സിറിഞ്ച് രഹിത കോവിഡ് വാക്‌സിൻ സൈകോവ്- ഡി; 265 രൂപ നിരക്കിൽ ഇന്ത്യ ഒരു കോടി ഡോസ് വാങ്ങിക്കുന്നു
സിറിഞ്ച് ഉപയോഗിക്കാതെ പ്രത്യേക ഡിസ്‌പോസിബിൾ പെയിൻലെസ് ജെറ്റ് ആപ്ലിക്കേറ്ററിന്റെ സഹായത്താലാണ് വാക്‌സിൻ നൽകുന്നത്.
സൈഡസ് കാഡിലയുടെ സിറിഞ്ച് രഹിത കോവിഡ് വാക്‌സിൻ സൈകോവ്- ഡിയുടെ ഒരു കോടി ഡോസുകൾ വാങ്ങാൻ കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോർട്ട്. 265 രൂപ നിരക്കിൽ ആണ് വാക്‌സിൻ വാങ്ങുന്നത്. 12-18 വയസ്സിനിടയിലുള്ള കുട്ടികൾക്ക് നൽകാനായി ഇന്ത്യയിൽ ആദ്യമായി അനുമതി ലഭിച്ച വാക്‌സിനാണ് സൈകോവ്- ഡി
അഹമദാബാദ് ആസ്ഥാനമായ കമ്പനി നേരത്തെ ഒരു ഡോസ് വാക്‌സിന് 1900 രൂപയാണ് നിശ്ചയിച്ചിരുന്നത്. സിറിഞ്ചും സൂചിയും ഉപയോഗിക്കാത്ത വാക്‌സിൻ ആയതിനാൽ മറ്റ് വാക്‌സിനുകളേക്കാൾ സൈകോവ്- ഡിയ്ക്ക് വില കൂടുമെന്നായിരുന്നു കമ്പനിയുടെ വാദം.
ഗവൺമെന്റുമായുള്ള ചർച്ചകളെത്തുടർന്ന് ഡിസ്‌പോസിബിൾ ജെറ്റ് ആപ്ലിക്കേറ്ററിന്റെ വിലയായ 93 രൂപ ഉൾപ്പെടുന്ന ഓരോ ഡോസിനും കമ്പനി, വില 358 രൂപയായി കുറച്ചതായും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഡിഎൻഎ അടിസ്ഥാനമാക്കിയുള്ള ലോകത്തിലെ ആദ്യ വാക്‌സിനായ സൈകോവ്-ഡി ആദ്യ ഡോസിന് ശേഷം 28 -ാം ദിവസവും പിന്നീട് 56-ാം ദിവവും രണ്ടും മൂന്നും ഡോസ് എടുക്കണം. കുത്തിവെപ്പിനായി പരമ്പരാഗത സിറിഞ്ച് ഉപയോഗിക്കാതെ പ്രത്യേക ഡിസ്‌പോസിബിൾ പെയിൻലെസ് ജെറ്റ് ആപ്ലിക്കേറ്ററിന്റെ സഹായത്താലാണ് വാക്‌സിൻ നൽകുന്നത്.