13 വർഷത്തിന് ശേഷം രാജ്യത്ത് സെൻസസ് വരുന്നു; സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്
2011 ലാണ് അവസാനമായി സെൻസസ് നടന്നത്
ന്യൂഡൽഹി: രാജ്യത്ത് 2021 ൽ നടക്കേണ്ട സെൻസസ് സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. 13 വർഷത്തെ ഇടവേളക്ക് ശേഷമാണ് രാജ്യത്ത് സെൻസസ് നടക്കുന്നത്. ഇതിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. 2011 ലാണ് അവസാനമായി സെൻസസ് നടന്നത്. പത്ത്‍വർഷം കൂടുമ്പോഴാണ് സെൻസസ് നടക്കുന്നത്. 150 വർഷത്തെ ചരിത്രത്തിലിതാദ്യമായാണ് ഇത്രയും കാലം വൈകി സെൻസസ് നടക്കുന്നത്.
അടുത്ത മാസം ആരംഭിക്കുന്ന സെൻസസ് പൂർത്തിയാകാൻ 18 മാസമെടുക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. സെൻസസുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാകേണ്ട സമയപരിധി കേന്ദ്രം തയാറാക്കിയിട്ടുണ്ട്. സെൻസസ് ഫലങ്ങൾ 2026 മാർച്ചിൽ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്. എന്നാൽ സെൻസസിന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ ഔദ്യോഗിക അനുമതി നൽകിയിട്ടില്ലെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
സെൻസസ് നടത്തുന്നത് നീളുന്നതിനെ സർക്കാരിന് അകത്തും പുറത്തുമുള്ള സാമ്പത്തിക വിദഗ്ധർ നിന്ന് വിമർശിച്ചിരുന്നു. സെൻസസ് വൈകിയത് രാജ്യത്തെ സ്ഥിതിവിവരക്കണക്കുകൾ തയാറാക്കുന്നതിനെ ബാധിച്ചിരുന്നു. സാമ്പത്തിക സൂചകങ്ങൾ, പണപ്പെരുപ്പനിരക്ക്, തൊഴിൽ കണക്കുകൾ എന്നിവയുടെ കണക്കുകൾ നിലവിൽ തയാറാക്കുന്നത് 2011 ലെ സെൻസസ് അടിസ്ഥാനമാക്കിയാണ്.
കോവിഡ്-19 പടർന്ന് പിടിച്ചതോടെയാണ് സെൻസസ് നടക്കുന്നത് ആദ്യം വൈകുന്നത്. എന്നാൽ അധികാരത്തിലുണ്ടായിരുന്ന മോദി സർക്കാർ സെൻസസുമായി മുന്നോട്ട് പോകാൻ പിന്നീട്റാ തയാറായില്ല. സെൻസസ് വൈകിയത് രാജ്യത്തെ ശ്രദ്ധേയമായ നിരവധി സർവെകളെ ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാഷണൽ സാമ്പിൾ സർവേ ഓഫീസിന്റെ (എൻ.എസ്.എസ്.ഒ) സർവേകളുടെ ഗുണനിലവാരത്തെ ബാധിച്ചു. ആരോഗ്യം, ജനന മരണക്കണക്കുകൾ, സമ്പദ്‌വ്യവസ്ഥ എന്നിവയടക്കമുള്ള 15 സുപ്രധാന ഡാറ്റകളെയെങ്കിലും സെൻസസ് റിപ്പോർട്ടില്ലാത്തത് ബാധിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങളും സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.
2021 ലെ സെൻസസ് നടത്താത്തതിനാൽ ഏകദേശം 10 കോടി ആളുകൾ പൊതുവിതരണ സംവിധാനത്തിൽ (പി.ഡി.എസ്) പുറത്തായെന്നാണ് വിലയിരുത്തൽ. 2011 ലെ സെൻസസിലെ കണക്കുപ്രകാരം തയാറാക്കിയ 80 കോടി ആളുകളാണിപ്പോഴും പൊതുവിതരണ സംവിധാനത്തിൽ ഇടംപിടിച്ചിരിക്കുന്നത്. ജനസംഖ്യാ വർധനവുസരിച്ച് ഇതിലും മാറ്റമുണ്ടാകേണ്ടതാണ്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം അനസുരിച്ച് നഗരങ്ങളിൽ നിന്നുള്ള 50 ശതമാനവും ഗ്രാമങ്ങളിൽ നിന്നുള്ള 75 ശതമാനവും ആളുകൾ പൊതുവിതരണ സംവിധാനത്തിൽ വരണം. അതനുസരിച്ചാണ് 2011 ലെ സെൻസസ് പ്രകാരം 80 കോടി എന്ന കണക്കിൽ സർക്കാരെത്തിയത്. ഇന്ന് സെൻസസ് നടത്തുകയാണെങ്കിൽ, ഏകദേശം 10 കോടി ആളുകൾകൂടി പൊതുവിതരണത്തിന്റെ ഗുണഭോക്താക്കളായി കൂട്ടിച്ചേർക്കപ്പെടുമെന്നാണ് സാമ്പത്തിക വിദഗ്ധ റീതിക ഖേര ചൂണ്ടിക്കാട്ടുന്നത്.
ഭക്ഷ്യസുരക്ഷയ്‌ക്ക് പുറമെ, സെൻസസ് വിവരങ്ങളുടെ അഭാവം തൊഴിലുറപ്പ് പദ്ധതിയെയും ബാധിച്ചു. സംസ്ഥാനത്തെ കുടുംബങ്ങളുടെയും തൊഴിലാളികളുടെയും എണ്ണം അടിസ്ഥാനമാക്കിയാണ് ഓരോ സംസ്ഥാനത്തിനും കേന്ദ്രസർക്കാർ ഈ പദ്ധതിക്ക് ഫണ്ട് അനുവദിക്കുന്നത്.
സെൻസസ് കണക്കുകളില്ലാത്തതിനാൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ വികസനം, വാർദ്ധക്യകാല പെൻഷൻ, പാവപ്പെട്ടവർക്കുള്ള ഭവനനിർമ്മാണം എന്നിവ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികൾക്ക് ഫണ്ട് അനുവദിക്കാൻ വിവിധ സംസ്ഥാന സർക്കാരുകളും ബുദ്ധിമുട്ടുകയാണ്. അർഹരായ ഗുണഭോക്താക്കൾ ക്ഷേമപദ്ധതികളിൽ നിന്ന് പുറത്താകുന്നില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാരുകൾ പണം കണ്ടെത്തേണ്ടിവരുന്ന സാഹചര്യമുണ്ട്.
‘ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്, ജനസംഖ്യാപരമായ പ്രൊഫൈൽ, ലിംഗാനുപാതം, കുടിയേറ്റം, കുടുംബങ്ങളുടെ സാമ്പത്തിക വൈവിധ്യം, നഗരവൽക്കരണത്തിന്റെ വ്യാപ്തി എന്നിവയിലെ മാറ്റങ്ങൾ മനസിലാക്കാൻ സെൻസസ് ഡാറ്റ വളരെ നിർണായകമാണെന്ന് മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിലെ പ്രൊഫസർ എം. വിജയഭാസ്കർ പറഞ്ഞു. ദാരിദ്ര്യവും അസമത്വവും കണക്കാക്കുന്നതിനുള്ള സാമ്പിൾ സർവേയുടെ അടിസ്ഥാനവും ചട്ടവും രൂപപ്പെടുത്തുന്നത് സെൻസസ് ഡാറ്റയിലാണെന്നും അദ്ദേഹം പറഞ്ഞു.