ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം-എസ് 3 വിക്ഷേപിച്ചു
പ്രാരംഭ് എന്ന് പേരിട്ടിരിക്കുന്ന സ്‌കൈറൂട്ട് എയ്റോസ്പേസിന്റെ പ്രഥമ ദൗത്യമാണിത്
ശ്രീഹരിക്കോട്ട: ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം-എസ് 3 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം നടന്നത്. ബഹിരാകാശ ഗവേഷണരംഗത്ത് തന്നെ വലിയ മുന്നേറ്റമായാണ് വിക്ഷേപണം വിലയിരുത്തുന്നത്.
പ്രാരംഭ് എന്ന് പേരിട്ടിരിക്കുന്ന സ്‌കൈറൂട്ട് എയ്റോസ്പേസിന്റെ പ്രഥമ ദൗത്യമാണിത്. രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്രം എസ് 3 വിക്ഷേപിക്കുന്നത് പുതുചരിത്രം കുറിക്കാനാണ്. 2018ൽ തുടങ്ങിയ കമ്പനി ഐഎസ്ആർഒയുടെ സഹകരണത്തോടെയാണ് റോക്കറ്റ് നിർമിച്ചിരിക്കുന്നത്. ചെന്നൈ ആസ്ഥാനമായുള്ള എയ്റോ സ്പേസ് സ്റ്റാർട്ടപ്പായ സ്പേസ് കിഡ്സ്,ആന്ധ്രാപ്രദേശ് ആസ്ഥാനമായുള്ള എൻ -സ്പേസ്ടെക്,അർമേനിയൻ ബസൂംക്യൂ സ്പേസ് റിസർച്ച് എന്നിവയുടെ ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിക്കുന്നത്.
ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കുന്ന റോക്കറ്റിൽ ഇന്ത്യ, യുഎസ്, സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ വിദ്യാർഥികൾ വികസിപ്പിച്ച 2.5 കിലോഗ്രാം ഭാരമുള്ള ഫൺ സാറ്റും ഉൾപ്പെടും. നാല് വർഷം മുൻപാണ് സ്‌കൈറൂട്ട് എന്ന സ്റ്റാർട്ടപ്പിന് ഹൈദരാബാദിൽ തുടക്കമായത്.
പരീക്ഷണവിക്ഷേപം വിജയിച്ചാൽ കൂടുതൽ കരുത്തോടെ വിക്രം വൺ അടുത്ത വർഷത്തോടെ എത്തിക്കാനും ആലോചനയുണ്ട്. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് വിക്രം സാരാഭായിയോടുള്ള ആദരസൂചകമായാണ് വിക്ഷേപണവാഹനത്തിന് വിക്രം എസ് എന്ന് പേരിട്ടിരിക്കുന്നത്.