ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറി: പ്രധാനമന്ത്രി

കഴിഞ്ഞ എട്ട് വർഷത്തിനിടെ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ ആർക്കും സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നും പ്രധാനമന്ത്രി

Update: 2022-05-31 12:38 GMT
Editor : afsal137 | By : Web Desk
Advertising

ഡൽഹി: ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് പ്രതിസന്ധി തീർത്തപ്പോൾ സർക്കാർ രാജ്യത്തെ ശാസ്ത്രജ്ഞന്മാരെയും ഡോക്ടർമാരെയും യുവാക്കളയും വിശ്വാസിച്ചു. കോവിഡ് പ്രതിരോധത്തിനുള്ള മാർഗങ്ങൾ ഇന്ത്യ ലോകത്തിനു കാണിച്ചുകൊടുത്തുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 'പി.എം-കെയേഴ്‌സ് ഫോർ ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

കോവിഡ് ശക്തി പ്രാപിച്ച സമയത്ത് സർക്കാർ ഏറെ വിമർശനം നേരിട്ടിരുന്നു. എന്നാൽ കോവിഡിനെ നേരിടുന്നതിൽ ഇന്ത്യ അതിന്റെ ശക്തി പ്രകടിപ്പിച്ചുവെന്നും പ്രധാനമന്ത്രി വിശദമാക്കി. കുട്ടികൾക്കുള്ള പിഎം കെയേഴ്സിന്റെ പാസ്ബുക്കും ആയുഷ്മാൻ ഭാരത് -പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ ആരോഗ്യ കാർഡും സ്‌കോളർഷിപ്പുകളും പരിപാടിയിൽ പ്രധാനമന്ത്രി കൈമാറി. ആർക്കെങ്കിലും പ്രൊഫഷണൽ കോഴ്സുകൾക്കും ഉന്നത വിദ്യാഭ്യാസത്തിനും വായ്പ ആവശ്യമുണ്ടെങ്കിൽ, പിഎം-കെയേഴ്സ് അതിനും സഹായിക്കുന്നതാണെന്ന് കോവിഡിനെ തുടർന്ന് അനാഥരായ കുട്ടികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. ഈ കുട്ടികൾക്ക് പ്രതിമാസം 4000 രൂപ നൽകുമെന്നും ഇത് അവരുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

''നമ്മൾ നമ്മളിൽ വിശ്വസിക്കുന്നുവെങ്കിൽ, തീർച്ചയായും ഒരു പ്രകാശകിരണം ദൃശ്യമാകും. നമ്മുടെ രാജ്യം തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം''-പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനെ തുടർന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യ മരുന്നുകളും വാക്‌സിനുകളും അയച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഇത്രയും വലിയ രാജ്യത്ത്, തങ്ങൾ എല്ലാ പൗരന്മാരിലേക്കും വാക്‌സിൻ എത്തിച്ചു, രാജ്യത്ത് 200 കോടി വാക്സിൻ ഡോസുകളാണ് നൽകിയത്, കഴിഞ്ഞ എട്ട് വർഷത്തിനിടെ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ ആർക്കും സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയുടെ യശസ് വാനോളം ഉയർന്നുവെന്നും ഈ മുന്നേറ്റത്തിൽ യുവാക്കളുടെ പങ്ക് സന്തോഷം നൽകുന്നതാണെന്നും അദ്ദേഹം വിശദമാക്കി. 2014 ന് മുമ്പ് വലിയ അഴിമതികളാണ് രാജ്യം കണ്ടത്. എന്നാൽ അതിൽ നിന്നെല്ലാം ഇന്ത്യ കരകയറിയെന്നും വ്യക്തമാക്കിയ പ്രധാനമന്ത്രി കോൺഗ്രസിനെ കുറ്റപ്പെടുത്തി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News