കെജ്‌രിവാളിന്റെ അറസ്റ്റ്; പ്രതിഷേധവുമായി ഞായറാഴ്ച ഇന്‍ഡ്യ സഖ്യത്തിന്റെ റാലി
കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് റാലി നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ഡല്‍ഹി പൊലീസും ഇന്‍ഡ്യ സഖ്യത്തിന് അനുമതി നല്‍കി
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്‍ഡ്യ സഖ്യം ഞായറാഴ്ച ഡല്‍ഹിയില്‍ മാര്‍ച്ച് നടത്തും. പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധി, മല്ലിഗാര്‍ജുന്‍ ഖാര്‍ഗെ, ശരത് പവാര്‍, ഉദ്ധവ് താക്കറെ തുടങ്ങിയവര്‍ രാംലീല മൈദാനത്ത് നടക്കുന്ന റാലിയില്‍ പങ്കെടുക്കും.
കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് റാലി നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ഡല്‍ഹി പൊലീസും ഇന്‍ഡ്യ സഖ്യത്തിന് അനുമതി നല്‍കി. കെജ്‌രിവാളിനെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും, കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നും കേന്ദ്ര ഏജന്‍സി അറിയിച്ചതിനെ തുടര്‍ന്ന് റോസ് അവന്യൂ കോടതി കെജ്രിവാളിന്റെ റിമാന്‍ഡ് നീട്ടിയതിന് തൊട്ടുപിന്നാലെയാണ് സഖ്യത്തിന്റെ നീക്കം.
അതേസമയം കെജ്‌രിവാളിന്റെ അറസ്റ്റ് കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.
ജയിലില്‍ കഴിയുന്ന കെജ്‌രിവാളിന് പിന്തുണയും പ്രാര്‍ത്ഥനയും പങ്കുവെക്കാന്‍ കെജ്‌രിവാള്‍ കോ ആശിര്‍വാദ് എന്ന കാമ്പയിന്‍ തുടങ്ങിയതായി കെജ്‌രിവാളിന്റെ ഭാര്യ സുനിത അറിയിച്ചിരുന്നു. അതിനായുള്ള വാട്‌സാപ് നമ്പര്‍ നല്‍കുകയും ചെയ്തിരിന്നു. അതുവഴി കെജ്‌രിവാളിന് സന്ദേശങ്ങള്‍ അയക്കാമെന്നും സുനിത പറഞ്ഞു.
'ഇന്ത്യ സഖ്യത്തിലെ എല്ലാ വലിയ നേതാക്കളും മാര്‍ച്ച് 31 ന് ഡല്‍ഹിയിലെ രാംലീല മൈതാനത്തേക്ക് വരുന്നുണ്ട്. ഡല്‍ഹിയിലെ ജനങ്ങളും വരാന്‍ തയ്യാറെടുക്കുകയാണ് '. റാലിക്ക് അനുമതി ലഭിച്ചതിന് ശേഷം എ.എ.പി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ഗോപാല്‍ റായ് എക്സില്‍ കുറിച്ചു.
'റാലിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, ശരദ് പവാര്‍, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, ഫാറൂഖ് അബ്ദുല്ല, ഭഗവന്ത് മാന്‍, ചമ്പായി സോറന്‍, തേജസ്വി യാദവ്, സീതാറാം യെച്ചൂരി, ഡെറക് ഒബ്രിയാന്‍, ട്രിച്ചി ശിവ, ഡി രാജ, ദീപാചാര്യ, കല്‍പ്പന്‍കര്‍ ഭട്ട സോറനും ജി ദേവരാജനും എന്നിവരാണ് ഇതുവരെ റാലിയില്‍ പങ്കെടുക്കുന്നതായി അറിയിച്ചിട്ടുള്ളത്'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21നാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. കെജ്‌രിവാളിനെ ഇ.ഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി കെജ്‌രിവാളിനെ ചോദ്യം ചെയ്യാനാണ് ഇ.ഡി തീരുമാനം.ഗോവ ആം ആദ്മി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അമിത് പലേക്കര്‍ ഉള്‍പ്പെടെ 2 പേരെ ഇ.ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു.പ്രാഥമിക ചോദ്യം ചെയ്യലില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ പാര്‍ട്ടിയുടെ ചെലവുകളുടെ വിശദാംശങ്ങളെക്കുറിച്ചും ഇ.ഡി ചോദിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ബാങ്ക് അക്കൗണ്ട് ഇടപാടുകളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ നേതാക്കളോട് ഇ. ഡി ആവശ്യപെട്ടു.മദ്യം അഴിമതിയിലൂടെ ലഭിച്ച പണം ഗോവയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നും ഗോവയിലെ സ്ഥാനാര്‍ഥികള്‍ അടക്കം ഇതില്‍ പങ്കുണ്ടെന്നും ഇ.ഡി കോടതിയില്‍ ആരോപിച്ചിരുന്നു.