12,000 രൂപയിൽ താഴെ വില വരുന്ന ചൈനീസ് ഫോണുകൾ നിരോധിക്കാനൊരുങ്ങി ഇന്ത്യ

തദ്ദേശ ബ്രാൻഡുകൾക്ക് അവസരം നൽകുന്നതിനാണ് ഈ നീക്കം

Update: 2022-08-08 15:30 GMT
Editor : Dibin Gopan | By : Web Desk
Advertising

ന്യൂഡൽഹി: 12,000 രൂപയിൽ താഴെ വില വരുന്ന ചൈനീസ് ഫോണുകൾ നിരോധിക്കാനൊരുങ്ങി ഇന്ത്യ. ബ്ലൂംബർഗ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ സാമ്പത്തിക രംഗത്തിന് ഉണർവേകാൻ 150 ഡോളറിൽ താഴെ വില വരുന്ന ഫോണുകൾ നിരോധിക്കാനാണ് സർക്കാർ നീക്കമെന്നാണ് റിപ്പോർട്ട്.

തദ്ദേശ ബ്രാൻഡുകൾക്ക് അവസരം നൽകുന്നതിനാണ് ഈ നീക്കം. പുതിയ നീക്കം ഷവോമിക്ക് വലിയ തിരിച്ചടിയാകും സമ്മാനിക്കുക. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ മാർക്കറ്റായ ഇന്ത്യയിലെ രണ്ടാം നിരയിൽ നിന്ന് ചൈനീസ് ഫോണുകൾ നിരോധിക്കുന്നത് പല കമ്പനികൾക്കും വലിയ തിരിച്ചടിയാകും. ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോണുകളിൽ മൂന്നിലൊന്നും 12,000 രൂപയ്ക്ക് താഴെ വില വരുന്ന സ്മാർട്ട്ഫോണുകളാണ്. ഇതിൽ 80 ശതമാനവും ചൈനീസ് കമ്പനികളുടെ ഫോണുകളാണ്.

അതേസമയം, ദിവസങ്ങൾക്ക് മുമ്പ് 348 മൊബൈൽ ആപ്പുകൾ കേന്ദ്രം വിലക്കിയിരുന്നു. ഉപഭോക്താക്കളുടെ വിവരങ്ങൾ രാജ്യത്തിനു പുറത്തേക്ക് കടത്തുന്നുവെന്ന് കരുതപ്പെടുന്ന ആപ്പുകൾക്കാണ് വിലക്കിയത്. ചൈന ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലാണ് ഈ ആപ്പുകൾ ഡെവലപ്പ് ചെയ്യപ്പെട്ടത്. ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. ഏതൊക്കെ ആപ്പുകളാണ് വിലക്കിയതെന്നതിൽ വ്യക്തതയില്ല.

ദിവസങ്ങൾക്ക് മുമ്പ് ബാറ്റിൽ റൊയാൽ ഗെയിമായ പബ്ജിയുടെ ഇന്ത്യൻ പതിപ്പ് 'ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ'യെയും കേന്ദ്രം വിലക്കിയിരുന്നു. ഗെയിം കളിക്കാൻ സമ്മതിക്കാത്തതിന് 16കാരൻ മാതാവിനെ വെടിവച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേന്ദ്രം ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ വിലക്കിയത്.

കഴിഞ്ഞ മാസമാണ് 16 വയസുകാരൻ അമ്മയെ കൊലപ്പെടുത്തിയത്. തുടർന്ന് ഗെയിമിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രഹാർ എന്ന എൻജിഒ ഹർജി സമർപ്പിച്ചു. ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എന്നത് നേരത്തെ രാജ്യം നിരോധിച്ച പബ്ജി തന്നെയാണെന്നും ഹർജിയിൽ സൂചിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് കേന്ദ്രം ഗെയിം നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തത്.

2020 സെപ്തംബറിൽ വ്യക്തിഗത സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രം നിരോധിച്ചതിനു പിന്നാലെ ഇന്ത്യയിൽ തിരികെയെത്താനുള്ള ശ്രമം പബ്ജി ആരംഭിച്ചിരുന്നു. ഇതിനായാണ് കഴിഞ്ഞ വർഷം ജൂണിൽ പബ്ജി ഇന്ത്യൻ പതിപ്പ് ഇവർ പുറത്തിറക്കിയത്. ഇത് ഇന്ത്യൻ മാർക്കറ്റിനുവേണ്ടി പ്രത്യേകമായി തയാറാക്കിയതാണ്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News