ഹിന്ദുക്കളും മുസ്‍ലിംകളും ഒത്തൊരുമയോടെ കഴിയുന്നതാണ് ഇന്ത്യൻ പാരമ്പര്യം -അമർതൃാ സെൻ
‘ഹിന്ദുക്കളും മുസ്‍ലിംകളും കാലങ്ങളായി ഐക്യത്തോടെ പ്രവർത്തിക്കുന്നുവെന്നത് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും’
കൊൽക്കത്ത: ഹിന്ദുക്കളും മുസ്‍ലിംകളും ഒത്തൊരുമയോടെ പ്രവർത്തിക്കുകയും ഒരുമിച്ച് ജീവിക്കുകയും ചെയ്യുന്ന പാരമ്പര്യമാണ് ഇന്ത്യയുടേതെന്ന് നൊബേൽ സമ്മാന ജേതാവും സാമ്പത്തിക വിദഗ്ധനുമായ അമർതൃാ സെൻ. അധഃസ്ഥിത യുവാക്കൾക്കിടയിൽ വായനാശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ അലിപൂർ ജയിൽ മ്യൂസിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഹിന്ദുക്കളും മുസ്‍ലിംകളും കാലങ്ങളായി തികഞ്ഞ ഏകോപനത്തിലും സമന്വയത്തിലും ഐക്യത്തോടെയും പ്രവർത്തിക്കുന്നുവെന്ന് നമ്മുടെ രാജ്യത്തിന്റെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. ഇതാണ് ക്ഷിതിമോഹൻ സെൻ തന്റെ പുസ്തകത്തിൽ ഊന്നിപ്പറയുന്ന ‘ജുക്തോസാധന’. നമ്മുടെ ഇന്നത്തെ കാലത്ത് ‘ജുക്തോസാധന’ എന്ന ഈ ആശയത്തിന് ഊന്നൽ നൽകേണ്ടതുണ്ട്’ -അദ്ദേഹം പറഞ്ഞു.
‘രാഷ്ട്രീയത്തിലും സാമൂഹിക പ്രവർത്തനത്തിലും കലയിലുമെല്ലാം ‘ജുക്തോസാധന’ പ്രകടമാണ്. നിങ്ങൾക്ക് ഉസ്താദ് അലി അക്ബർ ഖാനെയും പണ്ഡിറ്റ് രാവി ശങ്കറിനെയും അവരുടെ മതപരമായ വ്യക്തിത്വത്താൽ വേർതിരിക്കാനാകുമോ? ശാസ്ത്രീയ സംഗീതത്തിന്റെ സ്വന്തം കലാരൂപത്തിൽനിന്നാണ് അവരെ വേർതിരിക്കാൻ കഴിയുക’-സെൻ പറഞ്ഞു.
‘മതസഹിഷ്ണുത എന്നത് കേവലം മറ്റു സമുദായത്തെ ജീവിക്കാൻ അനുവദിക്കൽ മാത്രമല്ല, ആരെയും മർദിക്കാനും പാടില്ല. ആളുകളെ തല്ലിക്കൊല്ലുന്നതിനാൽ ഇന്നത്തെ സാഹചര്യത്തിൽ മതസഹിഷ്ണുത അനിവാര്യതയായി മാറിയിട്ടുണ്ട്. എന്നാൽ, ഏറ്റവും പ്രധാനപ്പെട്ടത് ഒരുമിച്ച് പ്രവർത്തിക്കുക എന്നതാണ്’ -അദ്ദേഹം വ്യക്തമാക്കി.
‘വിഭജനത്തിന്റെ വിഷാംശങ്ങൾ കുട്ടികളെ ബാധിക്കാത്തതിനാൽ അവരിൽ സഹിഷ്ണുതയുടെ മൂല്യങ്ങൾ വളർത്തേണ്ടതില്ല. അവരുടെ മനസ്സിനെ വിഷലിപ്തമാക്കുന്ന ‘മോശം വിദ്യാഭ്യാസത്തിൽനിന്ന്’ അകറ്റി നിർത്തി സുഹൃത്തുക്കളായി വളരാൻ അനുവദിക്കുകയാണ് വേണ്ടത്’-സെൻ പറഞ്ഞു.
