കിയവില്‍ കര്‍ഫ്യു പിന്‍വലിച്ചു; റെയില്‍ മാര്‍ഗം പടിഞ്ഞാറന്‍ അതിർത്തിയിലെത്താന്‍ ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം

പ്രത്യേക ട്രെയിൻ സർവീസ് യുക്രൈൻ റയിൽവേ ആരംഭിക്കുന്നു എന്നാണ് വിവരം

Update: 2022-02-28 08:08 GMT
Advertising

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കിയവിലെ വാരാന്ത്യ കർഫ്യു അവസാനിച്ചതോടെ പടിഞ്ഞാറൻ പ്രവിശ്യയിലേക്ക് നീങ്ങാൻ ഇന്ത്യക്കാര്‍ക്ക് എംബസി നിർദേശം നൽകി. പ്രത്യേക ട്രെയിൻ സർവീസ് യുക്രൈൻ റയിൽവേ ആരംഭിക്കുന്നു എന്നാണ് വിവരം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കണമെന്നും യാത്രയിൽ വേണ്ട മുൻകരുതലുകള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി.

യുക്രൈനിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കീവിൽ വാരാന്ത്യ കർഫ്യൂ...

Posted by Pinarayi Vijayan on Sunday, February 27, 2022

കേന്ദ്രമന്ത്രിമാരായ ഹർദീക് സിങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജ്ജു, വി കെ സിങ് എന്നീ കേന്ദ്രമന്ത്രിമാര്‍ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി യാത്ര തിരിക്കും. യുക്രൈന്റെ അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ വഴി 15000ത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ഓപറേഷൻ ഗംഗ ലക്ഷ്യമിടുന്നത്. അഞ്ച് വിമാനങ്ങൾ ഇതിനകം രാജ്യത്ത് എത്തി. ബുഡാപെസ്റ്റിൽ നിന്നുള്ള വിമാനം വൈകുന്നേരം ഡൽഹിയിലിറങ്ങും.

ഇന്ന് രാവിലെ ഡൽഹിയിലെത്തിയ മലയാളികൾ എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളിൽ നാട്ടിലേക്ക് മടങ്ങും. മലയാളികളുമായുള്ള വിമാനം കൊച്ചിയില്‍ വൈകീട്ട് 5.20നും തിരുവനന്തപുരത്ത് 8.30നും കോഴിക്കോട് 7.25നും ലാൻഡ് ചെയ്യും.

അഞ്ചാം ദിവസവും യുക്രൈനിൽ റഷ്യയുടെ ആക്രമണം തുടരുകയാണ്. തലസ്ഥാനമായ കിയവിൽ ശക്തമായ ഷെല്ലാക്രമണം നടക്കുന്നു. ബെർദ്യാൻസ്ക് നഗരം റഷ്യ പിടിച്ചെടുത്തു. റഷ്യയും യുക്രൈനും തമ്മിലുള്ള ചർച്ച ഇന്ന് ബെലറൂസ് അതിർത്തിയിൽ നടക്കും.


കിയവ് വളഞ്ഞ് റഷ്യ

കിയവിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. തലസ്ഥാനത്തെ പൂർണമായും റഷ്യൻ സേന വളഞ്ഞിരിക്കുകയാണ്. കിയവിനുള്ളിലേക്ക് ഇന്ധനവും ഭക്ഷണവും എത്തിക്കാനാകുന്നില്ല. വൈദ്യുതി കൂടി നിലച്ചാൽ ലക്ഷങ്ങളുടെ ജീവിതം കൊടുംദുരിതത്തിലാകും. മിക്കവാറും കിഴക്കൻ യൂറോപ്പിലെ എല്ലാ നഗരങ്ങളിലും ആക്രമണം ഉണ്ടായി. സാപ്രൊഷ്യ വിമാനത്താവളത്തിന് സമീപം സ്ഫോടനമുണ്ടായി. ഖാർകിവിലും നിരവധി സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.

ബെർദ്യാൻസ്ക് നഗരം പൂർണമായും റഷ്യയുടെ നിയന്ത്രണത്തിലായി. അടുത്ത 24 മണിക്കൂർ നിർണായകമെന്ന് യുക്രൈൻ പ്രസിഡ്നറ് വ്ളാദിമിർ സെലൻസ്കി പറഞ്ഞു. അതേസമയം ബെലറൂസ് അതിർത്തിയിൽ ഉടൻ ചർച്ച നടക്കും. റഷ്യയുടെയും യുക്രൈന്റെയും പ്രതിനിധികൾ ചർച്ചാ വേദിയിലെത്തിയിട്ടുണ്ട്. ചർച്ചയിൽ വലിയ പ്രതീക്ഷയില്ലെന്നാണ് സെലൻസ്കി പറഞ്ഞത്. റഷ്യന്‍ ആക്രമണത്തില്‍ 14 കുട്ടികൾ ഉൾപ്പെടെ 352 സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ അറിയിച്ചു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News