സിഖുകൾക്കെതിരായ ആക്രമണത്തിന് ആസ്‌ട്രേലിയ നാടുകടത്തിയ ഹരിയാന സ്വദേശിക്ക് നാട്ടിൽ വൻ വരവേൽപ്പ്
ആസ്ട്രേലിയയുടെ സാമൂഹിക ഐക്യം തകർക്കാനുള്ള ഒരു ശ്രമവും വെച്ച് പൊറുപ്പിക്കില്ലെന്ന് വിശാലിനെ നാടുകടത്തിയ വാർത്ത പങ്കുവെച്ച് കൊണ്ട് ആസ്ട്രേലിയൻ മന്ത്രി അലക്സ് ഹോക്ക് ട്വിറ്ററിൽ കുറിച്ചു.
സിഡ്‌നിയിൽ സിഖ് വംശജർക്കെതിരെ നടന്ന അക്രമങ്ങളിൽ ഭാഗമായതിന് ആസ്‌ട്രേലിയ നാടുകടത്തിയ ഹരിയാന സ്വദേശിക്ക് നാട്ടിൽ വൻ വരവേൽപ്പ്. ഇരുപത്തിനാലുകാരനായ വിശാൽ ജൂഡിനാണ് നാട്ടിൽ വൻ വരവേൽപ് ലഭിച്ചത്. നാടുകടത്തപ്പെടുന്നതിന് മുൻപ് വിശാൽ ആസ്‌ട്രേലിയയിൽ ആറ് മാസം ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.
സിഡ്‌നിയിൽ സിഖ് വംശജർക്കെതിരെ നടന്ന അക്രമ പരമ്പരയിൽ പ്രതിചേർത്താണ് കഴിഞ്ഞ ഏപ്രിലിൽ വിശാലിനെ അറസ്റ്റ് ചെയ്തത്. വംശീയാതിക്രമം ഉൾപ്പെടെ അദ്ദേഹത്തിനെതിരെ ചാർത്തിയ എട്ടോളം കുറ്റങ്ങൾ പിന്നീട് ഒഴിവാക്കുകയായിരുന്നുവെന്ന് ആസ്ട്രേലിയൻ മാധ്യമമായ ഇന്ത്യൻ ലിങ്ക് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ത്രിവർണ പതാകയുടെ മഹത്വം ഉയർത്തിപ്പിടിക്കുക മാത്രമാണ് താൻ ചെയ്തതെന്നായിരുന്നു വിശാലിന്റെ വാദം.
ആസ്ട്രേലിയയുടെ സാമൂഹിക ഐക്യം തകർക്കാനുള്ള ഒരു ശ്രമവും വെച്ച് പൊറുപ്പിക്കില്ലെന്ന് വിശാലിനെ നാടുകടത്തിയ വാർത്ത പങ്കുവെച്ച് കൊണ്ട് ആസ്ട്രേലിയൻ മന്ത്രി അലക്സ് ഹോക്ക് ട്വിറ്ററിൽ കുറിച്ചു.
പന്ത്രണ്ട് മാസം ജയിൽ ശിക്ഷ വിധിക്കപ്പെട്ട വിശാൽ ആറ് മാസം കഴിയുമ്പോഴാണ് നാട് കടത്തപ്പെടുന്നത്. വിശാലിൻറെ ജയിൽമോചനത്തിനായി ഇടപെടണമെന്നാവശ്യപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറും കർനാൽ എം.പി സഞ്ജയ് ഭാട്ടിയയും കേന്ദ്രസർക്കാരിനുമേൽ സമ്മർദം ചെലുത്തി വരികയായിരുന്നു.