പിന്നാലെ ഉത്തർപ്രദേശിൽ ഇൻഡ്യാ സഖ്യം വിപുലീകരിക്കാൻ നീക്കം. നിലവിൽ കോൺഗ്രസും സമാജ് വാദി പാർട്ടിയുമാണ് ഇൻഡ്യാ സഖ്യത്തിലുള്ളത്. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനപിന്തുണയുള്ള കൂടുതൽ നേതാക്കളെ സഖ്യത്തിലെത്തിക്കാനാണ് നീക്കം.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ച് നാഗിന മണ്ഡലത്തിൽ മിന്നും വിജയം നേടിയ ആസാദ് സമാജ് പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദിനെ സഖ്യത്തിലെത്തിക്കാനാണ് നീക്കം. നാഗിനയിൽ ആസാദ് വിജയിച്ചപ്പോൾ പാർട്ടിയുടെ മറ്റൊരു സ്ഥാനാർഥിയായ അമർ സിങ് ചൗധരി ദൊമാരിയാഗഞ്ച് മണ്ഡലത്തിൽ മൂന്നാമതെത്തിയിരുന്നു. ബി.എസ്.പി രണ്ട് മണ്ഡലങ്ങളിലും നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
''മായാവതിക്കും അവരുടെ പാർട്ടിയായ ബി.എസ്.പിക്കും ബദലായി ചന്ദ്രശേഖർ ആസാദ് ഉയർന്നുവരുന്നു എന്നാണ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് തെളിയിക്കുന്നത്. ദലിത് യുവാക്കൾക്കിടയിൽ അദ്ദേഹത്തിന്റെ സ്വീകാര്യത ഗണ്യമായി വർധിച്ചു, ദളിത് വോട്ടുകൾ ബി.എസ്.പിയിൽനിന്ന് അതിവേഗം അദ്ദേഹത്തിലേക്ക് തിരിയുന്നു. 2027ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങളുടെ നില കൂടുതൽ ശക്തമാകുന്നതിനായി ഇൻഡ്യാ സഖ്യത്തിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ തീർച്ചയായും ആഗ്രഹിക്കുന്നു''-മുതിർന്ന എസ്.പി നേതാവ് പറഞ്ഞു.
ചന്ദ്രശേഖർ ആസാദ് നേരത്തെ ഇൻഡ്യാ സഖ്യവുമായി ചർച്ച നടത്തിയിരുന്നു. ആർ.എൽ.ഡി നേതാവ് ജയന്ത് ചൗധരിയുടെ മധ്യസ്ഥതയിലായിരുന്നു അന്ന് ചർച്ച നടത്തിയിരുന്നത്. പിന്നീട് ആർ.എൽ.ഡി അപ്രതീക്ഷിതമായി ഇൻഡ്യാ സഖ്യം വിട്ട് എൻ.ഡി.എയിൽ ചേർന്നതോടെ ചന്ദ്രശേഖർ ആസാദുമായുള്ള ചർച്ചയും അഖിലേഷ് യാദവ് അവസാനിപ്പിക്കുകയായിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചന്ദ്രശേഖർ ആസാദുമായി യോജിച്ച് പ്രവർത്തിക്കാൻ നേരത്തെ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച പ്രകടനമാണ് ഇൻഡ്യാ സഖ്യം യു.പിയിൽ നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്നും സീറ്റ് ചർച്ചകൾ തുടങ്ങിയെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.