കുട്ടികളില്‍ പരീക്ഷണം വേണ്ട; കോവാവാക്സിന് അനുമതി നല്‍കരുതെന്ന് വിദഗ്ധ സമിതി
രാജ്യത്ത് 24 മണിക്കൂറിനിടെ 48,786 കോവിഡ് കേസുകളും 1005 മരണങ്ങളും സ്ഥിരീകരിച്ചു.
അമേരിക്കന്‍ കമ്പനിയായ നോവാവാക്സിന്‍റെ കോവിഡ് വാക്സിന്‍, കോവാവാക്സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് ഇന്ത്യയിൽ അനുമതി നൽകരുതെന്ന് വാക്സിൻ വിദഗ്ധ സമിതി നിര്‍ദേശം. രണ്ടു വയസ് മുതൽ 17 വയസ് വരെയുള്ള കുട്ടികളിൽ ക്ലിനിക്കൽ പരീക്ഷണം നടത്താനാണ് വാക്സിന്‍റെ ഇന്ത്യയിലെ വിതരണക്കാരായ സിറം ഇൻസ്റ്റിറ്റ്യൂട്ട് അനുമതി തേടിയത്. എന്നാല്‍, ആദ്യം മുതിർന്നവരിൽ പരീക്ഷണം നടത്തി തീർക്കാനാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിനോട് വാക്സിൻ വിദഗ്ധ സമിതി ആവശ്യപ്പെട്ടത്.
സ്പുട്നിക് ലൈറ്റിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിനും അനുമതിയില്ല. ഇന്ത്യൻ ഡ്രഗ് റഗുലേറ്ററി ബോർഡാണ് മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി നിഷേധിച്ചത്. സൈഡസ് കാഡില അടിയന്തര ഉപയോഗത്തിന് ഡി.സി.ജി.ഐയുടെ അനുമതി തേടിയിട്ടുണ്ട്. സൈഡസ് കാഡില വികസിപ്പിക്കുന്ന, 12 വയസിന് മുകളിലുള്ളവർക്ക് നൽകാൻ കഴിയുന്ന ഡി.എൻ.എ വാക്സിനായ സൈകോവ് ഡി മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണവും പൂർത്തിയാക്കിയിരുന്നു.
രാജ്യത്ത് 24 മണിക്കൂറിനിടെ 48,786 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. കോവിഡ് രോഗികളുടെ എണ്ണം ആറു ശതമാനം വര്‍ധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 61,558 പേരാണ് ഇന്നലെ രോഗമുക്തരായത്. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5,23,257 ആയി. 96.97 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
ഇന്നലെ 1005 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 3,99,459 പേരുടെ ജീവന്‍ ഇതുവരെ കോവിഡ് കവര്‍ന്നു. 1.31 ശതമാനമാണ് മരണ നിരക്ക്. 33,57,16,019 പേര്‍ ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. രാജ്യത്തെ പുതിയ കേസുകളില്‍ 71.98 ശതമാനം കേസുകളും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്.