ഇന്ത്യയുടെ ലക്ഷ്യം മാലിന്യമുക്ത ബഹിരാകാശ ദൗത്യം: ഐ.എസ്.ആർ.ഒ ചെയർമാൻ എസ് സോമനാഥ്
ഇന്ത്യ പുതിയ ബഹിരാകാശനയം 2025 ഓടെ നടപ്പിലാക്കും
ബംഗളൂരു: 2030 ഓടെ മാലിന്യങ്ങളില്ലാത്ത ബഹിരാകാശ ദൗത്യങ്ങൾ കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ് സോമനാഥ്. 42ാമത് ഐ.എ.ഡി.സി വാർഷികയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈന,കാനഡ,ജർമനി തുടങ്ങി 13 രാജ്യങ്ങളാണ് കമ്മിറ്റിയിലുള്ളത്. മുഴുവൻ അംഗരാജ്യങ്ങളും യോഗത്തിൽ പങ്കെടുത്തു.
ശാസ്ത്ര വിഭാഗത്തിന്റെ സഹകരണത്തോടെ ഇന്ത്യ പുതിയ ബഹിരാകാശനയം 2025 ഓടെ നടപ്പിലാക്കുകയും എല്ലാ വർഷവും ഏപ്രിലിൽ പുരോഗതി വിലയിരുത്തുകയും ചെയ്യും.
''ഭാവിയിൽ മനുഷ്യർ എന്തായാലും ബഹിരാകാശത്തേക്ക് സഞ്ചരിക്കും.ബഹിരാകാശത്ത് മുഴുവൻ മാലിന്യങ്ങളാണെങ്കിൽ ഈ സഞ്ചാരം സാധ്യമല്ല. പേടകത്തിന്റെ ഒരു പൊട്ടിയ ഭാഗത്തിന് പോലും മനുഷ്യനെ കൊല്ലാൻ സാധിക്കും. അതിവേഗത്തിൽ സഞ്ചരിക്കുന്ന ഈ മാലിന്യങ്ങളെ നിയന്ത്രിക്കാൻ നമുക്ക് സാധിക്കില്ല. നമ്മുടെ തത്വം ലോകം മുഴുവൻ അംഗീകരിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. പുതിയ നയം സൃഷ്ടിക്കുന്നതിന്റെ ആവശ്യകത അറിയുന്നതിനാലാണ് മുഴുവൻ അംഗരാജ്യങ്ങളും ഇവിടെ ഒത്തുചേർന്നിട്ടുള്ളത്. അദ്ദേഹം പറഞ്ഞു.