മധ്യപ്രദേശിൽ ക്രൈസ്തവസഭാ അനാഥാലയത്തിനെതിരെ ശിശുക്ഷേമ സമിതി; കുട്ടികളെ ഒഴിപ്പിക്കാനുള്ള നീക്കം കോടതി തടഞ്ഞു
അനാഥാലയത്തിൽ ബീഫ് വിളമ്പുകയും കുട്ടികളെ നിർബന്ധിച്ച് ക്രിസ്തുമതത്തിലേക്ക് മാറ്റുകയും ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് നേരത്തെ ഹിന്ദുത്വസംഘടനകളുടെ പ്രതിഷേധമുണ്ടായിരുന്നു
മധ്യപ്രദേശിൽ ക്രൈസ്തവസഭയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന അനാഥാലയത്തിൽനിന്ന് കുട്ടികളെ നിർബന്ധിച്ച് ഒഴിപ്പിക്കാൻ ശ്രമം ഹൈക്കോടതി തടഞ്ഞു. സാഗർ രൂപതയ്ക്കു കീഴിലുള്ള ശ്യാംപൂരിലെ സെന്റ് ഫ്രാൻസിസ് അനാഥാലയത്തിലെ 44 അന്തേവാസികളെ ഒഴിപ്പിക്കാനാണ് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരും പൊലീസുമെത്തിയത്. കുട്ടികളടക്കം പ്രതിഷേധമുയർത്തിയെങ്കിലും ഉദ്യോഗസ്ഥർ നടപടിയുമായി മുന്നോട്ടുപോകുന്നതിനിടെയാണ് കോടതിയുടെ ഇടപെടൽ.
രജിസ്‌ട്രേഷനില്ലാതെയാണ് അനാഥാലയം പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചാണ് പൊലീസുമായി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. ഉച്ചഭക്ഷണം പോലും കഴിക്കാൻ അനുവദിക്കാതെ കുട്ടികളെ ഇവിടെനിന്ന് ഒഴിപ്പിക്കാനായിരുന്നു നീക്കം. ഇതിൽ കുട്ടികളും ജീവനക്കാരും പ്രതിഷേധിച്ചു. എന്നാൽ, കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയിട്ടും നടപടിയുമായി മുന്നോട്ടുപോകാനായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കം. തുടർന്ന് വൈകീട്ടോടെ കോടതി ഉത്തരവിന്റെ പകർപ്പ് എത്തിച്ചതോടെയാണ് ഇവർ ഇവിടെനിന്ന് പിരിഞ്ഞുപോകാൻ തയാറായത്.
ഏതു സാഹചര്യത്തിലാണ് കുട്ടികളെ അനാഥാലത്തിൽനിന്ന് മറ്റിടങ്ങളിലേക്ക് മാറ്റുന്നതെന്ന് മധ്യപ്രദേശ് ഹൈക്കോടതി ബെഞ്ച് ചോദിച്ചു. കടുത്ത ശൈത്യത്തിനിടയിലും കോവിഡ്, ഒമിക്രോൺ കേസുകൾ കുതിച്ചുയരുമ്പോഴും കുട്ടികളെ കേന്ദ്രത്തിൽനിന്ന് ഒഴിപ്പിക്കാൻ കാരണമെന്താണെന്ന് വ്യക്തമാക്കണമെന്നും ശിശുക്ഷേമ സമിതിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ രണ്ട് ആഴ്ചയ്ക്കിടെ റിപ്പോർട്ട് നൽകാനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്.
അനാഥാലയത്തിനെതിരെ നേരത്തെ ഹിന്ദുത്വസംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇവിടെ ബീഫ് വിളമ്പുന്നുണ്ടെന്നും കുട്ടികളെ നിർബന്ധിച്ച് ക്രിസ്തുമതത്തിലേക്ക് മാറ്റുന്നുണ്ടെന്നും ആരോപിച്ചായിരുന്നു ഹിന്ദുത്വ കാംപയിൻ.