മുസ്‌ലിംകളെ ഒഴിവാക്കി ഇന്ത്യൻ ഭരണഘടന തിരുത്തിയെഴുതും-പ്രവീൺ തൊഗാഡിയ
'പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രി, കലക്ടർ, ജില്ലാ മജിസ്‌ട്രേറ്റ്, പൊലീസ് സുപ്രണ്ട്, ജഡ്ജി അടക്കം ഒരു ഭരണഘടനാ പദവിയും വഹിക്കാൻ മുസ്‌ലിംകളെ അനുവദിക്കില്ല.'
ന്യൂഡൽഹി: ഹിന്ദുക്കളുടെ താൽപര്യങ്ങൾക്കനുസരിച്ച് ഇന്ത്യൻ ഭരണഘടന തിരുത്തിയെഴുതുമെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് തലവൻ പ്രവീൺ തൊഗാഡിയ. പുതിയ ഭരണഘടനയിൽ മുസ്‌ലിംകൾക്ക് സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിൽ ഒരു പൊതുപരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് തൊഗാഡിയയുടെ പ്രകോപനപരമായ പരാമർശങ്ങൾ.
'അധികാരത്തിലെത്തിയാൽ നമ്മൾ ഭരണഘടന തിരുത്തിയെഴുതും. അതുവഴി ഒരു ഭരണഘടനാ പദവിയും വഹിക്കാൻ മുസ്‌ലിംകളെ അനുവദിക്കില്ല. നമുക്ക് നമ്മുടെ രാജ്യത്തെ സംരക്ഷിക്കണം.'-തൊഗാഡിയ വ്യക്തമാക്കി.
'സൗദി അറേബ്യയിലും പാകിസ്താനിലുമൊക്കെ ഹിന്ദുവിന് പ്രധാനമന്ത്രിയാകാനാകുമോ? അവർക്ക് ലജ്ജയില്ലെന്നു കരുതി നമ്മളെന്തിനു ലജ്ജിക്കണം? അവരെ തടയണം. പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രി, കലക്ടർ, ജില്ലാ മജിസ്‌ട്രേറ്റ്, പൊലീസ് സുപ്രണ്ട്, ജഡ്ജി അടക്കം ഒരു ഭരണഘടനാ പദവിയും വഹിക്കാൻ നമ്മൾ അനുവദിക്കില്ല.'
പുതിയ ഭരണഘടനാ പ്രകാരം രണ്ടിലേറെ മക്കളുള്ളവർക്ക് ഭക്ഷ്യവസ്തുക്കൾക്ക് സർക്കാർ സബ്‌സിഡി ലഭിക്കില്ലെന്നും തൊഗാഡിയ വ്യക്തമാക്കി. സർക്കാർ ആശുപത്രികളിലും സ്‌കൂളിലും സൗജന്യസേവനം ലഭിക്കില്ല. ബാങ്കിൽനിന്ന് ലോണോ സർക്കാർ ജോലിയോ ഒന്നും ലഭിക്കില്ല. വോട്ടവകാശവുമുണ്ടാകില്ല. ഒരൊറ്റ നിയമത്തിലൂടെ രണ്ട് വർഷത്തിനകം രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥ അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസംഗത്തിന്റെ തിയതി അടക്കമുള്ള വിശദാംശങ്ങൾ വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസമാണ് പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. അതേസമയം, 'വീർ ഹിന്ദു, വിജേത ഹിന്ദു' എന്ന പേരിൽ ഹിന്ദു സംരക്ഷണത്തിനായി പ്രത്യേക പരിപാടി ആരംഭിച്ചതായും പ്രവീൺ തൊഗാഡിയ മാധ്യമങ്ങളോട് വെളിപ്പെടുത്തി. പദ്ധതിയുടെ ഭാഗമായി രണ്ടു കോടിയോളം ഹിന്ദു യുവതി-യുവാക്കൾക്ക് ത്രിശൂലം വിതരണം ചെയ്യുമെന്നും തൊഗാഡിയ പ്രഖ്യാപിച്ചു.
'ഈ സംഘം കൃത്യമായി കായികപരിശീലനം നടത്തും. ക്രിക്കറ്റ്, കബഡി, ഖോ ഖോ, ബാഡ്മിന്റൺ അടക്കമുള്ള കായിക ഇനങ്ങളിൽ പങ്കെടുക്കും. വിജയദശമി ദിനത്തിൽ ആയുധപൂജ നടത്തും. ഹിന്ദു മതത്തെ സംരക്ഷിക്കാനായി പൊലീസ് സേനയുടെ ഭാഗമാകുകയും ചെയ്യും-പ്രവീൺ തൊഗാഡിയ മാധ്യമങ്ങളോട് പറഞ്ഞു.
Summary: ''When in power, we will rewrite constitution with no place for Muslims'', says President of Antarashtriya Hindu Parishad Pravin Togadia