നേതാജി ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ ഒരിക്കലും വിഭജിക്കപ്പെടില്ലായിരുന്നു: അജിത്ത് ഡോവല്‍
ഗാന്ധിയെ അടക്കം വെല്ലുവിളിക്കാനുള്ള ചങ്കൂറ്റം നേതാജിക്ക് ഉണ്ടായിരുന്നുവെന്നും ഡോവല്‍ പറഞ്ഞു
ന്യൂഡല്‍ഹി: നേതാജി സുബാഷ് ചന്ദ്രബോസ് ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ ഒരിക്കലും വിഭജിക്കപ്പെടില്ലായിരുന്നുവെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍. ഡല്‍ഹിയില്‍ വെച്ച് നടന്ന നേതാജി സുബാഷ് ചന്ദ്രബോസ് മെമ്മോറിയല്‍ ലക്ചറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേതാജി തന്റെ ജീവിതത്തിലുടനീളം അസാമാന്യ ധൈര്യം കാണിച്ചിരുന്നുവെന്നും, ഗാന്ധിയെ അടക്കം വെല്ലുവിളിക്കാനുള്ള ചങ്കൂറ്റം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും ഡോവല്‍ പറഞ്ഞു.
നേതാജി എല്ലായിപ്പോഴും ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചിരുന്നതെന്നും, ജപ്പാനൊഴികെയുള്ള ഒരു രാജ്യവും അദ്ദേഹത്തെ പിന്തുണച്ചില്ലെന്നും ഡോവല്‍ വിമര്‍ശിച്ചു.
'സ്വാതന്ത്ര്യത്തിന് വേണ്ടി താന്‍ ഒരിക്കലും യാചിക്കില്ല. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടും. സ്വാതന്ത്ര്യമെന്റെ അവകാശമാണ്, അതെനിക്ക് ലഭിച്ചേ മതിയാകൂ എന്ന് പറഞ്ഞയാളാണ് നേതാജി. ഇന്ത്യാ വിഭജന സമയത്ത്നേതാജി ഉണ്ടായിരുന്നെങ്കില്‍ അതൊരിക്കലും സംഭവിക്കില്ലായിരുന്നു. അന്ന് ജിന്ന പറഞ്ഞത് തനിക്ക് അംഗീകരിക്കാന്‍ കഴിയുന്ന ഒരേ ഒരു നേതാവ് സുഭാഷ് ചന്ദ്രബോസ് മാത്രമാണെന്നാണ്.' ഡോവല്‍ പറഞ്ഞു.
ചരിത്രം നേതാജിയുടെ സംഭാവനകള്‍ നിര്‍ദയമായി തള്ളിക്കളഞ്ഞുവെന്നും, എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അവയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നതില്‍ താന്‍ സന്തോഷവാനാണെന്നും ഡോവല്‍ കൂട്ടിച്ചേര്‍ത്തു.