ഫലസ്തീൻ പ്രശ്‌നത്തിൽ കേന്ദ്ര സർക്കാരിന് ആശയക്കുഴപ്പം; ഇന്ത്യ എല്ലാ കാലവും നിന്നത് ഫലസ്തീനൊപ്പം: ശരദ് പവാർ
ഫലസ്തീനിൽ ആയിരക്കണക്കിന് ആളുകൾ മരിച്ചുകൊണ്ടിരിക്കുകയാണെന്നും ഇസ്രായേലിനെ ഒരുകാലത്തും ഇന്ത്യ പിന്തുണച്ചിട്ടില്ലെന്നും പവാർ പറഞ്ഞു.
ന്യൂഡൽഹി: ഫലസ്തീൻ പ്രശ്‌നത്തിൽ കേന്ദ്ര സർക്കാരിന് ആശയക്കുഴപ്പമെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. മുമ്പുള്ള സർക്കാരുകളിൽ ഈ ആശയക്കുഴപ്പം കണ്ടിട്ടില്ലെന്നും ഫലസ്തീന് അനുകൂലമായ നിലപാടാണ് എല്ലാ കാലത്തും ഇന്ത്യ സ്വീകരിച്ചിരുന്നതെന്നും പവാർ പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിൽനിന്ന് ഭിന്നമായ നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്രായേൽ-ഫലസ്തീൻ യുദ്ധത്തെക്കുറിച്ചുള്ള യു.എൻ പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നതിൽ പ്രതികരിക്കുകയായിരുന്നു പവാർ.
ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണം ഞെട്ടിച്ചുവെന്ന് പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. ഒക്ടോബർ 10ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ച മോദി ഇസ്രായേലിന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടണമെന്ന ഇന്ത്യയുടെ ദീർഘകാല നിലപാടിൽ മാറ്റമില്ലെന്നായിരുന്നു ഒക്ടോബർ 12ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി പ്രതികരിച്ചത്.
ഫലസ്തീൻ അനുകൂല നിലപാട് തിരുത്തിയ കേന്ദ്ര സർക്കാർ നടപടിയെ പവാർ വിമർശിച്ചു. അവിടെ ആയിരക്കണക്കിന് ആളുകൾ മരിച്ചുകൊണ്ടിരിക്കുകയാണെന്നും ഇസ്രായേലിനെ ഒരുകാലത്തും ഇന്ത്യ പിന്തുണച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും ഇന്ത്യയുടെ ഇസ്രായേൽ അനുകൂല നിലപാടിനെ പവാർ വിമർശിച്ചിരുന്നു. ഇസ്രായേലിനൊപ്പം നിൽക്കുന്ന പ്രധാനമന്ത്രിയുടെ നിലപാട് ദൗർഭാഗ്യകരമാണെന്നായിരുന്നു അന്ന് പവാർ പറഞ്ഞത്. ആ ഭൂമിയുടെ യഥാർഥ ഉടമസ്ഥരായ ഫലസ്തീനികൾക്കൊപ്പമാണ് എല്ലാ കാലത്തും ഇന്ത്യ നിന്നിരുന്നതെന്നും പവാർ പറഞ്ഞിരുന്നു.