കോൺഗ്രസ് മുക്തഭാരതം സൃഷ്ടിക്കാൻ അനുവദിക്കില്ലെന്ന് ഖാര്‍ഗെ
പാർട്ടിയെ തന്‍റെ പരമാവധി കഴിവ് ഉപയോഗിച്ച് മുന്നോട്ട് നയിക്കുമെന്ന് കോൺഗ്രസിന്‍റെ മുൻകാല അധ്യക്ഷന്മാരെ സാക്ഷി നിർത്തി വാക്ക് നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഡല്‍ഹി: ഒരു സാധാരണ പ്രവർത്തകനെ കർഷകന്‍റെ മകനെ പാർട്ടിയുടെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തതിന് നന്ദിയെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയെ തന്‍റെ പരമാവധി കഴിവ് ഉപയോഗിച്ച് മുന്നോട്ട് നയിക്കുമെന്ന് കോൺഗ്രസിന്‍റെ മുൻകാല അധ്യക്ഷന്മാരെ സാക്ഷി നിർത്തി വാക്ക് നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അംബേദ്ക്കറിന്‍റെ ഭരണഘടനയ്ക്കായി പോരാടണം. സാധ്യമായതെല്ലാം ചെയ്യും. എല്ലാവരും ഒപ്പമുണ്ടാകണം. വിദ്വേഷത്തിന്‍റെയും ജനാധിപത്യ വിരുദ്ധതയുടെയും രാജ്യത്തെ ഭരണം അവസാനിപ്പിക്കും. സോണിയാ ഗാന്ധി സത്യത്തിന്‍റെ വഴിയെ സഞ്ചരിച്ചു. അധികാര രാഷ്ട്രീയത്തിന് വഴങ്ങിയിട്ടില്ല. വരൂ ...... ഒന്നിച്ച് നടക്കാമെന്ന് ഖാര്‍ഗെ കോൺഗ്രസ് പ്രവർത്തകരോട് പറഞ്ഞു. പ്രതിസന്ധികൾക്കിടയിലും രാഹുൽ ഗാന്ധി ജനങ്ങളുമായി ആശയവിനിമയം നടത്തുകയാണ്. യുവാക്കൾക്ക് പാർട്ടിയിൽ കൂടുതൽ പ്രാതിനിധ്യം നൽകുമെന്ന ചിന്തൻ ശിബിർ പ്രഖ്യാപനം ഖാര്‍ഗെ പ്രസംഗത്തിനിടയില്‍ ആവര്‍ത്തിച്ചു. വിദ്വേഷത്തിന്‍റെ രാഷ്ട്രീയത്തിനെതിരെ പോരാടും. താൻ നിരവധി പ്രതിസന്ധികളെ അഭിമുഖീകരിച്ച് വന്ന ആളാണ്. ഭാവിയിൽ ഉണ്ടാകുന്ന വെല്ലുവിളികളും ഒന്നിച്ച് നേരിടുമെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പ്രതിപക്ഷ മുക്തമെന്നത് ആർ.എസ്.എസ് ലക്ഷ്യമാണെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
കോൺഗ്രസ് മുക്തഭാരതം സൃഷ്ടിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ ഖാർഗെ ഭാരത് ജോഡോ യാത്രയുടെ ആഹ്വാനം എല്ലായിടത്തും എത്തിക്കാനും ആവശ്യപ്പെട്ടു. എല്ലാവർക്കും തുല്യതയുള്ള ഇന്ത്യ സൃഷ്ടിക്കും. ജനങ്ങളുടെ ശബ്ദമാകും. ആരെയും ഭയക്കുന്നില്ലെന്നും ഖാര്‍ഗെ പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി ഖാര്‍ഗെയ്ക്ക് ആശംസകള്‍ നേര്‍ന്നു. സ്വന്തം പ്രയത്നം കൊണ്ട് ഉയർന്ന് വന്ന നേതാവാണ് ഖാര്‍ഗെ. അദ്ദേഹത്തിന്‍റെ നേത്യത്വത്തിൽ കോൺഗ്രസ് ശക്തി പ്രാപിക്കും. പരിചയ സമ്പന്നനായ നേതാവിനെയാണ് അധ്യക്ഷനായി തെരഞ്ഞെടുത്തത്. കോൺഗ്രസുകാരുടെ സ്നേഹം അവസാന ശ്വാസം വരെ ഓർക്കും. വലിയ ചുമതലയാണ് ഖാർഗെയ്ക്കുള്ളത്. ജനാധിപത്യ പരമായ രീതിയിലാണ് പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുത്തത്. ജനാധിപത്യ മൂല്യം സംരക്ഷിക്കണമെന്ന വെല്ലുവിളി മുന്നിലുണ്ട്. കോൺഗ്രസിന് മുമ്പും പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. ഒറ്റക്കെട്ടായി സർവ്വശക്തിയുമെടുത്ത് മുന്നോട്ട് പോകുമെന്നും സോണിയ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷനെ ഒറ്റക്കെട്ടായി തെരഞ്ഞെടുത്തത് പോലെ രാജ്യത്തെ മുന്നോട്ട് നയിക്കാനും കൂട്ടായ പ്രയത്നം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. തനിക്ക് നൽകിയ എല്ലാ പിന്തുണയ്ക്കും നന്ദി. മധുസൂദൻ മിസ്ത്രിക്കും നന്ദി...സോണിയ പറഞ്ഞു. മല്ലികാർജുൻ ഖാർഗെ സോണിയാ ഗാന്ധിക്ക് ഉപഹാരം സമർപ്പിച്ചു. എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പ് ശ്രമകരമായിരുന്നു എന്ന് എ.ഐ.സി.സി ഇലക്ഷൻ അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടിയും ഉൾപ്പാർട്ടി ജനാധിപത്യം പ്രസംഗിക്കും എന്നാല്‍ കോൺഗ്രസ് അത് പ്രവർത്തിച്ച് കാണിച്ചുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. ഇരുന്ന പദവികളിൽ എല്ലാം കോൺഗ്രസിന്‍റെ പ്രത്യശാസ്ത്രം മുറുകെപ്പിടിച്ച നേതാവാണ് ഖാർഗെ. പാർട്ടിയുടെ മാർഗദീപമായി സോണിയ ഗാന്ധി ഉണ്ടാകുമെന്നും വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു.