എച്ച് 3 എൻ 2 ബാധിച്ച് രാജ്യത്ത് രണ്ട് മരണം; ഇന്ത്യയിൽ ഇതാദ്യം

കേരളത്തിൽ രോഗവ്യാപനമില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്

Update: 2023-03-10 10:37 GMT
Editor : afsal137 | By : Web Desk
Advertising

ന്യൂഡൽഹി: എച്ച് 3 എൻ 2 ബാധിച്ച് രാജ്യത്ത് രണ്ട് മരണം റിപ്പോർട്ട് ചെയ്തു. ഹരിയാനയിലും കർണാടകയിലുമാണ് മരണം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 90 പേർക്ക് എച്ച് 3 എൻ 2 വൈറസ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കർണാടകയിലെ ഹാസനിൽ 82 വയസ്സുള്ള ഹിരേ ഗൗഡയാണ് രാജ്യത്ത് രോഗം ബാധിച്ച്  ആദ്യം മരിച്ചത്. അതേസമയം, കേരളത്തിൽ രോഗവ്യാപനമില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. 

ഹിരേ ഗൗഡയ്ക്ക് രക്ത സമ്മർദ്ദമുണ്ടായിരുന്നുവെന്നും പ്രമേഹരോഗിയാണെന്നും റിപ്പോർട്ടുണ്ട്. എട്ട് പേർക്ക് എച്ച്1 എൻ1 ബാധയും രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്ത് പനി ബാധിതരുടെ എണ്ണം വർധിച്ചിരിക്കുകയാണ്. 'ഹോങ്കോംഗ് ഫ്‌ലൂ' എന്ന് അറിയപ്പെടുന്ന H3N2 വൈറസ് മൂലമാണ് മിക്ക അണുബാധകളും ഉണ്ടാകുന്നത്. ഈ വൈറസ് രാജ്യത്തെ മറ്റ് ഇൻഫ്‌ലുവൻസ ഉപവിഭാഗങ്ങളെ അപേക്ഷിച്ച് കൂടുതൽ അപകടകാരിയാണെന്നാണ് വിലയിരുത്തൽ.

ഇന്ത്യയിൽ ഇതുവരെ H3N2, H1N1 അണുബാധകൾ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. കോവിഡിന് സമാനമായ ലക്ഷണങ്ങളാണ് ഇവയ്ക്കുമുള്ളത്. കഴിഞ്ഞ രണ്ട് വർഷത്തിന് ശേഷം വർധിച്ചുവരുന്ന പനികളിൽ കടുത്ത ആശങ്കയാണുള്ളത്. വിട്ടുമാറാത്ത ചുമ, പനി, വിറയൽ, ശ്വാസതടസ്സം, ശ്വാസംമുട്ടൽ എന്നിവയാണ് ലക്ഷണങ്ങൾ. ഓക്കാനം, തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന്നിവയും രോഗികളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ ലക്ഷണങ്ങൾ ഒരാഴ്ചയോളം നിലനിൽക്കും.

വൈറസിന് വ്യാപന ശേഷിയുണ്ടെന്നും ചുമ, തുമ്മൽ, രോഗബാധിതനുമായുള്ള അടുത്ത സമ്പർക്കം എന്നിവയിലൂടെ രോഗം പടരുമെന്നും വിദഗ്ധാഭിപ്രായമുണ്ട്. കോവിഡ് സമയത്ത് പുലർത്തിയ ജാഗ്രത അതേപടി പാലിക്കണമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും പൊത്തണമെന്നും കണ്ണുകളിലും മൂക്കിലും തൊടുന്നത് ഒഴിവാക്കണമെന്നും പനിക്കും ശരീരവേദനയ്ക്കും പാരസെറ്റമോൾ കഴിക്കണമെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നിർദേശിച്ചു. പ്രതിരോധശേഷി കുറഞ്ഞ ആളുകൾക്ക് പുറമെ, മുതിർന്നവരിലും കുട്ടികളിലും അണുബാധ കഠിനമായേക്കാം.

അണുബാധ ബാക്ടീരിയയാണോ എന്ന് സ്ഥിരീകരിക്കുന്നതിന് മുമ്പ് രോഗികൾക്ക് ആന്റിബയോട്ടിക്കുകൾ നിർദേശിക്കരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അടുത്തിടെ ഡോക്ടർമാരോട് അഭ്യർത്ഥിച്ചു. കാരണം അവർക്ക് പ്രതിരോധശേഷി വികസിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

എന്നാൽ കേരളത്തിൽ എച്ച് 3 എൻ 2 വൈറസ് കൂടുന്നതായി കണക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നേരത്തെ വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻകരുതലെടുക്കാൻ നേരത്തെ തന്നെ നിർദേശം നൽകിയതുമാണ്. സാമ്പിളുകള്‍ കൃത്യമായി പരിശോധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു .

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News