ഇന്ത്യയുടെ ബഹുസ്വര സ്വഭാവത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി. ‘ഉപനിഷത്തുകൾ ഫാർസിയിലേക്ക് വിവർത്തനം ചെയ്ത ചുരുക്കം ആളുകളിൽ ഉൾപെട്ടതാണ് മുംതാസിന്റെ മകൻ ദാര ഷിക്കോ. ഹിന്ദു ഗ്രന്ഥങ്ങളിലും സംസ്കൃത ഭാഷയിലും അദ്ദേഹത്തിന് നല്ല അറിവുണ്ടായിരുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്. എന്നാൽ, ഇപ്പോൾ മുംതാസ് ബീഗത്തിന്റെ ഓർമക്കായി നിർമിച്ച, നമ്മുടെ അഭിമാനവും നിധിയുമായ താജ്മഹലിനെതിരെ രണ്ട് ചിന്താധാരകൾ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നുണ്ട്. താജ്മഹൽ മനോഹരവും മഹത്വപൂർണവുമാണെന്ന അഭിപ്രായത്തിനെതിരെയാണ് ഒരു ചിന്താധാര. ഒരു മുസ്‍ലിം ഭരണാധികാരിയുമായി ബന്ധം ഉണ്ടാകാതിരിക്കാൻ ഈ സ്മാരകത്തിന്റെ പേര് മാറ്റണമെന്നാണ് മറ്റൊരു ചിന്താധാര’ -അമർത്യാ സെൻ കൂട്ടിച്ചേർത്തു.
രാജ്യത്ത് നടമാടുന്ന ഹിന്ദുത്വ വിദ്വേഷ പ്രചാരണങ്ങൾക്കും വർഗീയതക്കുമെതിരെ നിരന്തരം സംസാരിക്കുന്ന വ്യക്തിയാണ് അമർത്യാ സെൻ. ഇന്ത്യ ഹിന്ദുരാഷ്ട്രമല്ലെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് തെളിയിച്ചെന്ന് കഴിഞ്ഞമാസം അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഗാന്ധിയുടെയും ടാഗോറിന്റെയും നേതാജിയുടെയും രാജ്യത്തെ ഹിന്ദുരാഷ്ട്രമായി ചിത്രീകരിക്കാന്‍ രാമക്ഷേത്രം നിര്‍മിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുന്നത് ശരിയല്ല. ഇന്ത്യ ഹിന്ദുരാഷ്ട്രമല്ലെന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഓരോ തെരഞ്ഞെടുപ്പിനുശേഷവും മാറ്റം കാണാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍. വിചാരണ കൂടാതെ ആളുകളെ തടവിലിടുന്നതും ദരിദ്രരും ധനികരും തമ്മിലുള്ള വിടവ് വിപുലമാകുന്നതും ഉള്‍പ്പെടെ മുമ്പ് (ബി.ജെ.പി സര്‍ക്കാരുകളില്‍) സംഭവിച്ചതെല്ലാം ഇപ്പോഴും ആവര്‍ത്തിക്കുകയാണ്. അതിന് ഒരു അന്ത്യമുണ്ടാകണം.'-അമര്‍ത്യാ സെന്‍ പറഞ്ഞു.
ഇന്ത്യ ഒരു മതേതര ഭരണഘടനയുള്ള മതേതര രാജ്യമാണ്. ഇവിടെ രാഷ്ട്രീയമായി തുറന്ന മനസുള്ളവരാവണം എല്ലാവരും. ഇന്ത്യയെ ഹിന്ദുരാജ്യമാക്കുന്നത് ശരിയല്ല. പുതിയ കേന്ദ്ര മന്ത്രിസഭ മുൻ മന്ത്രിസഭയുടെ തനിപ്പകര്‍പ്പ് തന്നെയാണ്. ഒരേ വകുപ്പുകള്‍ തന്നെ മന്ത്രിമാര്‍ കൈയില്‍വച്ചിരിക്കുന്നു. ചെറിയ പുനഃസംഘടന ഒഴിച്ചുനിര്‍ത്തിയാല്‍ രാഷ്ട്രീയമായി പ്രബലരായുള്ളവരെല്ലാം കരുത്തരായി തന്നെ തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഞാന്‍ യുവാവായിരുന്ന സമയത്ത് എന്റെ അമ്മാവന്മാരും അനന്തരവന്മാരുമെല്ലാം വിചാരണ കൂടാതെ ജയിലില്‍ കഴിയുകയായിരുന്നു. ഇതില്‍നിന്നെല്ലാം ഇന്ത്യ സ്വതന്ത്രമാകുമെന്നാണു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. അതിന് അന്ത്യമുണ്ടാക്കാത്തതിന്റെ കുറ്റം കോണ്‍ഗ്രസിനുമുണ്ട്. അവര്‍ അതു മാറ്റാന്‍ നോക്കിയില്ല. എന്നാല്‍, നിലവിലെ സര്‍ക്കാരിനു കീഴില്‍ ഇതൊരു സ്ഥിരം പരിപാടിയായി മാറിയിരിക്കുകയാണെന്നും അമര്‍ത്യാ സെന്‍ വിമർശിച്ചിരുന്നു.